ഇന്ത്യന്‍ ബാങ്കിങ് മേഖല കൂടുതല്‍ അപകടകരമായ നിലയിലേക്ക് നീങ്ങുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

മുംബൈ: കിട്ടാക്കടത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഇന്ത്യന്‍ ബാങ്കിങ് മേഖല കൂടുതല്‍ അപകടകരമായ നിലയിലേക്ക് നീങ്ങുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2019 മാര്‍ച്ച് അവസാനത്തോടെ മൊത്തം വായ്പയുടെ 12.2 ശതമാനമായി ഉയരുമെന്നാണ് ആര്‍.ബി.ഐ. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ചില്‍ ഇത് 11.6 ശതമാനമായിരുന്നു. കിട്ടാക്കടത്തിന്റെ തോത് കുറയാതെ നില്‍ക്കുന്നതിനാല്‍ ബാങ്കിങ് മേഖലയിലെ പ്രതിസന്ധി തുടരുമെന്ന് ‘ധനകാര്യ സുസ്ഥിരതാ റിപ്പോര്‍ട്ടി’ല്‍ ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് നിലവില്‍ 11 പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ നടപടി നേരിടുകയാണ്. ഈ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം വായ്പയുടെ 21 ശതമാനമാണ് നിലവില്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 22.3 ശതമാനമായി ഉയര്‍ന്നേക്കുമെന്ന് ആര്‍.ബി.ഐ. മുന്നറിയിപ്പ് നല്‍കുന്നു. തിരുത്തല്‍ നടപടി നേരിടുന്ന 11 ബാങ്കുകളില്‍ ആറെണ്ണത്തിന് മൂലധനത്തിന്റെ കുറവും നേരിടേണ്ടി വരും.

ഐ.ഡി.ബി.ഐ. ബാങ്ക്, യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ദേന ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് ആര്‍.ബി.ഐ.യുടെ തിരുത്തല്‍ നടപടി നേരിടുന്നത്.

കിട്ടാക്കടത്തിനായി കൂടുതല്‍ തുക വകയിരുത്തുന്നതിനാല്‍ രാജ്യത്തെ ഏതാണ്ട് എല്ലാ ബാങ്കുകളുടെയും ലാഭക്ഷമത ഇടിഞ്ഞിട്ടുണ്ടെന്നും ആര്‍.ബി.ഐ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ വായ്പകള്‍ക്ക് ആവശ്യകത കൂടാന്‍ തുടങ്ങിയിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: