ഒക്ലഹോമയില്‍ വധശിക്ഷ ഇനി നൈട്രജന്‍ ശ്വസിപ്പിച്ച്; നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷ എങ്ങനെ?

ഒക്ലഹോമ: യുഎസ് സംസ്ഥാനമായ ഒക്ലഹോമയില്‍ ഇനി മുതല്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കാമെന്ന് അധികൃതര്‍.ഇനിയുള്ള വധശിക്ഷകള്‍ നൈട്രജന്‍ ഉപയോഗിച്ച് നടപ്പിലാക്കുമെന്ന് ബുധനാഴ്ച്ചയാണ് അധികൃതര്‍ വ്യക്തമാക്കിയത്. നടപ്പിലായാല്‍ നൈട്രജന്‍ ഗാസ് വധശിക്ഷയ്ക്കായി ഉപയോഗിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാവും ഒക്ലഹോമ.

എങ്ങനെ നടപ്പിലാക്കണമെന്ന തീരുമാനത്തില്‍ വ്യക്തത വരുത്തുന്നതോടെ ഒക്ലഹോമയില്‍ വധശിക്ഷ നൈട്രജന്‍ ഗാസ് ഉപയോഗിച്ചായിരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ലഹോമയില്‍ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പരസ്യ പ്രഖ്യാപനമുണ്ടാവുന്നത്. മൂന്ന് വര്‍ഷമായി ഒക്ലഹോമയില്‍ വധശിക്ഷ നടപ്പിലാക്കിയിട്ട്. ലീതല്‍ ഇന്‍ജക്ഷനിലൂടെയാണ്(വിഷം കുത്തിവെച്ച്) ഇത്രനാളും ഇവിടെ വധശിക്ഷ നടപ്പിലാക്കിയത്. എന്നാല്‍ 2015ല്‍ അവസാനത്തെ വധശിക്ഷ നടപ്പിലാക്കിയത് നിരവധി വിമര്‍ശനങ്ങള്‍ക്കിട വരുത്തി. വിഷം കുത്തിവെച്ച ശേഷം ജയില്‍പ്പുള്ളി പിടഞ്ഞാണ് മരിച്ചതെന്നും അതിദാരുണമായിരുന്നു അന്ത്യരംഗങ്ങളെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് വധശിക്ഷ ഒക്ലഹോമയില്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചത്.

മരുന്ന് കമ്പനികള്‍ തങ്ങളുടെ ഉത്പന്നം നല്‍കാന്‍ വിസമ്മതിക്കുന്നതും വിഷം കുത്തിവെച്ചുള്ള മരണത്തിന് വിലങ്ങുതടിയാവുന്നുണ്ട്. വധശിക്ഷയ്ക്കുപയോഗിക്കുന്നു എന്ന ചീത്തപ്പേര് തങ്ങളുടെ ഉത്പന്നത്തിന് വരുമെന്നതാണ് ഇവരെ പിന്നോട്ട് വലിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് സംസ്ഥാനത്തെ പ്രേരിപ്പിക്കുന്നത്. നിലവില്‍ 16 പേര്‍ ഒക്ലഹോമയില്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്.

അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമാണ് നൈട്രജന്‍. അതായത് അന്തരീക്ഷത്തില്‍ 78 ശതമാനമാണ് നൈട്രജന്റെ അളവ്. തോത് കൂടുതലാണെങ്കിലും ഓക്സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഇതാണ് വധശിക്ഷ നടപ്പാക്കുന്നതിനായി ഒക്ലഹോമ പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുന്നത്. നൈട്രജന്‍ അസ്ഫിക്‌സിയേഷന്‍ എന്നാണ് ഈ ശ്വാസം മുട്ടല്‍ അവസ്ഥയ്ക്ക് പറയുന്നത്.

ശരീരത്തിന് ഓക്സിജന്‍ ലഭ്യമാവാത്തതിനൊപ്പം കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് രക്തത്തില്‍ കൂടുന്നതുകൊണ്ടാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്. ശുദ്ധമായ നൈട്രജന്‍ ശ്വസിക്കുമ്പോള്‍ ശരീരത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുമെങ്കിലും ഓക്സിജന്‍ ലഭ്യമാവുകയില്ല. നിറവും മണവും സ്വാദുമില്ലാത്ത വാതകമാണ് നൈട്രജന്‍. ശ്വസിക്കുന്നയാള്‍ക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ലത്രേ. ഇതുകാരണം അസ്വസ്ഥതയില്ലാതെ തന്നെ ജീവവായുവിന്റെ അഭാവത്തില്‍ മരണം സംഭവിക്കുമെന്നതാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയുടെ അടിസ്ഥാന തത്വം.

ശുദ്ധമായ നൈട്രജന്‍ ഒന്നോ രണ്ടോ തവണ അകത്തേയ്ക്ക് എടുക്കുമ്പോഴേക്കും ശ്വാസകോശത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറയുകയും തുടര്‍ന്ന് രക്തത്തില്‍ നിന്നും ഓക്സിജന്‍ കുറേശ്ശെയായി ശ്വാസകോശത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും. ദ്രുതഗതിയിലാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തില്‍ പുറന്തള്ളല്‍ ആരംഭിച്ചാല്‍ വെറും മൂന്ന് മിനിട്ടിനുള്ളില്‍ രക്തത്തിലെ ഓക്സിജന്റെ അളവ് പൂജ്യം ശതമാനം ആവുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

നൈട്രജന്‍ ശ്വാസകേശത്തിലേക്ക് പ്രവേശിച്ച് ഓക്സിജന്‍ സഞ്ചാരം തടസപ്പെട്ടാല്‍ ഒന്നര മിനുട്ടിനുള്ളില്‍ വ്യക്തി അബോധാവസ്ഥയിലേക്ക് വീഴാം. ഓക്സിജന്റെ അളവ് കുറയും തോറും അബോധാവസ്ഥയിലാവുന്ന വേഗതയ്ക്കും മരണത്തിലേക്കുള്ള ദൈര്‍ഘ്യവും കുറയും. അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് 4 മുതല്‍ 6% വരെയാണെങ്കില്‍ 40 സെക്കന്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയും ഏതാനം മിനിട്ടുകള്‍ക്കുള്ളില്‍ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം.

അബോധാവസ്ഥയ്ക്കൊപ്പം ചിലപ്പോള്‍ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട.് അബോധാവസ്ഥയുണ്ടാകുന്നതിനു പിറകേ ശരീരം നീലിക്കുകയും ഹൃദയം സ്തംഭിക്കുകയും ചെയ്യും. 7 മിനിട്ടോളം ഓക്സിജന്‍ ലഭിക്കാതെവന്നാല്‍ മസ്തിഷ്‌കത്തിന്റെ കോര്‍ട്ടക്സിലെയും മെഡുല്ല ഒബ്ലാംഗറ്റയിലെയും (ഈ ഭാഗമാണ് ശ്വസനവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്നത്) കോശങ്ങള്‍ നിര്‍ജീവമാവും. ഇതോടെ മസ്തിഷ്‌കമരണം സംഭവിച്ചതായി കണക്കാക്കാം.

നൈട്രജന്‍ ശ്വസിക്കേണ്ടി വരുമ്പോള്‍ ചിലര്‍ക്ക് തലവേദന, തലകറക്കം, ക്ഷീണം, ഓക്കാനം, മതിഭ്രമം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രാഥമിക ലക്ഷണമായി കണ്ടേക്കാം. എന്നാല്‍ ചിലര്‍ക്ക് യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും പ്രകടമാവാതെ അബോധാവസ്ഥയിലേക്ക് എത്തിയേക്കാം. ഓക്സിജന്‍ അളവ് കുറഞ്ഞ പ്രദേശങ്ങളുമായി ഇടപഴകേണ്ടി വരുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ പരിഗണിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്. എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ മുന്നറിവില്ലാതെ അബോധാവസ്ഥയുണ്ടാകാനാണ് സാധ്യത.

https://www.youtube.com/watch?v=szTTsuORmno

 

ഡികെ

Share this news

Leave a Reply

%d bloggers like this: