പ്രളയക്കെടുതിയില്‍ അയര്‍ലണ്ട് മലയാളികളും; നിരവധിപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍; അവശ്യസാധാനങ്ങള്‍ക്ക് ദൈര്‍ലഭ്യം

കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രകൃതിക്ഷോഭം നേരിടുമ്പോള്‍ ദുരിതക്കയത്തില്‍ അകപ്പെട്ട് കഴിയുന്നവരില്‍ നിരവധി അയര്‍ലണ്ട് മലയാളികളും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ ജീവന്‍ രക്ഷാര്‍ത്ഥം അയര്‍ലണ്ട് മലയാളികള്‍ അഭയം പ്രാപിച്ചതായാണ് വിവരം. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ നിരവധി മലയാളി കുടുംബങ്ങള്‍ തങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുവാന്‍ കേരളത്തിലെത്തിയിരുന്നു.

പ്രവാസി മലയാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് 26 വരെ അടച്ചിട്ടതിനാല്‍ കേരളത്തില്‍ നിന്നുള്ള തിരിച്ചുവരവ് അനിശ്ചിതമായി നീണ്ടുപോകാനാണ് സാധ്യത. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ മാസം നെടുമ്പാശേരി വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണ്. കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെ റീ-ഷെഡ്യൂള്‍ ചെയ്ത് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും വളരെയധികം കാല താമസം പിടിക്കും.

ഇതിനിടയില്‍ അവശ്യസാധനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി നാട്ടിലുള്ള പ്രവാസി മലയാളികള്‍ പറയുന്നു. വെള്ളപ്പൊക്കം ഇത്രയധികം രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കാതിരുന്നതിനാല്‍ പലരും അത്യാവശ്യം വേണ്ട സാധനങ്ങള്‍ പോലും കരുതിയിരുന്നില്ല. പലയിടത്തും പെട്രോള്‍ പമ്പുകളും ബാങ്കുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. തുറന്നിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലൊന്നും പാല് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമല്ല. എ.ടി.എമ്മുകളിലെ പണമൊക്കെ ദിവസങ്ങള്‍ക്ക് മുന്‍പെ തീര്‍ന്നതിനാല്‍ കൈയ്യില്‍ അടിയന്താവശ്യങ്ങള്‍ക്ക് പണമില്ലാത്തത് പലരെയും വലയ്ക്കുന്നുണ്ട്.

ഇതിനിടയില്‍ കേരളത്തില്‍ ദുരിതമനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ ഒരുമിക്ക മലയാളി സംഘടനകളും തങ്ങളുടെ ഓണാഘോഷം ഉപേക്ഷിച്ച് അതിനായി വകയിരുത്തിയിരുന്ന തുക കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നല്‍കാന്‍ തീരുമാനിച്ചു. അയര്‍ലണ്ടിലെ പ്രമുഖ മലയാളി സംഘടനകളായ ഒ.ഐ.സി.സി അയര്‍ലണ്ട്, മൈന്‍ഡ് , മലയാളം, ഗാള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മിറ്റി, സഹൃദയ തുടങ്ങിയവ ഓണാഘോഷം ഉപേക്ഷിച്ച സംഘടനകളില്‍ ഉള്‍പ്പെടും. കേരളത്തിലെ തങ്ങളുടെ സഹജീവികള്‍ ദുരിതക്കയത്തില്‍പ്പെട്ട് വലയമ്പോള്‍ കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം അയര്‍ലണ്ടില്‍ ആഘോഷിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന നിലപാടിലാണ് പല സംഘടനകളും ഓണാഘോഷപരിപാടികള്‍ ഉപേക്ഷിച്ചത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: