സഭ അധികൃതര്‍ ക്രിസ്തുവിനെ ക്രൂശില്‍ കയറ്റുമോ? 18 കേസുകള്‍ 12 അറസ്റ്റ്

കേരളത്തിലെ ക്രൈസ്തവ സഭകളിലെ വൈദികരുടെയും മെത്രാന്‍മാരുടെയും ലൈംഗിക പീഡന കഥകളും പരാതികളും സഭകളെ ഒന്നാകെ നാണക്കേടിന്റെ പടുകുഴിയില്‍ എത്തിച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികരെ ലൈംഗിക പീഡന പരാതിയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 75ലധികം ക്രിസ്തിയ പുരോഹിതര്‍ ഇതുവരെ കേരളത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുണ്ട്. കഴിഞ്ഞ 18 മാസങ്ങള്‍ക്കിടയില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി 12 പുരോഹിതരെ ലൈംഗിക കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഒരു കന്യാസ്ത്രീയും മറ്റൊരു സ്ത്രീയും കുറേ വര്‍ഷങ്ങളായി തങ്ങളെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്ത് എത്തിയത്.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഭൂമി ഇടപാടാണ് ഈ വര്‍ഷത്തുടക്കത്തില്‍ കത്തോലിക്ക സഭയേയും വിശ്വാസികളെയും പൊതുസമൂഹമദ്ധ്യേ അവഹേളന പാത്രമാക്കിയത്. എറണാകുളംഅങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയില്‍ നടന്ന ക്രമക്കേടുകളാണ് ആലഞ്ചേരിയെ വിവാദത്തിലാക്കിയത്. ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നതാണ് കര്‍ദ്ദിനാളിനെതിരെയുള്ള കുറ്റം. എന്നാല്‍ താന്‍ സിവില്‍ നിയമങ്ങളെയല്ല, സഭാ നിയമങ്ങളെയാണ് പിന്തുടരുന്നതെന്ന് ആലഞ്ചേരി പറഞ്ഞതോടെ നിയമപരമായ സംവാദങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നല്‍കിയ പരാതി ആരും അന്വേഷിച്ചില്ലെന്ന് 48-കാരിയായ കന്യാസ്ത്രീ പരാതിപ്പെട്ടു. ഈ വര്‍ഷം ജൂണ്‍ 30 ന് നടപടി എടുക്കുമെന്ന് ചര്‍ച്ച് അധികൃതര്‍ പറഞ്ഞിരുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞു. പക്ഷേ കന്യാസ്ത്രീയും മറ്റ് അഞ്ച് പേരും തന്നെ ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കല്‍ തിരിച്ച് പരാതി നല്‍കി. ഇതിന് ശേഷമാണ് ജൂണ്‍ 27 കന്യാസ്ത്രീ പോലീസില്‍ നേരിട്ട് പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെ ഫ്രാങ്കോ മുളയ്ക്കല്‍ 13 പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചുവെന്നുവെന്ന് കന്യാസ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു.

ഓര്‍ത്തഡോക്സ് പള്ളിയിലെ ഫാദര്‍ ബിനു ജോര്‍ജ്ജ് 2014ല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 30കാരിയായ യുവതിയും രംഗത്ത് വന്നിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ അഞ്ച് പുരോഹിതന്മാര്‍ക്കെതിരെ 34 കാരിയായ സ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇവരെ രണ്ട് പതിറ്റാണ്ടായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 34-കാരിയുടെ ഭര്‍ത്താവ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെയാണ് ഇക്കാര്യം പൊതുസമൂഹം അറിയുന്നത്. ഈ പീഡനക്കേസില്‍ നാല് പുരോഹിതന്മാര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

1966ല്‍ ആണ് ആദ്യമായി ഒരു പുരോഹിതന്‍ പ്രതിയായ കേസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്ത് മാടത്തരുവി എന്ന സ്ഥലത്ത് മറിയക്കുട്ടി എന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ജോസഫ് ബെനഡിക്ട് ഓണംകുളം എന്ന കത്തോലിക്ക പുരോഹിതന്‍ അറസ്റ്റിലായി. മാടത്തരുവി കൊലക്കേസ് എന്ന പേരില്‍ കുപ്രശസ്തമായ ഈ കേസ് കേരളത്തിലെ വിശ്വാസ സമൂഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കീഴ്ക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഫാ.ബെനഡിക്ടിനെ വെറുതെ വിട്ടു.

16 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്റെ അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂര്‍ കൊട്ടിയൂരിലെ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരില്‍, ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടിയൂരിലെ തന്നെ ഫാദര്‍ സജി ജോസഫ് എന്നിവര്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ യാതൊരു സഹിഷ്ണുതയും പാടില്ല എന്ന് വ്യക്തമാക്കി 2016 ഡിസംബര്‍ 28ന് ബിഷപ്പുമാര്‍ക്ക് പോപ്പ് കത്തെഴുതിയിരുന്നു.

ആഗോള കത്തോലിക്ക സഭയുടെ അദ്ധ്യക്ഷനായ മാര്‍ പാപ്പ കത്തോലിക്ക പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങളുടെ പേരില്‍ മാപ്പ് പറയുന്ന പതിവ് മിക്കവാറും എല്ലാ വര്‍ഷങ്ങളിലും വാര്‍ത്തയാകാറുണ്ട്. ഇതില്‍ ഇരകളാക്കപ്പെടുന്നവര്‍ മിക്കവാറും കുട്ടികളായിരിക്കും.’സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് വേദനാജനകമാണെന്നും ഇക്കാര്യത്തില്‍ മാപ്പ് പറയുന്നതായും’ പോപ്പ് പറഞ്ഞിരുന്നു.

 

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: