എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വീണ്ടും ജാഗ്രതാ നിര്‍ദേശം; കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

 

09.15pm കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവരെ സഹായിക്കാന്‍ ഗൂഗിളിന്റെ ഇന്ററാക്ടീവ് മാപ്പ്. ഭക്ഷണം, മരുന്ന്, വാഹനം, രക്ഷാപ്രവര്‍ത്തകര്‍ എന്നിവ ലഭ്യമാക്കാന്‍ സഹായിക്കുംവിധം നമ്പര്‍ സഹിതമാണ് ഗൂഗിള്‍ ഇന്ററാക്ടീവ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങളും വ്യാജസന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുമ്പോള്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമൊരുക്കുംവിധമാണ് ഇന്ററാക്ടീവ് മാപ്പ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തും ലഭ്യമാകുന്ന സഹായങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരിതബാധിതമേഖലകള്‍, ദുരിതാശ്വാസ ക്യാംപുകള്‍, ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ആംബുലന്‍സ്, വാഹനം, തുണിത്തരങ്ങള്‍ മറ്റ് അത്യാവശ്യ കാര്യങ്ങള്‍ എന്നിവയൊക്കെ എവിടെ ലഭ്യമാകുമെന്ന് അറിയിക്കുന്ന നമ്പരുകളും ഈ മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്ഥലത്തും കാണിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മാപ്പിന്റെ ഇടത് വശത്ത് ഫോണ്‍ നമ്പരും പേരും സഹിതം കാണിക്കും. മേല്‍പ്പറഞ്ഞ ഓരോ കാര്യങ്ങളും പ്രത്യേക ഐക്കന്‍ ഉപയോഗിച്ച് വേര്‍തിരിച്ചിട്ടുമുണ്ട്.

കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി ടെക് ലോകത്തെ അതികായരായ ഗൂഗിള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കാണാതായവരെ കണ്ടെത്താന്‍ സഹായിക്കുന്ന പേഴ്‌സണ്‍ ഫൈന്‍ഡറാണ് ആദ്യം ഗൂഗിള്‍ കേരളത്തിനായി അവതരിപ്പിച്ച സേവനം. ഇതുവഴി കാണാതായവരുടെ വിവരങ്ങള്‍ അതിവേഗം അധികൃതര്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചിരുന്നു.

09.08 pmപാലായില്‍ നിന്നുള്ള ദൃശ്യങ്ങള്‍

08.58 pm പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 29 മരണം. ഭക്ഷണവും വെള്ളവും കിട്ടാതെ ക്യാമ്പുകളില്‍ ആയിരങ്ങളാണ് കഴിയുന്നത്. നോര്‍ത്ത് കുത്തിയതോട് പള്ളിയില്‍ അഭയം തേടിയവരില്‍ ആറ് പേര്‍ മരിച്ചു. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.

നോര്‍ത്ത് പറവൂരില്‍ ദുരിതാശ്വാസ ക്യാമ്പിലും ഒരാള്‍ മരിച്ചു. പറവൂര്‍ വടക്കേക്കര പഞ്ചായത്ത് ഓഫീസിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന ഹൃദരോഗിയാണ് മരിച്ചത്. ക്യാമ്പില്‍ വെള്ളം കയറിയതോടെ മൃതദേഹം ക്യാമ്പില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നത്.
400 ലധികം പേര്‍ ഈ ക്യാമ്പില്‍ കുടുങ്ങി കിടക്കുന്നത്.

ചെങ്ങന്നൂരില്‍ ഇന്ന് ഏഴ് പേര്‍ മരിച്ചു. പാണ്ടനാട് മാത്രമായി നാല് പേരാണ് മരിച്ചത്. ചെങ്ങന്നൂര്‍ പാണ്ടനാട് കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രണ്ട് വീടുകളില്‍ നാല് മൃതദേഹങ്ങള്‍ കണ്ടവെന്ന് നാട്ടുകാര്‍ പറയുന്നു.

ആറന്മുളയില്‍ ഒരാള്‍ മരിച്ചു. കാഞ്ഞിരവേലി സ്വദേശി ബൈജു എന്നയാളാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് മീന്‍ പിടിക്കാന്‍ പോയ ഇയാളെ കാണാതായിരുന്നു. ഇടുക്കി ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. പോത്താനിക്കാട് ഒഴുക്കില്‍പെട്ട് കാണാതായ കെ.സി.മാനുവലിന്റെ മൃതദേഹം കിട്ടി. കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉരുള്‍പൊട്ടലുണ്ടായി. 15 ജീവനക്കാര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു.

ഇടുക്കിയില്‍ നിന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് 800 ക്യുമെക്‌സ് ആയി കുറച്ചു. 2401.56 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.15 അടിയാണ്. അതേസമയം വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയരുകയാണ്. ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു. ബീച്ചിനടുത്തുള്ള പൊഴി മുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

08.53 pmപ്രളയക്കെടുതിയ തുടര്‍ന്ന് കുടുങ്ങി കിടന്ന നടന്‍ സലിം കുമാര്‍ അടക്കം 45 പേരെ പറവൂരില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ക്യാമ്പിലേക്ക് മാറ്റുകയാണ്. വടക്കന്‍ പറവൂരിലെ രാമന്‍കുളങ്ങരയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു പ്രദേശവാസികള്‍ക്കൊപ്പം സലിം കുമാറും കുടുംബവും. 45 പേര്‍ക്കൊപ്പമാണ് വീടിന്റെ ടെറസിനുമുകളില്‍ കഴിഞ്ഞ മൂന്ന് ദിവസവും ഇവര്‍ കഴിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടെത്തിയാണ് വൈകുന്നേരത്തോടുകൂടി ഇവരെ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് സലിം കുമാറിന്റെ വീട്ടിലേക്ക് വെളളം കയറി തുടങ്ങിയത്. ഇതിനെതുടര്‍ന്ന് വൈകുന്നേരം മൂന്നോടെ വീടുപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വീടിന് സമീപത്തുളള 45 ഓളം പേര്‍ സഹായം തേടി വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് അവര്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. താഴത്തെ നിലയില്‍ മുഴുവനായും വെള്ളം കയയതിനെ തുടര്‍ന്ന്, രണ്ടാം നിലയില്‍ കയറി നിന്നെങ്കിലും അവിടെക്കും വെള്ളം കറയിയെന്ന് സലിം കുമാര്‍ പറഞ്ഞു.

08.45 pmറാന്നിയില്‍ വെള്ളമിറങ്ങിയപ്പോള്‍

06.45 pm പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കേരളത്തിലെ മറ്റിടങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കൂടുതല്‍ ആശ്വാസ നടപടികളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചിയിലെ വിമാനസര്‍വ്വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് നേരത്തെ തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിപ്പ് നല്‍കിയിരുന്നു. സര്‍വ്വീസുകളെ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോള്‍ സെന്ററുകളില്‍ വിളിച്ചിട്ട് കിട്ടാത്തവര്‍ക്ക് കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.

വിമാന സര്‍വ്വീസുകള്‍, ടിക്കറ്റുകളിലെ മാറ്റം എന്നിങ്ങനെ യാത്രയുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോള്‍ സെന്റര്‍ നമ്പറുകളായ 044- 40013001, 044- 24301930 എന്നിവയിലേക്ക് വിളിക്കാം. 9087300200 എന്ന നമ്പറില്‍ ഹെല്‍പ് ഡെസ്‌കിലേക്കും വിളിക്കാം. എന്നാല്‍ വിളിച്ചിട്ട് കിട്ടാത്തവര്‍ക്ക് ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യാം. യാത്രാ തീയ്യതി, വിഷയം, ഇന്ത്യയിലെ ഫോണ്‍ നമ്പര്‍ എന്നിവയാണ് കമന്റ് ചെയ്യേണ്ടത്. ഇവരെ കോള്‍ സെന്ററില്‍ നിന്ന് തിരികെ വിളിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 26 വരെയുള്ള തീയ്യതികളില്‍ കൊച്ചിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് തിരുവനന്തപുരത്ത് നിന്നോ കോഴിക്കോട് നിന്നോ അതേ സ്ഥലത്തേക്ക് യാത്ര ചെയ്യാം. ഇതിന് അധിക ചാര്‍ജ്ജ് ഈടാക്കില്ല. കൊച്ചിയില്‍ നിന്നും വിദേശങ്ങളിലേക്കും തിരിച്ചും നടത്തിയിരുന്ന സര്‍വ്വീസുകള്‍ ഒന്നുപോലും റദ്ദാക്കിയിട്ടില്ലെന്നും എല്ലാം കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും മാറ്റി പുനഃക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ഏത് വിമാനത്താവളങ്ങളില്‍ നിന്നും (തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി) വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും 26 വരെ ബുക്ക് ചെയ്തിട്ടുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ കിട്ടും. അല്ലെങ്കില്‍ യാത്ര മറ്റൊരു തീയ്യതിയിലേക്ക് മാറ്റുകയും ചെയ്യാം. ഇതിനും അധികപണം ഈടാക്കില്ല. ഇതിനായി കമ്പനിയുടെ കോള്‍ സെന്ററുമായോ അല്ലെങ്കില്‍ ട്രാവല്‍ ഏജന്റുമാരുമായോ ബന്ധപ്പെടാം. ഇന്ത്യയിലോ വിദേശത്തോ ഉള്ള എയര്‍ ഇന്ത്യയുടെ ഏതെങ്കിലും സിറ്റി ഓഫീസിലെത്തി നേരിട്ടും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

05.15 pm പ്രളയദുരിതം മറികടക്കാനായി കേരളത്തിന് ധനസഹായവുമായി മഹാരാഷ്ട്രയും പഞ്ചാബും കര്‍ണാടകയും തമിഴ്‌നാടും. മഹാരാഷ്ട്ര 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് 10 കോടി രൂപ നല്‍കും, തമിഴ്‌നാട് 5 കോടി രൂപ കൂടി നല്‍കുമെന്ന് അറിയിച്ചു. നേരത്തെ രാജ്യം മുഴുവന്‍ കേരളത്തിന് വേണ്ടി ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പഞ്ചാബിന്റെ സഹായ വാഗ്ദാനം വരുന്നത്.

പ്രളയക്കെടുതി മറികടക്കാന്‍ ഒഡീഷ സര്‍ക്കാര്‍ അഞ്ചുകോടിയും ഹരിയാന സര്‍ക്കാര്‍ 10 കോടിയും ബീഹാര്‍ സര്‍ക്കാര്‍ 10 കോടിയും നല്‍കുമെന്ന് അറിയിച്ചു.

രാവിലെ പ്രളയക്കെടുതി വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിന് 500 കോടി രൂപ നല്‍കുമെന്ന് വിശദമാക്കിയിരുന്നു. ആലുവ , തൃശൂര്‍ മേഖല കളിലെ വെള്ളപ്പൊക്ക മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിലാണ് അടിയന്തിര സഹായം പ്രഖ്യാപിച്ചത്. പ്രാഥമിക കണക്ക് പ്രകാരം കേരളത്തിന് 19512 കോടി രൂപയുടെ നഷ്ടമുണ്ടെന്നും അടിയന്തിരമായി 2000 കോടി രൂപ വേണമെന്നും കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരങ്ങള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ ഇന്‍ഷ്വറന്‍സ് ക്യാമ്പുകള്‍ നടത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

കര്‍ഷകര്‍ക്ക് നഷ്ട പരിഹാരത്തിനായി പ്രത്യേക സഹായം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കും.

കേരളത്തിലെ തകര്‍ന്ന ദേശീയ പാതകളുടെ പുനര്‍ നിര്‍മ്മാണത്തിന് ദേശീയ പാത അതോറിറ്റിക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കും.വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിക്കാന്‍ എന്‍ടിപിസിക്ക് നിര്‍ദ്ദേശം നല്‍കും. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടുതല്‍ വിഹിതം കേരളത്തിന് നല്‍കും. ദുരന്ത മേഖലയില്‍ ഭക്ഷ്യധാന്യങ്ങളും മരുന്നും വിതരമം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു.

05.05 pm കനത്ത മഴയില്‍ ഒറ്റപ്പെട്ട ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ധ്യാനകേന്ദ്രത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇവിടെ, രാവിലെ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

പ്രദേശത്ത് 1500ഓളം പേര്‍ മൂന്ന് ദിവസമായി വെള്ളം കയറി കുടുങ്ങിക്കിടക്കുകയായിരുന്നു. മരിച്ചവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ധ്യാനത്തിന് എത്തിയ പ്രായമായവരടക്കമുള്ളവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ദിവസങ്ങളായി മുരിങ്ങൂര്‍ മേല്‍പാലം വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയായിരുന്നു. ഇവിടുത്തെ ഭക്ഷണവും മരുന്നുകളുമെല്ലാം കഴിഞ്ഞിരുന്നു.

ചാലക്കുടി, മാള, പൂവത്തുശ്ശേരി പ്രദേശങ്ങളുടെ പല ഭാഗങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടെങ്കിലും കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പൂവത്തുശ്ശേരി ഭാഗത്ത് മാത്രം 6000ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അതിനാല്‍ ഇവരെ രക്ഷപെടുത്തുന്നതിനാണ് ഇന്ന് മുന്‍ഗണന. ഇതിന് ശേഷമാകും ചാലക്കുടിയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുക.

04.05 pm വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഹെലികോപ്റ്റര്‍ എത്തിയാല്‍ കയറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്റ്റര്‍ എത്തിയിട്ടും ആളുകള്‍ വീട് ഉപേക്ഷിച്ച് വരാന്‍ തയ്യാറാവാത്ത സ്ഥിതിയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടാന്‍ മടികാണിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. കുടുങ്ങി കിടക്കുന്നവര്‍ ഹെലികോപറ്ററില്‍ കയറാന്‍ തയാറാകുന്നില്ലെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ ഭക്ഷണം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.

04.02 pm ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍.തിരുവന്തപുരത്തെയും കോഴിക്കോടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം ജില്ലയില്‍ എത്തിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.

ഇപ്പോള്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പോലീസിന്റെ ആറ് ബോട്ടുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍, നേവിയുടെ രണ്ട് ബോട്ടുകള്‍, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകള്‍, എന്‍ഡിആര്‍എഫിന്റെ ആറ് ബോട്ടുകള്‍, ഫയര്‍ഫോഴ്സിന്റെ ഒരു ബോട്ട്, എറണാകുളത്തു നിന്ന് രണ്ട് ബോട്ട് എന്നിവയാണ് പത്തനംതിട്ടയില്‍ ഉടന്‍ എത്തുന്നത്.

ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയിലെത്തിക്കഴിഞ്ഞു. വീടിന്റെ രണ്ടാം നില വരെ വെള്ളം ഉയര്‍ന്നതോടെ ജില്ലയിലെ സാഹചര്യങ്ങള്‍ വളരെ മോശമാണ്. പമ്പാ തീരത്തെ സ്ഥിതി ഏറെ ഭീതിതമാണ്. ശബരി ബാലാശ്രമത്തില്‍ 37 കുട്ടികള്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷതേടി എല്ലാവിധ മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍. പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍ നേവിയുടെ ഹെലികോപ്റ്റര്‍ റൗണ്ട് ചെയ്യുന്നുണ്ട്. വീടുകളില്‍ കുടുങ്ങി പോയവര്‍ ടോര്‍ച്ച് ലൈറ്റ് പോലുള്ള എന്തെങ്കിലും പ്രകാശത്തിലൂടെ സിഗ്‌നല്‍ കൊടുക്കണമെന്ന് മുന്നറിയിപ്പുണ്ട്.

03.42 pm ചേര്‍ത്തല മേഖലകളില്‍ വെള്ളം കയറി തുടങ്ങി. കായലില്‍ വെള്ളം ഉയരുന്നതാണ് കാരണം.

03.40 pmപ്രളയബാധയില്‍ ചെങ്ങന്നൂരിന്റെ സ്ഥിതി അതീവഗുരുതരം. കുഞ്ഞുങ്ങളും രോഗികളും ഉള്‍പ്പെടെ പ്രദേശത്തു കുടുങ്ങിക്കിടക്കുന്നത് പതിനായിരത്തിലേറെ. പാണ്ടനാട്, ചെങ്ങന്നൂര്‍, ഇടനാട് എന്നിവിടങ്ങളിലെ സ്ഥിതിയാണ് അതീവഗുരുതരമായി തുടരുന്നത്. കേന്ദ്ര- സംസ്ഥാന സേനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാണ്ടനാടുള്ള ജനങ്ങള്‍ക്ക് അഞ്ചുദിവസമായി കുടിവെള്ളം ലഭിച്ചിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്ഥലം എം എല്‍ എ സജി ചെറിയാന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഏറെ വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

10 മണിയാകുന്നതോടെ മരണം 17 ലേക്ക് കടന്നതായിട്ടാണ് പൊലീസിലെ സെപ്ഷ്യല്‍ ബ്രാഞ്ച് നല്‍കുന്ന സൂചന. എന്നാല്‍ ഇത് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നില്ല. കണക്കുകള്‍ എടുക്കുന്നതേ ഉള്ളൂവെന്നാണ് റവന്യൂ അധികാരികള്‍ പറയുന്നത്. ആശങ്കപ്പെടേണ്ടെന്നും എല്ലാവരും രക്ഷപ്പെടുമെന്നും അവര്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നു.

നിലവില്‍ ചെങ്ങന്നൂരില്‍ വെള്ളം ഉയരുന്നില്ല. എന്നാല്‍ വെള്ളം താഴാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇതു മൂലം രക്ഷാപ്രവര്‍ത്തനം അസാധ്യമാകുന്നു. ഇതാണ് ദുരന്തം കൂട്ടുന്നത്. മരിച്ചവരില്‍ മൂന്ന് പേരുടെ കാര്യം മാത്രമേ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുള്ളൂ. ആശങ്ക കൂട്ടാതിരിക്കാനാണ് ഇത്തരത്തില്‍ കരുതലോടെ പ്രതികരിക്കുന്നത്. വികാരത്തോടെ പ്രതികരിക്കരുതെന്ന് സജി ചെറിയാനോടും സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെ ഈ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

വെള്ളം കയറി മൂന്നു ദിവസമായപ്പോഴും ചെങ്ങന്നൂര്‍, ആറന്മുള മേഖലകളില്‍ പതിനായിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല, പലയിടത്തും ഭക്ഷണവും വെള്ളവുംപോലും എത്തിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. പലരും വിശപ്പും ദാഹവും മൂലം തളര്‍ന്നവശരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരുന്ന് ആവശ്യമുള്ള രോഗികളും കുട്ടികളും കുടുങ്ങിക്കിടക്കുന്നവര്‍ക്കിടയിലുണ്ട്. ഇതും ദുരന്തത്തിന്‍െ വ്യാപ്തി കൂട്ടുമെന്നാണ് വിലയിരുത്തല്‍. മരങ്ങള്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ ചെങ്ങന്നൂരില്‍ ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ദുഷ്‌കരമാണ്. വീടുകള്‍ കണ്ടെത്താനും ഹെലികോപ്റ്റര്‍ താഴ്ത്താനും സാധിക്കില്ല. കൂടുതല്‍ ഹെലികോപ്റ്റര്‍ എത്തിയാല്‍ ഭക്ഷണവും വെള്ളവുമെങ്കിലും എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമാകുന്ന സാഹചര്യവും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. പലരും വീടുകള്‍ ഉപേക്ഷിച്ച് വരാന്‍ തയാറാകുന്നില്ലെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കൂടാതെ പല വീടുകളുടെ ടെറസുകള്‍ റൂഫ് ഷീറ്റിട്ട് മൂടിയിരിക്കുന്നതിനാല്‍ ടെറസില്‍ നിന്നുള്ള എയര്‍ലിഫ്റ്റ് സാധ്യമാകാത്ത സ്ഥിതി വിശേഷവും ഇവിടെയുണ്ട്.

03.37 pmസംസ്ഥാനം ഓട്ടാകെ ദുരന്തില്‍ ഉഴലുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ബോട്ടുകള്‍ തരാത്തവര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍. വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു.

പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശിച്ചു.

03.35pmപ്രളയക്കെടുതിയില്‍ ചെങ്ങന്നൂരില്‍ 50 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് എംഎല്‍എ സജി ചെറിയാന്‍. ജനങ്ങള്‍ക്ക് അടിയന്തരമായി ആവശ്യമുള്ളത് ഭക്ഷണപ്പാക്കറ്റുകളും മരുന്നും ഡോക്ടര്‍മാരുമാണ്. അവ ലഭ്യമാക്കിയാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ പരമാവധി ആളുകള്‍ക്ക് എത്തിച്ചു കൊടുക്കാനാവും. എയര്‍ ലിഫ്റ്റിങ്ങിനു വേണ്ടി ഹെലികോപ്ടറുകള്‍ എത്തിയെന്നും അവ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങുമെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. ഹെലികോപ്ടറുകള്‍ മുഖാന്തരവും ഭക്ഷണം ആളുകള്‍ക്ക് എത്തിക്കാം.

ശനിയാഴ്ച രാവിലെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചു കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.എന്നാല്‍ പല പ്രദേശത്തും വീണ്ടും മഴ ശക്തിപ്രപിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകളെയാണ് രക്ഷപ്പെടുത്തി ദുരിതാശ്വസ ക്യാമ്പുകളില്‍ എത്തിച്ചിട്ടുള്ളത്. അവിടെ അസുഖം പടരാന്‍ സാധ്യതയുണ്ട്. നൂറുകണക്കിന് ക്യാമ്പുകളാണുള്ളത്. മൃതദേഹങ്ങള്‍ പലതും അഴുകാന്‍ ആരംഭിച്ചിട്ടുണ്ട്. അവ സംസ്‌കരിക്കാന്‍ സംവിധാനമില്ല. മൃതദേഹം സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എയര്‍ ലിഫ്റ്റിങ് വഴിയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അമ്പതുപേരടങ്ങിയ നേവിയുടെ രക്ഷാസംഘം പ്രദേശത്തെത്തിയിട്ടുണ്ട്. അവര്‍ ഇടനാട്ടിലേക്ക് പോവുകയാണ്. ക്യാമ്പുകളില്‍ ഭക്ഷണമില്ലെന്നും കടുത്ത പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പരമാവധി ഭക്ഷണം ഇവിടേക്ക് സംഭാവന ചെയ്യണമെന്നാണ് കേരളത്തോടും സന്നദ്ധ പ്രവര്‍ത്തകരോടും പറയാനുള്ളതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

03.32pmചെങ്ങന്നൂരില്‍ പ്രളയം നിയന്ത്രണാധീതം; പണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപം നാലു മൃതദേഹങ്ങള്‍ ഒഴുകിയെത്തി; ആരെയും തിരിച്ചറിഞ്ഞിട്ടില്ല; രണ്ടു മൃതദേഹങ്ങള്‍ തിരുവല്ലയിലും ആറന്മുളയിലും കണ്ടെത്തി

03.30pmപ്രളയത്തില്‍ക്കുടുങ്ങി കിടക്കുന്ന ആള്‍ക്കാരുടെ നിസ്സഹകകരണം മൂലം രക്ഷാപ്രവര്‍ത്തനം വൈകുന്നു. നാലുദിവസമായി വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍പോലും രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്റ്ററുകളില്‍ കയറാന്‍ കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. രക്ഷാദൗത്യത്തിന് പോകുന്ന ഹെലികോപ്റ്ററുകള്‍ വെറുതെയാണ് പറക്കുന്നതെന്ന് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വായുസേനാ ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ഭയം നിമിത്തമാണ് പലരും ഹെലികോപ്റ്ററുകളില്‍ കയറാന്‍ വിസമ്മതിക്കുന്നത്. എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായത്.
കയറാന്‍ തയ്യാറാവുന്നവരെ പിന്തിരിപ്പിക്കുന്നവരും ഇതില്‍ ഉള്‍പ്പെടും. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നെത്തി പ്രതികൂല കാലവസ്ഥയിലും ചെങ്ങന്നൂര്‍ പത്തനംതിട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്ന തങ്ങളുടെ പ്രയത്നത്തെ ദയവായി മാനിക്കണമെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത്തരത്തില്‍ ജീവന്‍ഡ പണയം നല്‍കി സേന രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആരും അതിനെ അവഗണിക്കാതെ അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമെ പ്രളയത്തെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളു.

മനുഷ്യ പ്രയത്നത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വലിയ നഷ്ടമാണ് ഇത് മൂലം ഉണ്ടാവുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എ ആളുകളെ രക്ഷിക്കണമെന്ന് മാധ്യമങ്ങളിലൂടെ വിലപിക്കുന്നു, പ്രതിപക്ഷ നേതാവും ഇത് തന്നെ ചെയ്യുന്നു. ദുരിതബാധിത മേഖലകളില്‍ ഉള്ളവര്‍ ഇവര്‍ പറയുന്നതെങ്കിലും കേള്‍ക്കണം ഉദ്യോഗസ്ഥന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. ഭക്ഷണസാധനങ്ങളും അവശ്യ വസ്തുക്കളും നല്‍കിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നതെന്നം ഉദ്യോഗസ്ഥന്‍ വിശദമാക്കുന്നു.

01.55pm പ്രളയം ദു:ഖകരമെന്ന് ഐക്യരാഷ്ട്രസഭ; ഇന്ത്യ സഹായം ആവശ്യപ്പെട്ടിട്ടില്ല
കേരളത്തിലുണ്ടായ പ്രളക്കെടുതിയിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു.

ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യു.എന്‍ വ്യക്തമാക്കി.

സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും ഡുജാറിക്ക് ഓര്‍മിപ്പിച്ചു.

 

01.55pm കേരളത്തിലെ പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

”ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്”. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

01.50pm ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു

01.45pm വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു

01.40pm

11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

01.34pm

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും സ്ഥിതി അതീവ ഗുരുതരമായിത്തന്നെ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം ഫലപ്രദമായി നടക്കാത്തത് തിരിച്ചടിയാകുന്നുണ്ടെന്നാണു വിലയിരുത്തല്‍. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായതിനാല്‍ ആരു കോഓര്‍ഡിനേറ്റ് ചെയ്യുമെന്ന് ഇപ്പോഴും ധാരണയില്ലെന്നതാണ് സ്ഥിതി. ഇന്ന് നേവിയുടെ കൂടുതല്‍ ടീമുകള്‍ എത്തുന്നുണ്ട്. മുന്‍ഗണനാ പട്ടിക നല്‍കുന്നതിനനുസരിച്ച് ഇവര്‍ പ്രവര്‍ത്തിക്കും എന്നാണറിവ്.

മേഖലയിലെ പല കെട്ടിടങ്ങളുടെയും മുകള്‍ത്തട്ടിലും രണ്ടാം നിലയിലും ഇപ്പോഴും ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ ഇവിടെപെട്ടിട്ട് നാലു ദിവസമാകുന്നു. പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ കുറിച്ചു വിവരങ്ങളില്ല. രക്ഷാ പ്രവര്‍ത്തകരുടേത് എന്നു പറഞ്ഞു ലഭ്യമായ പല ഫോണ്‍ നമ്പറുകളും പ്രവര്‍ത്തിക്കുന്നില്ലെന്നതു രക്ഷാപ്രവര്‍ത്തനത്തിനു തിരിച്ചടിയാകുന്നുണ്ട്. പാണ്ടനാട് കുടുങ്ങിപ്പോയ 200 പേരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. പാണ്ടനാട് ഭാഗത്തുനിന്ന് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

എന്‍ഡിആര്‍എഫ്, നാവികസേന, ഫയര്‍ഫോഴ്‌സ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. ഇവരെ ഏകോപിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഫലപ്രദമാകുന്നില്ല. മേഖലയിലെ ഫോണ്‍ബന്ധവും വൈദ്യുതിയും തകരാറിലായതോടെ ആളുകളെ ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതുകാരണം എവിടെയാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കു കൃത്യമായ വിവരമില്ല. അതേസമയം, വോളന്റിയറായി നാട്ടുകാര്‍ കൂടെച്ചെല്ലുന്ന സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാണ്.

എംസി റോഡ് ഗതാഗത സജ്ജമാകാത്തതു രക്ഷാപ്രവര്‍ത്തനത്തിനു കൂടുതല്‍ സജ്ജീകരണങ്ങളെത്തിക്കുന്നതിനു തടസ്സമാകുന്നുണ്ട്.

01.25pm ആശങ്ക ഉയര്‍ത്തി സാറ്റ്ലൈറ്റ് ചിത്രങ്ങള്‍

കേരളത്തെ പ്രളയദുരന്തത്തിലാക്കിയ ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യയെ വിട്ടൊഴിയാതെ തുടരുകയാണ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ മഴയ്ക്ക് കുറവു വന്നെങ്കിലും എവിടെയും ആകാശം മേഘാവൃതമാണ്. ശനിയാഴ്ചാ രാവിലെ ലഭ്യമായ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ നേരിയ തോതിലെങ്കിലും ഇന്ത്യയെ ഒന്നടങ്കം ഭീതിപ്പെടുത്തുന്നതാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ദക്ഷിണേന്ത്യയിലും വടക്ക്, കിഴക്ക് ഇന്ത്യയിലും നിലനില്‍ക്കുന്ന കാഴ്ചയാണ് രാവിലെ ലഭ്യമായ ആകാശ കാഴ്ചകള്‍ കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കേരളത്തിനു മികളില്‍ മേഘങ്ങള്‍ നീങ്ങിയിരുന്നെങ്കിലും ശനിയാഴ്ച രാവിലെ വീണ്ടും മേഘാവൃതമായിരിക്കുന്നു.

ശനിയാഴ്ച രാവിലെ 6.30 ന് ഇന്‍സാറ്റ് സാറ്റ്ലൈറ്റില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളും മേഘാവൃതമാണ്. ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യൂനമര്‍ദം കാണാന്‍ സാധിക്കുന്നുണ്ട്. ആകാശം മേഘാവൃതമാണെങ്കിലും കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ലെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.

01.05pm പ്രളയക്കെടുതിയിപെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം.

എസ്ബിഐ, എസ്‌ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും.

സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം.

01.01pm പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന് 500 കോടി ഇടക്കാലാശ്വാസമായി അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പുലര്‍ച്ചെ സംസ്ഥാനത്തെ ഉന്നതസംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തുക അനുവദിച്ചത്.

പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റുവെന്നും അടിയന്തിരമായി 2000 കോടി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് 500 കോടി പ്രഖ്യാപിച്ചത്. നേരത്തെ 100 കോടി രൂപയുടെ ധനസഹായം സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രളയക്കെടുതിയിൽ വെള്ളിയാഴ്ച 25 പേരാണ് മരിച്ചത്. ഇതോടെ രണ്ടുദിവസത്തെ മരണനിരക്ക് 76 ആയി. ചെങ്ങന്നൂർ മംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ശോശാമ്മ, ശോശാമ്മയുടെ മകൻ ബേബി, ബേബിയുടെ മകൻ റെനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേബിയുടെ ഭാര്യ മാത്രമേ ഈ വീട്ടിൽ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. അതേസമയം, ആകെ 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 52, 856 കുടുംബങ്ങളിലെ 2, 23, 000 ആളുകളാണ് ഉള്ളത്. പത്തനംതിട്ടയിൽ മാത്രം 262 ദുരിതാശ്വാസക്യാമ്പുകളിലായി 28000ത്തോളം പേർ ഉണ്ട്. പ്രളയബാധിതമേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ സൈനികസഹായം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരിയാർ, ചാലക്കുടിപ്പുഴ തീരങ്ങൾ ഒറ്റപ്പെട്ടതിനാൽ പതിനായിരക്കണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്.

12.59pm സംസ്ഥാനത്ത് വീണ്ടും റെഡ് അലെര്‍ട്ട്. 24 മണിക്കൂര്‍ കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷ-ബംഗാള്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ അന്തരീക്ഷച്ചുഴിയുണ്ട്. ഇത് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലെര്‍ട്ട്. എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

12.57pm കേരളത്തിലെ പ്രളയത്തിൽ ദുഃഖമറിയിച്ച് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടേഴ്‌സ്. ഇന്ത്യയിലെ യു എൻ സംഘം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു

12.55pm ദുരന്തനിവാരണ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം പൂര്‍ണമായും ഏല്‍പിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വലിയ ചോദ്യചിഹ്നമാണ്. കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്- ചെന്നിത്തല പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ ഏല്‍പിക്കണമെന്നാണ് പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സൈന്യത്തെ കൂടുതല്‍ വിന്യസിപ്പിക്കണം. കളക്ടര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം മതിയാവില്ലെന്ന് അറിയുന്നതു കൊണ്ടാണ് സൈന്യത്തെ വിളിക്കാന്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴാണ് സൈന്യത്തിന്റെ പൂര്‍ണസാന്നിധ്യം ഉണ്ടാകുന്നത്. എന്തുകൊണ്ട് ഇതുവരെ സൈന്യത്തെ വിളിച്ചില്ല?. ഓഗസ്റ്റ് 15 മുതല്‍ സൈന്യത്തെ വിളിക്കാന്‍ താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ആ ആവശ്യത്തെ പുച്ഛിച്ച് തള്ളിക്കളയുകയായിരുന്നു. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണമായി കാര്യങ്ങള്‍ ഏല്‍പിക്കണം- ചെന്നിത്തല പറഞ്ഞു.

കേരളം അതിഗുരുതരമായ പ്രളയക്കെടുതിയില്‍പെട്ടിട്ട് നാലുദിവസം കഴിയുന്നു. സംസ്ഥാനത്ത് ഉടനീളം അതിദയനീയ സാഹചര്യമാണുള്ളത്. സഹായത്തിനു വേണ്ട് ആയിരക്കണക്കിന് ആളുകള്‍ കേഴുകയാണ്. ഈ ആവശ്യങ്ങള്‍ക്കു മുന്നില്‍ ജനപ്രതിനിധികള്‍ നിസ്സഹായരായി നില്‍ക്കുകയാണ്. ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നിയുടെ പലഭാഗങ്ങള്‍, ആറന്മുള, ആലുവ, പറവൂര്‍, അങ്കമാലി, ചാലക്കുടി, കുട്ടനാട് എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്.

കുടുങ്ങിക്കിടക്കുന്നവരുടെ വിദേശത്തുനിന്നുള്ള ബന്ധുക്കളുടെ നിരവധി ഫോണ്‍ കോളുകളാണ് ഓരോദിവസവും വരുന്നത്. നൂറുകണക്കിന് സഹായ അഭ്യര്‍ഥനകളാണ് വരുന്നത്. ഈ സഹായ അഭ്യര്‍ഥനകള്‍ക്ക് കഴിഞ്ഞ നാലുദിവസമായി പരിഹാരം കാണാന്‍ സാധിക്കാത്തത് വേദനാജനകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: