മാടിനെ പോലെ പണിയെടുത്തു. ഒരു നല്ല വാക്കും കേള്‍ക്കാതെ കേരള പോലീസ്

ദുരന്ത മുഖത്ത് നിന്നും കേരളം പതിയെ ഉയര്‍ന്നു വരികയാണ് . ഒട്ടേറെ പേരുടെ പരിശ്രമമാണ് വേഗം ഒരുപാട് അപകടങ്ങള്‍ സംഭവിക്കാതെ കരകയറാന്‍ സാധിച്ചതിനു പിന്നില്‍. നാവിക സേനയുടെയും കടലിന്റെ മക്കളായ മല്‍സ്യ തൊഴിലാളികളുടെയും അങ്ങേയറ്റം ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളമൊട്ടാകെ നന്ദി പറഞ്ഞു മൂടുകയാണ്. എന്നാല്‍ കേരള പോലീസ് ക്രെഡിറ്റിലൊന്നുമില്ലെങ്കിലും ചെയ്ത സേവനങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത് .

രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കേണ്ട അവസരത്തില്‍ നാവികസേനയും മത്സ്യത്തൊഴിലാളികളുമൊക്കെ എത്തും മുന്‍പ് പ്രവര്‍ത്തിച്ചത് പോലീസുകാരാണ്. മല്‍സ്യ തൊഴിലാളികളെ എല്ലാം സജ്ജരാക്കി രാത്രിയില്‍ അയക്കാന്‍ ഉത്സാഹം കാട്ടിയതും പോലീസ് സംഘം തന്നെ.

മധ്യകേരളത്തിന്റെ മുക്കാല്‍ പങ്കും വെള്ളത്തിലായിട്ടും അതൊന്നും വക വയ്ക്കാതെ കനത്ത പേമാരിയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്വയം മറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു കേരള പൊലീസ് സേന. ഓരോ ജില്ലയുടെയും വിവിധ ഭാഗങ്ങളിലും സി.ഐ മാര്‍ ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ അതീവ ജാഗ്രതിയിലായിരുന്നു. ദുരന്തനിവാരണത്തിന്റെ ഭാഗമായി തുടക്കം മുതല്‍ എല്ലാ പൊലീസ് ഓഫീസര്‍മാരും സജീവമായി രംഗത്തുണ്ടായിരുന്നു.

അഡ്മിനിസ്ട്രേഷന്റെ ഭാഗമായി താത്കാലിക കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് ജില്ലയുടെ വിവിധ ഭാഗത്ത് കുരുങ്ങിക്കിടക്കുന്നവരുടെ വിശദവിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ആ വിവരങ്ങള്‍ സ്വീകരിച്ച് അതത് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് കൈമാറുകയും ചെയ്തു. ലഭ്യമായ ബോട്ടുകളും വള്ളങ്ങളും വരുത്തി ഫയര്‍ഫോഴ്സിന്റേയും കേന്ദ്രസേനയുടേയും സഹായത്തോടെ വിവിധസ്ഥലങ്ങളില്‍ കുരുങ്ങിക്കിടന്ന ആളുകളെ രക്ഷപ്പെടുത്തി അതാത് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാത്രമൊതുങ്ങാതെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനും പൊലീസ് സേന മുന്നിട്ടിറങ്ങി.

ഭക്ഷണത്തിന് പുറമേ ഇവര്‍ക്ക് വേണ്ട എല്ലാ അവശ്യ സാധനങ്ങളെത്തിക്കുന്നതിലും ഇവര്‍ ശ്രദ്ധ ചെലുത്തി. എത്തിപ്പെടാന്‍ കഴിയാത്ത ദുര്‍ഘടമായ സ്ഥലങ്ങളില്‍ പോലും മരുന്നും ഭക്ഷണസാധനങ്ങളുമായി ഇവര്‍ എത്തി ആളുകളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്തി. നിരവധി പൊലീസുദ്യോഗസ്ഥരുടെ വീടുകള്‍ വെള്ളത്തിലാവുകയോ കുടുംബങ്ങള്‍ ദുരിതമേഖലയില്‍ ഒറ്റപ്പെട്ടുപോവുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും ദുരിതാശ്വാസ മേഖലകളില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു അവരില്‍ പലരും. ഇത്രയും ആത്മാര്‍ഥതയും സേവനസന്നദ്ധതയും പുലര്‍ത്തുന്ന പോലീസ് സേന മറ്റെവിടെയെങ്കിലുമുണ്ടാവുമോ എന്നതു സംശയമാണ്. മാതൃകാപരമായി സേവനം നടത്തിയ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ മുതല്‍ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ വരെ എല്ലാവരെയും അഭിനന്ദനമര്‍ഹിക്കുന്നു.

ദുരിത മുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി 40,000 ത്തോളം പോലീസുകാരെയും വിന്യസിച്ചിരുന്നു. നിരവധി ആളുകളെ രക്ഷപ്പെടുത്തിയതിന് സഹായിച്ചതിനോടൊപ്പം ഏകദേശം 53000 പേരെ പൊലീസുകാര്‍ നേരിട്ട് രക്ഷപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ വിവിധ കണ്‍ട്രോള്‍ റൂമുകളിലും ജില്ലകളിലുമായി ലഭിച്ച അനേകം സഹായാഭ്യര്‍ഥനകളില്‍ ലഭിച്ച വിവരമനുസരിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കൊപ്പം ഫോണില്‍ കിട്ടുന്നവരെ ബന്ധപ്പെട്ട് ആശ്വസിപ്പിക്കാനും ശ്രമിച്ചിരുന്നു. ജില്ലകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമുകളില്‍ ഫോണ്‍ കോളുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ 10 ലൈനുകളുടെ ഒരു ഹെല്‍പ് ലൈനും ആരംഭിച്ചിരുന്നു.

വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുക, തകര്‍ന്ന വീടുകള്‍ ശരിയാക്കുക, ട്രാഫിക് തടസ്സങ്ങള്‍ ക്ലിയര്‍ ചെയ്യുക, ഡാം ഷട്ടറുകള്‍ തുറക്കുന്നതിനു മുന്‍പ് ആളുകളെ മാറ്റിപാര്‍പ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങലാണ് പൊലീസ് പ്രധാനമായും ചെയ്തിരുന്നത്. ജില്ലാ ആസ്ഥാനങ്ങളും പൊലീസ് സ്റ്റേഷനുകളും വഴി ദുരിതബാധിതര്‍ക്കുള്ള സാധന സാമഗ്രികള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതും തുടക്കം മുതല്‍തന്നെ ആരംഭിച്ചിരുന്നു.

ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പോലീസ് ഉദ്യോഗസ്ഥരെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണത്തിനും ദുരിതബാധിതരുടെ വീടുകള്‍ താമസയോഗ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തെത്തുടര്‍ന്ന് നിരവധി വീടുകളും റോഡുകളും പരിസരപ്രദേശങ്ങളും വെള്ളംകയറി വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ കുടുംബങ്ങള്‍ക്ക് വീണ്ടും താമസിക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്. അതില്‍ പോലീസ് സേന മുന്നിട്ടു നിന്ന് പ്രവര്‍ത്തിക്കും. കേരള പോലീസ് സേനയുടെ ദുരന്തമുഖത്തെ സേവനങ്ങളെ കേരള ജനത ഇരുകൈയും നീട്ടി നന്ദി പറഞ്ഞേ മതിയാകൂ.

എ എം

 

Share this news

Leave a Reply

%d bloggers like this: