ഉരുള്‍പൊട്ടലും പേമാരിയും: ഇടുക്കിയിലെ അഞ്ച് ഷട്ടറുകള്‍ വീണ്ടും തുറക്കുന്നു; മൂന്നാറും വയനാടും ഒറ്റപ്പെട്ടു | Live Updates

 

8:26pm

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്റെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.

അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്ന് കേരള ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ചെറുതോണിയില്‍നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ പെരിയാറിന്റെ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് ഴിഞ്ഞുപോകണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും സാഹചര്യത്തെ ഒരുമയോടെ തരണംചെയ്യണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ ചെയ്തതുപോലെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

5.05pm

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അടച്ച രണ്ട് ഷട്ടറുകള്‍ കൂടി തുറക്കാന്‍ തീരുമാനം. ജില്ലയില്‍ തുടരുന്ന കനത്തമഴയില്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സെക്കന്റില്‍ ആറുലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയാനാണ് അധികൃതരുടെ നീക്കം. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്ന് വച്ചിരിക്കുകയാണ്. അടച്ച രണ്ട് ഷട്ടറുകള്‍ കൂടി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിമുതല്‍ ഒഴിക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാനാണ് ആലോചന. നേരത്തെ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി അഞ്ച് ഷട്ടറുകള്‍ തുറന്നിരുന്നു. പിന്നീട് മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഡാമിലെ ജലനിരപ്പിലും കാര്യമായ കുറവുണ്ടായി. 2,402 അടിവരെ ഉയര്‍ന്ന ജലനിരപ്പ് ഇന്ന് രാവിലെ 2,397 ല്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്.

ശക്തമായ മഴ തീര്‍ത്ത പ്രളയത്തില്‍ മൂന്നാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതോടെയാണ് പ്രദേശം വെള്ളത്തിനടിയിലായത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് മൂന്നാറിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മൂന്നാര്‍ ദേശീയപാത വെള്ളത്തിനടിയിലായി. അടിമാലിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. മഴ ശക്തമായി തുടുരന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 137 അടിയാണ് ഡാമിലെ ജലിിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റോഡുകള്‍ പലതും വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മുതിരപ്പുഴ മുന്‍പില്ലാത്തവിധം നിറഞ്ഞൊഴുകുകയാണ്. പഴയ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്കമാണ്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതും പാലക്കാട് ജില്ലയിലെ മറ്റ് ഡാമുകളും തുറന്നു വിട്ടതും പലയിടത്തും വെള്ളം കയറാന്‍ കാരണമായി. നഗരത്തില്‍ മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉച്ചയോടെ 60 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. മഴ കൂടിയാല്‍ വീണ്ടും പത്തു സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും. നിലവില്‍ വാളയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ വെള്ളം പൊങ്ങിത്തുടങ്ങിയ മേഖലകളെ ഇത് പ്രതിസന്ധിയിലാക്കും.

വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും പേമാരിയില്‍ കനത്ത നാശനഷ്ടം. വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: