ആന്റി ബയോട്ടിക്സുകളെ പ്രതിരോധിക്കുന്ന സൂപ്പര്‍ ബഗ്ഗുകള്‍ വ്യാപകമാവുന്നു; ഏഷ്യയില്‍ പ്രതിരോധ മരുന്ന് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്.

വാഷിങ്ടണ്‍: ആന്റി ബയോട്ടിക്സുകളുടെ ഉപയോഗം ആഗോള തലത്തില്‍ വന്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി ശാസ്ത്ര ലോകം. 2000 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രോഗ പ്രതിരോധ മരുന്നുകളുടെ ഉപയോഗത്തില്‍ 65 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് 76 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ പ്രതിരോധ മരുന്നുകള്‍ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ വന്‍ തോതില്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ഏഷ്യയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആന്റി ബയോട്ടിക്‌സ് ഉപയോഗം അളവില്‍ കൂടുതല്‍ വര്‍ധിച്ചതായും കണ്ടെത്തി. ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിങ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ആന്റി ബയോട്ടിക്‌സ് ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രോഗപ്രതിരോധ മരുന്നുകള്‍ നിരന്തരമായി ഉപയോഗിക്കുന്നവരില്‍ ഇതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വൈറസുകളും ബാക്ടീരിയകളും രോഗിയെ മരണത്തിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

ആഗോള തലത്തില്‍ ഇത്തരത്തിലുള്ള സൂപ്പര്‍ബഗ്ഗുകളുടെ വളര്‍ച്ച ത്വരിതഗതിയില്‍ നടക്കുന്നതായി ഗവേഷക സംഘം ഓര്‍മ്മിപ്പിക്കുന്നു. പ്രതിരോധ മരുന്നുകള്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിച്ച് ശരീരത്തിന്റെ പ്രതിരോധ സംവിധാനം സംരക്ഷിക്കാം. എന്നാല്‍ സ്ഥിരമായുള്ള ഉപയോഗം സ്വാഭാവിക പ്രതിരോധത്തെ ഇല്ലാതാക്കും. 2014 മുതല്‍ 2016 വരെ യു.കെയില്‍ 7, 00, 000 പേരുടെ മരണത്തിന് കാരണമായത് ഇത്തരത്തിലുള്ള സൂപ്പര്‍ബഗ്ഗുകളാണെന്നും ഗവേഷകര്‍ കണ്ടെത്തി.

ഡികെ

Share this news

Leave a Reply

%d bloggers like this: