ഐറിഷ് റെഡ്ക്രോസിന്റെ പ്രളയവാര്‍ത്തയില്‍ മല്ലിക സുകുമാരനും

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന് പിന്തുണയുമായി ഐറിഷ് റെഡ്ക്രോസ് രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് ഐറിഷ് റെഡ് ക്രോസ് പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റില്‍ മല്ലിക സുകുമാരന്റെ ചിത്രവും കടന്നുകൂടിയിട്ടുണ്ട്.

പ്രളയവാര്‍ത്തക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്ത ട്രോളായിരുന്നു നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ടുപോകുന്നത്. മുമ്പ് മല്ലികയുടെ തന്നെ അഭിമുഖത്തെ പരാമര്‍ശിച്ചുള്ള ട്രോളാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇതിന് മറുപടിയുമായി മല്ലിക തന്നെ രംഗത്തെത്തിയിരുന്നു. ഇത് വല്ലാത്ത ചെയ്ത്തായിപ്പോയെന്നും നിരവധി പേരാണ് ഫോട്ടോ കണ്ട് തനിക്ക് വാട്‌സാപ്പിലൂടെ മെസേജ് അയച്ചതെന്നും മല്ലിക പിന്നീട് പറയുകയുണ്ടായി.

കുറച്ചു നാളുകള്‍ക്ക് മുമ്പ് തന്റെ വീട്ടിലേക്കുള്ള റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മല്ലിക പ്രതികരിച്ചിരുന്നു. മകന്‍ പൃഥ്വിരാജിന്റെ കാറായ ലംബോര്‍ഗിനി കൊണ്ടുവരാന്‍ പാകത്തിനുള്ള റോഡ് ഇവിടെയില്ല എന്നായിരുന്നു മല്ലിക അന്ന് പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിക്കുന്നത്. ഏതായാലും കേരളത്തെ സഹായിക്കാനുള്ള ഐറിഷ് റെഡ്ക്രോസിന്റെ ധനസമാഹരണ യജ്ഞത്തിന് മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: