നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും; ടിക്കറ്റ് ബുക്കിങ് തുടങ്ങി, അയര്‍ലണ്ട് മലയാളികള്‍ക്ക് ആശ്വാസം

കൊച്ചി: പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളെല്ലാം നടത്തും.

പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. വിമാനക്കമ്പനികളെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സിയാല്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രളയത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് 220 കോടി മുതല്‍ 250 കോടി വരെ നഷ്ടമെന്നാണ് കണക്ക്. റണ്‍വേയിലെ 3600 നിരീക്ഷണ ക്യാമറകളില്‍ രണ്ടായിരത്തോളം എണ്ണം നശിച്ചു. ഇവയെല്ലാം ചേരുമ്പോഴാണ് നഷ്ടം 220- 250 കോടി വരെയായത്. വിമാനത്താവളത്തിലെ റണ്‍വേയിലും ടാക്‌സി വേയിലും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലും വെള്ളമിറങ്ങിയിരുന്നു. വിമാനത്താവളത്തിനു ചുറ്റുമുള്ള മതില്‍ പലയിടത്തും ഇടിഞ്ഞത് സുരക്ഷാ പ്രശ്‌നം ഉയര്‍ത്തിയിരുന്നു. ഇവയുടെ പണിയും പുരോഗമിക്കുകയാണ്. മതില്‍ കെട്ടുന്നതിനു കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ തല്‍ക്കാലം ലോഹഷീറ്റുകള്‍ വച്ച് മറച്ചിരിക്കുകയാണ്. വിമാനത്താവളത്തിലെ ഇലക്ട്രിക് ഉപകരണങ്ങളും വൈദ്യുത വിളക്കുകളും തകരാറിലായിരുന്നു. റണ്‍വേ ലൈറ്റുകള്‍ ഉള്‍പ്പെടെ നന്നാക്കേണ്ടി വന്നു. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലും ഡ്യൂട്ടി ഫ്രീ ഷോപ്പിലുമെല്ലാം വെള്ളം കയറിയിരുന്നു.

ഒട്ടേറെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകളില്‍ വെള്ളം കയറിയിരുന്നു. അവ പരിശോധന നടത്തി അപകടം ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ പെട്ടികള്‍ വരുന്ന കണ്‍വെയര്‍ ബെല്‍റ്റുകളിലും വെള്ളം കയറിയിരുന്നു. 800 റണ്‍വേ ലൈറ്റുകളില്‍ 760 എണ്ണം ഇളക്കി പരിശോധിച്ചു. ബാഗേജ് എക്‌സ്‌റേ യന്ത്രങ്ങള്‍ 20 എണ്ണം തകരാറിലായതു മാറ്റി പുതിയവ സ്ഥാപിച്ചു. ബാഗേജ് സ്‌കാനറുകളും കാര്‍ഗോ സ്‌കാനറുകളും പുതുക്കി.

അയര്‍ലണ്ടില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയിരുന്ന മലയാളികള്‍ കൊച്ചി വിമാനത്തയാവളം അടച്ചതിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിപ്പോയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പോരേണ്ട യാത്രക്കാരും തിരുവനന്തപുരം വഴി തിരിച്ചു വരാന്‍ ശ്രമിച്ചിരുന്നെങ്കിലും ടിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രത്യേക നിര്‍ദ്ദേശ പ്രകാരം മിക്ക ഫ്ളൈറ്റുകളും തിരുവനന്തപുരത്ത് നിന്നുമാണ് സര്‍വീസ് നടത്തി വന്നിരുന്നത്. തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ അഡീഷണല്‍ ഫൈള്റ്റ് ഉണ്ടെങ്കിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നൂറുകണക്കിന് അയര്‍ലണ്ട് മലയാളികളാണ് നാട്ടിലുണ്ടായിരുന്നത്. പെരുന്നാളും ഓണവും പ്രമാണിച്ചു ഏറ്റവും വലിയ യാത്രാ തിരക്ക് അനുഭവപ്പെടുന്ന സമയമായതാണ് പ്രതിസന്ധി കൂട്ടിയത്.

പെരിയാറിലെ വെള്ളപ്പൊക്കമാണ് നെടുമ്പാശേരി വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കിയത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു. എയര്‍ലൈനുകള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍ ഉള്‍പ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാരില്‍ 90 ശതമാനവും പ്രളയക്കെടുതികള്‍ നേരിട്ടതും തിരിച്ചടിയായി.

വിമാനത്താവളത്തിന് 250 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രളയത്തെ തുടര്‍ന്ന് രണ്ടര കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍ ഇടിയുകയും ബാഗേജ് സ്‌കാനറുകളും എക്‌സ്‌റേ യന്ത്രങ്ങളും നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തന രഹിതമാവുകയും ചെയ്തിരുന്നു.സോളാര്‍ പാടത്തും ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലും ഡ്യൂട്ടി ഫ്രീ ഷോപ്പിലുമെല്ലാം വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. ഇവയെല്ലാം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുകയായിരുന്നു സിയാലിന്റെ ആദ്യ ദൗത്യം. റണ്‍വേയിലെ ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ മൂന്നു മില്ലിങ് യന്ത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് നേരത്തെ എത്തിച്ചിരുന്നു.പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് റണ്‍വേയിലെ മുഴുവന്‍ ലൈറ്റുകളും അഴിച്ചു പരിശോധിച്ചു. ഇരുനൂറിലേറെപ്പേരുടെയും യന്ത്രങ്ങളുടെയും വിശ്രമ രഹിത പരിശ്രമമാണ് ഇത്രപെട്ടെന്ന് വിമാനത്താവളം തുറക്കാന്‍ സജ്ജമാക്കിയത്.

എ എം

Share this news

Leave a Reply

%d bloggers like this: