ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ അന്തരിച്ചു

യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ അന്തരിച്ചു. 80 വയസായിരുന്നു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചു.

1938ല്‍ ഏപ്രില്‍ 8നു ഘാനയിലെ കുമാസിയില്‍ ജനിച്ച കോഫി അന്നാന്‍ 1962ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫിസില്‍ പ്രവര്‍ത്തിച്ചാണ് യുഎന്നിന്റെ ഭാഗമായത്. ആഫ്രിക്കയില്‍ എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണു കോഫി അന്നാന്‍. പിന്നീട് യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയയിലെത്തിയ അദ്ദേഹം സിറിയന്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തീവ്രശ്രമം നടത്തി.

ഘാനയിലെ കുമാസിയില്‍ 1938 ഏപ്രില്‍ എട്ടിന് ജനനം. ജനീവയിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് 1972-ല്‍ മാനേജ്മെന്റില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. 1962-ല്‍ ബജറ്റ് ഓഫീസര്‍ ആയി ഐക്യരാഷ്ട്ര സംഘടനയില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സംഘടനയില്‍ നിരവധി തസ്തികകള്‍ കൈകാര്യം ചെയ്തു.

ആഫ്രിക്കയിലെ യു.എന്‍. സാമ്പത്തിക കമ്മീഷന്‍, ഇസ്മയിലിയയിലെ യു.എന്‍. അടിയന്തിരസേന, ജനീവയിലെ അഭയാര്‍ഥി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എന്‍. കാര്യാലയം, ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനം, സാമ്പത്തിക വകുപ്പ്, എന്നിവയുമായി ബന്ധപ്പെട്ടും കോഫി അന്നന്‍ പ്രവര്‍ത്തിച്ചു.

1997-ല്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ പ്രധാന ചുമതല ആഗോളതലത്തില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു. ഇത് ലക്ഷ്യമാക്കി ഇദ്ദേഹം ഒട്ടേറെ നടപടികള്‍ക്ക് ആഗോളതലത്തില്‍ പ്രാമുഖ്യം നല്‍കി. നൈജീരിയയില്‍ ഭരണം പുനഃസ്ഥാപിക്കുക, ലോക്കര്‍ ബീ ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് ലിബിയ-യു.എന്‍. ബന്ധത്തിലുണ്ടായ സ്തംഭനാവസ്ഥ മാറ്റല്‍, കിഴക്കന്‍ തിമോറിലെ അക്രമങ്ങള്‍ക്ക് അന്തര്‍ദേശീയ പ്രതികരണം പിടിച്ചുപറ്റുക, ലെബനോണില്‍ നിന്നുള്ള ഇസ്രായേല്‍ പിന്മാറ്റത്തെ പിന്താങ്ങുക തുടങ്ങി അനവധി ചുമതലകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യു.എന്‍. നടപ്പിലാക്കി. യു.എന്നിലെ വനിതാ ജീവനക്കാരുടെ നില കൂടുതല്‍ മെച്ചപ്പെട്ടതാക്കി. 2001-ല്‍ സെക്രട്ടറി ജനറലായി വീണ്ടും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

2001-ല്‍ യു.എന്നിനൊപ്പം ഇദ്ദേഹത്തെയും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് തിരഞ്ഞെടുത്തു. എയ്ഡ്സ് ബോധവല്‍ക്കരണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നിയമജ്ഞയായ നാനെ അന്നന്‍ ആണ് പത്നി. മൂന്ന് മക്കളുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: