12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ; ക്രിമിനല്‍ നിയമ ഭേദഗതി ബില്ലിന് ലോക്സഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതി ലോക്സഭ ഏകകണ്ഠമായി പാസ്സാക്കി. ലൈംഗിക അതിക്രമത്തിന് കുറഞ്ഞശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നു. ബലാത്സംഗ കേസുകളിലെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും ഇരയുടെ മൊഴി വനിതാ പോലീസ് ഓഫീസര്‍ രേഖപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു.

പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരത്തെ ഒപ്പുവെച്ചിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനുള്ള പോക്സോ, സി ആര്‍ പി സി, ഐ പി സി, എവിഡന്‍സ് ആക്ട് എന്നിവ ഭേദഗതി തേടിയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. കത്വ, ഉന്നാവോ മാനഭംഗ കേസുകളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയതോടെയാണ് സര്‍ക്കാര്‍ നിയമ ഭേദഗതിയുമായി രംഗത്തെത്തിയത്.

12 വയസ്സില്‍ താഴെയുള്ള പെണ്കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന ഭേദഗതി ബലാത്സംഗത്തിനുള്ള കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷം കഠിന തടവില്‍നിന്ന് പത്തുവര്‍ഷമായി ഉയര്‍ത്തുകയുംചെയ്തു. 16 വയസ്സില് താഴെയുള്ള പെണ്കുട്ടിയാണ് ബലാത്സംഗത്തിന് ഇരയാകുന്നതെങ്കില്‍ കുറഞ്ഞ ശിക്ഷ നിലവിലെ 10 വര്‍ഷം കഠിനതടവില്‍നിന്ന് 20 വര്‍ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. കൂടിയ ശിക്ഷയായി ആയുഷ്‌കാല തടവും ലഭിക്കാം. 16 വയസ്സില് താഴെയുള്ള പെണ്കുട്ടിയെ കൂട്ടബലാല്സംഗത്തിന് ഇരയാക്കിയാല് കുറ്റക്കാര്‍ക്കെല്ലാം ആയുഷ്‌ക്കാലം തടവുശിക്ഷ ലഭിക്കാം.

12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടാല്‍ കുറ്റക്കാരന് കുറഞ്ഞത് 20 വര്‍ഷം തടവുലഭിക്കും. കൂട്ടബലാല്‍സംഗമാണെങ്കില്‍ ആയുഷ്‌ക്കാലം തടവോ വധശിക്ഷേയോ ലഭിക്കാം. ബലാത്സംഗ കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. രണ്ടുമാസത്തിനകം അന്വേഷണം പൂര്ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. വിചാരണ നടപടികളും രണ്ടുമാസം കൊണ്ട് പൂര്‍ത്തികരിക്കണം. ബലാത്സംഗ കേസുകളില്‍ അപ്പീല്‍ തീര്‍പ്പാക്കുന്നതിന് ആറുമാസമാകും സമയപരിധി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗമോ കൂട്ടബലാത്സംഗമോ ചെയ്താല്‍ കുറ്റക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമുണ്ടാവില്ല. ജാമ്യാപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ ഇരയാക്കപ്പെടുന്ന കുട്ടിയുടെ അഭിഭാഷകനോ 15 ദിവസത്തെവരെ നോട്ടീസ് സമയവും ലഭിക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: