വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി കുറഞ്ഞ ചെലവില്‍ ഹോസ്റ്റലുകള്‍: നിയമം ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വന്നേക്കും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി താമസസൗകര്യമൊരുക്കുന്ന ബില്‍ മന്ത്രിസഭയുടെ പരിഗണയ്‌ക്കെത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വാടക സ്ഥിരത ഉറപ്പു നല്‍കുന്ന നിയമം ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വന്നേക്കും. റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് (സ്റ്റുഡന്റ് റെന്റ് റൈറ്റ്‌സ് ആന്‍ഡ് പ്രൊട്ടക്ഷന്‍സ്) ബില്‍ സിന്‍ഫിനിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് മന്ത്രിസഭയുടെ പരിഗണയ്ക്ക് എത്തിയത്.

റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസെന്‍സ് നേടിയ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് വിദ്യാര്‍ത്ഥി ഹോസ്റ്റലുകളായി പ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിക്കുക. നിശ്ചിത വാടക നിരക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരം കെട്ടിടത്തില്‍, ഉടമകള്‍ക്ക് സ്വന്തം താത്പര്യത്തില്‍ വാടക ഉയര്‍ത്താനുള്ള അവകാശം ഉണ്ടാവില്ല. പ്രതിമാസം 1000 യൂറോക്ക് താഴെ താമസസൗകര്യം ലഭ്യമാക്കുകയാണ് പ്രസ്തുത ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഇത്തരം ഹോസ്റ്റലുകളെ റെന്റ് പ്രഷര്‍ സോണിന്റെ ഭാഗാമാക്കും. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഈ ബില്ലിന് ഒരുപോലെ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വദേശിയരും- വിദേശിയരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും കെട്ടിട ഉടമകള്‍ വന്‍ തോതില്‍ വാടക ഈടാക്കുന്നതിനാല്‍ ഇവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന് ഐറിഷ് യൂണിവേഴ്‌സിറ്റികളിലെ സ്റ്റുഡന്റ് യൂണിയന്‍ പറയുന്നു. ഡബ്ലിനിലും, ഗാല്‍വേയിലുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വാടക നിരക്ക് നല്‍കേണ്ടത്.

ഡബ്ലിന്‍ ട്രിനിറ്റി പോലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ച ഇന്ത്യക്കാര്‍ അടങ്ങുന്ന വിദേശ വിദ്യാര്‍ഥികള്‍ താമസസ്ഥലം ലഭിക്കാതെ പഠനം നിര്‍ത്തി പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനചെലവിന് ലഭിക്കുന്ന സ്‌കോളര്‍ഷിപ് തുക പോലും വാടക നല്‍കാന്‍ തികയുന്നില്ലെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. അടുത്തിടെ കെട്ടിട ഉടമകള്‍ വാടക കുത്തനെ ഉയര്‍ത്തിയതിനാല്‍ ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ സമരരംഗത്തേക്ക് ഇറങ്ങിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: