തിരുവനന്തപുരത്ത് അയര്‍ലണ്ട് വനിതയുടെ തിരോധാനം: അന്വേഷണം ആവശ്യപ്പെട്ട് സഹോദരി കോടതിയിലേക്ക്

തിരുവനന്തപുരത്ത് വച്ച് അയര്‍ലണ്ട് സ്വദേശിനിയെ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയുടെ സഹോദരി കോടതിയിലേക്ക്. ഡബ്ലിന്‍ സ്വദേശിനി ലീഗയെയാണ് കണാതായിരിക്കുന്നത്. യുവതിയെ കണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തിനാലാണ് ഒപ്പമുണ്ടായിരുന്ന സഹോദരി ഇല്‍സ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഡിജിപിക്ക് അടക്കം ഇതിനകം ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം 14 നാണ് പോത്തന്‍കോട്ട് ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ ലീഗയെ കാണാതാകുന്നത്. ഭര്‍ത്താവിനും സഹോദരിക്കുമൊപ്പമായിരുന്നു ലീഗ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് കാണാതാകുന്നത്. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളെല്ലാം മുറിയില്‍ വച്ചശേഷമാണ് ലീഗ പോയത്. കോവളത്തേക്ക് ഓട്ടോറിക്ഷയിലായിരുന്നു പുറപ്പെട്ടത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ലീഗയെന്ന് സഹോദരി പറയുന്നു.

ലീഗയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ലീഗയുടെ തിരോധാന കേസ് അന്വേഷിക്കാന്‍ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചു. ബന്ധുക്കള്‍ സ്വന്തം നിലയക്കും അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെ ലീഗയെ ഗോവയിലുണ്ടെന്ന സൂചന ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടായില്ല. പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞദിവസം കോവളം ബീച്ചില്‍ കടലിലും തെരച്ചില്‍ നടത്തിയിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയൊന്നുമില്ലാത്ത സാഹചര്യത്തിലാണ് സഹോദരി ഇല്‍സ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനൊരുങ്ങുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: