വൈദികര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ സഭാനേതൃത്വം; നിര്‍ണായക സുന്നഹദോസ് ഇന്നുമുതല്‍

കോട്ടയം: കുമ്പസാര ലൈംഗിക പീഡനക്കേസിലെ വൈദികര്‍ക്ക് എതിരെ നടപടി എടുക്കാന്‍ സഭാനേതൃത്വം. ഇതിനായി, ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസ് യോഗം ചൊവ്വാഴ്ച കോട്ടയത്ത് തുടങ്ങും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് വൈദികരെയും സഭയില്‍നിന്ന് പുറത്താക്കാന്‍ സൂനഹദോസില്‍ തീരുമാനമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുമ്പസാരമടക്കം വിശ്വാസ വിഷയങ്ങളില്‍ മാറ്റം വേണമോ എന്ന കാര്യവും അഞ്ചു ദിവസത്തെ സുന്നഹദോസ് ചര്‍ച്ചചെയ്യും.

ഓര്‍ത്തഡോക്‌സ് പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് വി മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവര്‍ക്കെതിരായ നടപടിയാകും സുന്നഹദോസിന്റെ പ്രധാനതീരുമാനം. മൂന്നു ഭദ്രാസനങ്ങളിലായി നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സുന്നഹദോസ് ചര്‍ച്ച ചെയ്യും. വൈദികര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും വൈദികര്‍ തുടര്‍ന്നാല്‍ വിശ്വാസമടക്കമുള്ള സഭാകാര്യങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നുമാണ് സഭയുടെ അഭിപ്രായം.

സഭാവസ്ത്രം തിരികെ വാങ്ങാന്‍ കഴിയില്ലെങ്കിലും സഭയില്‍ നിന്ന് പുറത്താക്കി, ശുശ്രൂഷകളില്‍ നിന്നും ആജീവനാന്തം വിലക്കേര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. വൈദികരും അല്‍മായരും ഉള്‍പ്പെടുന്ന സഭാ മാനേജിങ് കമ്മിറ്റി ബുധനാഴ്ച ചേരുന്നുണ്ട്. കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശ കമ്മിറ്റിയും നല്‍കിയേക്കും. നടപടികള്‍ സംബന്ധിച്ച് വെള്ളിയാഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും 26 മെത്രാപ്പൊലീത്തമാരും ആണ് സുന്നഹദോസില്‍ പങ്കെടുക്കുന്നത്. വിശ്വാസികള്‍ മാത്രമല്ല പൊതുജനവും ഉറ്റുനോക്കുന്നതാണ് സഭയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ ലൈംഗിക പീഡന കേസിന് ശേഷം ചേരുന്ന സുന്നഹദോസ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: