ഡബ്ലിന്‍ നഗര പരിധിയില്‍ ഡിസ്‌പോസിബിള്‍ കോഫി കപ്പുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത കോഫീ കപ്പുകള്‍ക്ക് സിറ്റി കൗണ്‍സില്‍ നിരോധനം ഏര്‍പ്പെടുത്തി. കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളിലും പാര്‍ക്കുകളിലും നിരോധനം ബാധകമായിരിക്കും. കൗണ്‍സിലിലെ ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍ ക്ലയര്‍ ബെയ്നിന്റെ ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനവുമായി കൗണ്‍സില്‍ മുന്നോട്ടു പോകുന്നത്.

മാര്‍ക്കറ്റുകളിലും കോഫീ ഷോപ്പുകളിലും നിരോധനം നിലവില്‍ വരും. യൂണിയന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന രാജ്യം അയര്‍ലന്‍ഡ് ആണ്. 2030 ആവുന്നതോടെ സിംഗിള്‍ യൂസ് കോഫീ കപ്പുകള്‍ പൂര്‍ണ്ണമായും നിരോധിക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. പുനരുപയോഗിക്കാന്‍ കഴിയാത്ത കപ്പുകള്‍ മാത്രം പരിഗണിച്ചാല്‍ 26 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓരോ വര്‍ഷവും യൂറോപ്യന്‍ വന്‍കരയില്‍ കുന്നുകൂടുന്നത്.

പ്രതിവര്‍ഷം ഓരോ അയര്‍ലണ്ടുകാരും 61 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തള്ളിവിടുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രശസ്തി ചൂണ്ടിക്കാട്ടിക്കൊണ്ട് അയര്‍ലണ്ടില്‍ ഗ്രീന്‍ പാര്‍ട്ടി ഇതര പരിസ്ഥിതി സംഘടനകളുമായി ചേര്‍ന്ന് ബോധവത്കരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഡബ്ലിന്‍ നഗരസഭ കൈക്കൊണ്ട തീരുമാനം രാജ്യത്തെ മുഴുവന്‍ നഗരസഭകളും പിന്തുടര്‍ന്നാല്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമെന്ന് ഗ്രീന്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടു.

യൂറോപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങുന്ന ചൈന ബിസിനസ്സ് നിര്‍ത്തിയതോടെ യൂറോപ്പില്‍ തന്നെ റീസൈക്കളിംഗ് പ്ലാന്റുകള്‍ നിര്‍മ്മിച്ച് മാലിന്യങ്ങള്‍ സംസ്‌കരിക്കേണ്ടി വരും. ഗാര്‍ഹിക അവശിഷ്ടങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും വെയ്സ്റ്റ് കമ്പനികള്‍ ശേഖരിച്ച് കയറ്റി അയക്കുകയായിരുന്നു പതിവ്. ചൈന പ്ലാസ്റ്റിക് വാങ്ങുന്നത് നിര്‍ത്തലാക്കിയതോടെ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ബിന്‍ ചാര്‍ജ്ജുകളും കുത്തനെ ഉയര്‍ന്നിരുന്നു. ഇതോടെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്.

അനധികൃതമായി നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സിറ്റി കൗണ്‍സിലുകള്‍ ലക്ഷക്കണക്കിന് യൂറോ ആണ് ചെലവിടുന്നത്. ഈ ചെലവ് കൗണ്‍സിലുകള്‍ നേരിട്ട് വഹിക്കേണ്ടി വരുന്നത് വന്‍ ബാധ്യതയാണ് നഗരസഭകള്‍ക്ക് മുകളില്‍ അടിച്ചേല്പിക്കപ്പെടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവിടേണ്ട തുകയാണ് ഇത്തരത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ആദ്യം കോഫീ കപ്പുകള്‍ക്കും പിന്നീട് അനാവശ്യ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താനാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ലക്ഷ്യം വെയ്ക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: