മലയാളികള്‍ നല്‍കിയത് ‘അവിശ്വസനീയമായ പിന്തുണയെന്ന് ലീഗയുടെ ഭര്‍ത്താവ്; വിദഗ്ധ അന്വേഷണവുമായി പോലീസും

മലയാളികള്‍ തങ്ങള്‍ക്ക് അവിശ്വസനീയമായ പിന്തുണയാണ് നല്‍കുന്നതെന്ന് കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാന്‍. ”ഇവിടുത്ത ജനങ്ങള്‍ നല്കുന്ന പിന്തുണ അവിശ്വസനീയമാണ്. അവര്‍ ഹൃദയം തകര്‍ന്നു നില്‍ക്കുകയാണ്. അവര്‍ ഇടക്കിടെ ഞങ്ങളെ തേടി വരികയും കരയുകയും ചെയ്യുന്നു. ഇതാദ്യമായാണ് ഒരു വിദേശ ടൂറിസ്റ്റ് ഇവിടെ കൊല്ലപ്പെടുന്നതെന്നും നാടിന് നാണക്കേടായെന്നും അവര്‍ പറയുന്നു”: -ജോര്‍ദാന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണ ഹൃദയമുരുക്കുന്നതാണെന്നും പലരും ജോലി പോലും ഉപേക്ഷിച്ച് ലിഗയെ തിരയാന്‍ സഹായിച്ചുവെന്നും ജോര്‍ദാന്‍ പറഞ്ഞു. ഇന്നാട്ടുകാര്‍ക്ക് ഈയൊരു സംഭവത്തെ പ്രതി നാണക്കേട് തോന്നാന്‍ ഇടവരുത്തരുതെന്നാണ് തന്റെ ആഗ്രഹം. ന്യൂനപക്ഷമായ ചീത്ത മനുഷ്യരെപ്രതി ഭൂരിപക്ഷം പേര്‍ക്ക് നാണക്കേട് തോന്നരുത്. ഇതുപോലത്തെ മോശം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ലോകത്തെമ്പാടുമുണ്ടെന്നും ജോര്‍ദാന്‍ ചൂണ്ടിക്കാട്ടി.

അതെസമയം പൊലീസ് ആദ്യത്തെ 24 മണിക്കൂറില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലിഗ കൊല്ലപ്പെടില്ലായിരുന്നുവെന്ന് ജോര്‍ദാന്‍ പറഞ്ഞു. തുടക്കത്തില്‍ സംഭവം ആത്മഹത്യയാണെന്നു പറഞ്ഞ പൊലീസ് ഇപ്പോള്‍ ആ തിയറിയില്‍ നിന്ന് പിന്മാറിയതില്‍ ആശ്വാസമുണ്ടെന്നും കുറ്റവാളികള്‍ പിടിക്കപ്പടുമെന്നു തന്നെയാണ് വിശ്വാസമെന്നും ജോര്‍ദ്ദാന്‍ വിശദീകരിച്ചു.

അതേസമയം കേസില്‍ അന്വേഷണം മൂന്നുപേരിലേക്കായി ചുരുങ്ങി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് പോലീസ് പിന്നീട് കണ്ടെടുത്ത ഫൈബര്‍ ബോട്ടിന്റെ ഉടമയെയും ഇയാളുടെ ബന്ധുവിനെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇവര്‍ക്ക് കേസില്‍ കാര്യമായ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. എങ്കിലും ഇവര്‍ മൊഴിമാറ്റുന്നതാണ് പോലീസിനെ കുഴക്കുന്നത്. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് തെളിവുകള്‍ ലഭിക്കാത്തിനാല്‍ ഇവയൊന്നും ഉറപ്പിക്കാനാകാത്ത അവസ്ഥയുമുണ്ട്. ലിഗയുടെ ശരീരത്തില്‍നിന്നുള്ള സാംപിളുകളും സംഭവസ്ഥലത്തു നിന്നുള്ള ചില വസ്തുക്കളും പോലീസ് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. രാസപരിശോധനാഫലം ഉള്‍പ്പെടെയുള്ളവ വിലയിരുത്തിയ ശേഷമേ കേസില്‍ അറസ്റ്റുണ്ടാകൂ. ഇവയുടെ ഫലം വൈകുന്നതും അന്വേഷണം അന്തിമ ഘട്ടത്തിലേക്കെത്തുന്നതിന് തടസ്സം നില്‍ക്കുന്നു. കുറ്റമറ്റരീതിയിലുള്ള തെളിവുകള്‍ ലഭിച്ചശേഷം മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ളവയിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി മൃതദേഹം കണ്ട സ്ഥലത്തും പരിസരങ്ങളിലും പനത്തുറയാറ്റിലും പോലീസ് സംഘം സൂക്ഷ്മപരിശോധന നടത്തുകയാണ്. നൂറോളം വരുന്ന പോലീസ് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. പോലീസ് ചോദ്യംചെയ്യുന്നവര്‍ സ്ഥിരമായി പൂനം തുരുത്തില്‍ വന്നിരുന്നവരാണെന്നാണ് പോലീസ് കഴിഞ്ഞദിവസം വിട്ടയച്ചയാള്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാരില്‍ നിന്നും മൊഴി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ പങ്ക് വെളിവാക്കുന്ന വ്യക്തമായ തെളിവുകളുടെ അഭാവവും പോലീസിനുണ്ട്. കുറ്റിക്കാട്ടില്‍നിന്ന് ലഭിച്ച മുടിയിഴകള്‍ ഉള്‍പ്പടെയുള്ളവ ഇവരുടേതാണോയെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തെളിയൂ.

ലിഗയെ കണ്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച യോഗാ പരിശീലകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാളെ പോലീസ് വിട്ടയച്ചിട്ടുണ്ടെങ്കിലും നിരീക്ഷണത്തിലാണ്. പോലീസ് ചോദ്യം ചെയ്യുന്നവരില്‍ ഒരാള്‍ യോഗ പരിശീലകനെന്ന വ്യാജേനെ വിദേശികളുമായി ഇടപെടുന്നയാളായിരുന്നെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ഓവര്‍കോട്ട് സംബന്ധിച്ചും പോലീസിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ലിഗയുടെ ചെരിപ്പും കണ്ടെത്താനായിട്ടില്ല.

ലിഗയെ തട്ടിക്കൊണ്ടുപോയി കടയിലോ ഹോട്ടലിലോ പാര്‍പ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി കണ്ടല്‍ കാട്ടില്‍ ഉപേക്ഷിച്ചതാകാമെന്നുമാണ് ലിഗയുടെ പങ്കാളി ആന്‍ഡ്രൂ ജോര്‍ദാന്‍ ചില വിദേശമാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ലിഗയെ കാണാതായ സമയത്തും അദ്ദേഹം ഇത്തരം സംശയം വിദേശമാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. ഇതു സംബന്ധിച്ചും പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സൂചനകളൊന്നുമില്ലെന്നാണ് വിവരം. വിവരങ്ങള്‍ ആരായുന്നതിനായി ആന്‍ഡ്രൂവിനെ പോലീസ് വിളിച്ചുവരുത്തുമെന്ന സൂചനയുമുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: