കത്വസംഭവം: പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി

കത്വയിലെ രസ്‌ന ഗ്രാമത്തില്‍ വച്ച് കൊല്ലപ്പെട്ട എട്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വളര്‍ത്തു കുതിരകളെ തേടി പോയ പെണ്‍കുട്ടിയെ പ്രദേശത്തെ ക്ഷേത്രത്തിലിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു കൊന്ന സംഭവം അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്തയാവുകയും പ്രതികളെ ചൊല്ലി കശ്മീരില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. സുരക്ഷ കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇതിനോടകം ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്തു കഴിഞ്ഞു. കുട്ടിയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി അവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കൂടാതെ അവരുടെ അഭിഭാഷകയുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ എട്ടു പ്രതികളാണ് കസ്റ്റഡിയിലുള്ളത്. സെഷന്‍സ് കോടതിയില്‍ തുടങ്ങുന്ന വിചാരണ നടപടികള്‍ക്കായി രണ്ട് പ്രത്യേക പ്രോസിക്യൂട്ടര്‍മാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കേസില്‍ മതനിഷ്പക്ഷത ഉറപ്പാക്കാന്‍ സിക്ക് സമുദായത്തില്‍ നിന്നുള്ള രണ്ട് അഭിഭാഷകരെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സംഭവം ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ വലിയ വിഭാഗീയത സൃഷ്ടിച്ച സാഹചര്യത്തിലാണ് നടപടി.

ആട്ടിടയ വിഭാഗമായ ബക്കര്‍വാളുകളെ സ്വന്തം ഗ്രാമത്തില്‍ നിന്ന് ഓടിക്കാന്‍ ഒരു കൂട്ടം ഗ്രാമവാസികള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കൊലയെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ കാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു. പ്രദേശത്തെ ഹിന്ദുക്ഷേത്രത്തിലാണ് കുട്ടിയെ പാര്‍പ്പിച്ചിരുന്ന്. ദിവസങ്ങളുടെ പീഡനത്തിനൊടുവില്‍ കൊലപ്പെടുത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസുകാരും മുന്‍ റവന്യൂ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പിടിയിലായതെന്നാണ് രാജ്യത്തെ ഞെട്ടിച്ച കാര്യം.

എന്നാല്‍ പൊലീസ് അന്വേഷണം നീതിപൂര്‍വകമല്ലെന്ന് ആരോപിച്ച് പ്രദേശത്തെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഹിന്ദു ഏകതാ മഞ്ച് എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ ജനവികാരം ആളിക്കത്തിയതിനെ തുടര്‍ന്ന് ഇരുവരെയും രാജിവയ്പ്പിക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധിതരായി.കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് പൊലീസിനെ അഭിഭാഷകര്‍ തടയുന്ന സ്ഥിതിവിശേഷവും സംസ്ഥാനത്ത് ഉണ്ടായിരുന്നു. സുപ്രീം കോടതി ഇക്കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടിനെ തുടര്‍ന്നാണ് അഭിഭാഷകരുടെ പ്രതിഷേധങ്ങള്‍ അടങ്ങിയത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: