ഗര്‍ഭാശയ ക്യാന്‍സര്‍ സ്‌ക്രീനിങ് പിഴവ്: മന്ത്രിസഭാ ചര്‍ച്ച ഇന്ന്; അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്ന് സൂചന

ഡബ്ലിന്‍: ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയില്‍ സംഭവിച്ച ക്രമക്കേട് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് ചര്‍ച്ച ഇന്ന് നടക്കും. എച്ച്.എസ്.ഇ-യുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ പരിശോധനാ ഫലങ്ങള്‍ വിപരീതമാവുന്നത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ ആരോഗ്യ മന്ത്രിക്ക് നേരെ ആരോപണവുമായി രംഗത്ത് എത്തി.

വിക്കി ഫെലന്‍ എന്ന നാല്പത്തിരണ്ടുകാരിക്ക് ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണ് അയര്‍ലണ്ടില്‍ സ്മിയര്‍ ടെസ്റ്റ് വിവാദം പുകഞ്ഞു തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ്റ്റ് നടത്തിയ ഇവര്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ സാധ്യത ഇല്ലെന്ന് കണ്ടെത്തുകയും എന്നാല്‍ പിന്നീട് രോഗം സ്ഥിരീകരിക്കുകയൂം ചെയ്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വിക്കിക്ക് അനുകൂലമായ വിധി പുറത്തുവരികയും ചെയ്തു. ഏകദേശം ഇതേ കാലയളവില്‍ പരിശോധനക്ക് വിധേയരായ സ്ത്രീകളില്‍ വലിയൊരു വിഭാഗത്തിനും പിന്നീട് രോഗബാധ കണ്ടെത്തി.

വിക്കിയുടെ കേസ് വിധി വന്നതോടെ തങ്ങള്‍ക്കും ഇതേ അനുഭവം ആയിരുന്നെന്ന് അറിയിച്ചുകൊണ്ട് ഒരുപാട് സ്ത്രീകള്‍ രംഗത്ത് എത്തി. ദേശീയതലത്തില്‍ എച്ച്.എസ്.ഇ ആരംഭിച്ച സ്മിയര്‍ ടെസ്റ്റില്‍ ഇതോടെ ഐറിഷുകാര്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി. വിദേശ രാജ്യങ്ങളില്‍ പരിശോധനകള്‍ക്ക് വിധേയരാവുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്തു.

ക്യാന്‍സര്‍ പരിശോധനയുമായി ബന്ധപ്പെട്ട പിശക് ഇതിന് മുന്‍പും അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും 200-ല്‍ അധികം സ്ത്രീകളെ ഒരേ സമയം പ്രതികൂലമായി ബാധിച്ച പ്രശ്‌നം എന്ന നിലയില്‍ ലോകാരോഗ്യ സംഘടനയില്‍ പോലും ഈ വിഷയം ചര്‍ച്ച ആയി മാറി. പ്രശനം രൂക്ഷമായതോടെ സെര്‍വിക്കല്‍ ചെക്ക് ക്ലിനിക്കല്‍ ഡയറക്ടര്‍ ഗ്രാനി ഫ്ലാനേലി രാജിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ശക്തമായ ഇടപെടല്‍ നടത്തിയേക്കുമെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: