ബോംബൈ എന്ന് എഴുതിയത് ബോംബ് ആയി ചുരുങ്ങി, പൊല്ലാപ്പായി ഒരു ബാഗും യാത്രക്കാരിയും

ന്യൂഡല്‍ഹി: ബുധനാഴ്ച രാവിലെ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ വിമാനത്താവളത്തിലെ ജീവനക്കാരും യാത്രക്കാരും കറുത്തനിറത്തിലുള്ള ആ ബാഗ് കണ്ട് ഞെട്ടിവിറച്ചു. ബാഗിനു പുറത്തെ കുറിപ്പാണ് അവരെ ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്ബെയ്ന്‍ എന്നായിരുന്നു ആ ബാഗിനു പുറത്ത് എഴുതിയിരുന്നത്. അതോടെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് സംഘം വിമാനത്താവളത്തിലെത്തി.

എന്നാല്‍ അന്വേഷിച്ചു വന്നപ്പോഴാണ് കാര്യം മനസ്സിലായത്. ഇന്ത്യയില്‍നിന്നെത്തിയ ഒരു മുത്തശ്ശി തന്റെ ബാഗില്‍ ബോംബെ എന്ന് എഴുതിയപ്പോഴുണ്ടായ അക്ഷരപ്പിഴവാണ് തങ്ങളെ അത്രയും നേരം തീ തീറ്റിച്ചതെന്ന്. ബോംബെ(bombay)എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്ഥലം തികയാതെ വന്നു. അതോടെ അവസാനത്തെ രണ്ടക്ഷരം ചുരുക്കി ബോംബ് എന്ന് എഴുതുകയായിരുന്നു. അതോടെ ബോംബെ, ബോംബ്(bombay-bomb)ആയി മാറി. ഇതാണ് കുഴപ്പമായത്.

ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗിനു പുറത്താണ് ഈ കുറിപ്പുണ്ടായിരുന്നത്. പത്തുവര്‍ഷമായി ഓസ്ട്രേലിയയില്‍ താമസിക്കുന്ന മകള്‍ ദേവി ജ്യോതിരാജിന്റെ അടുത്തേക്കായിരുന്നു വെങ്കട ലക്ഷ്മിയുടെ യാത്ര. മകള്‍ക്കും കുടുംബത്തോടുമൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വെങ്കടലക്ഷ്മി ഓസ്ട്രേലിയയില്‍ എത്തിയത്.

‘വിമാനത്താവളത്തിലെ ആളുകള്‍ ഭയപ്പെട്ടതായും ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടതായും അമ്മ എന്നോട് പറഞ്ഞു’-ദേവി പറയുന്നു. ബോംബ് എന്ന് എന്തിനാണ് ബാഗിനു പുറത്ത് എഴുതിയിരിക്കുന്നതെന്നും അമ്മയോട് അവര്‍ ആരാഞ്ഞുവത്രെ. ഇത് ബോംബെ എന്നാണെന്ന് അമ്മ അവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു-ദേവി കൂട്ടിച്ചേര്‍ത്തു

‘ബോംബെ എന്നാണ് അമ്മ എഴുതാന്‍ ആരംഭിച്ചത്. എന്നാല്‍ സ്ഥലപരിമിതി മൂലം ബോംബ് എന്ന് എഴുതി നിര്‍ത്തുകയായിരുന്നു. ഇതിനടിയില്‍ മുംബൈ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു’- ദേവി പറയുന്നു. വെങ്കട ലക്ഷ്മിയെ ഓസ്ട്രേലിയന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ വിട്ടയക്കുകയും ചെയ്തു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: