ഫ്രാന്‍സിസ് പാപ്പ നടത്തിയ ദിവ്യബലിയില്‍ മലയാളത്തില്‍ പ്രാര്‍ത്ഥന വാചകം ഉരുവിട്ട് അയര്‍ലണ്ട് മലയാളി

ഡബ്ലിന്‍: ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സൗഭാഗ്യ നിമിഷങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഐറിഷ് മലയാളിയായ ജിജി വര്‍ഗീസും കുടുംബവും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് തിരശീലകുറിച്ച് കഴിഞ്ഞ ഞായറാഴ്ച ഫോണിക്‌സ് പാര്‍ക്കില്‍ നടന്ന ദിവ്യബലിക്കിടെ മലയാളത്തില്‍ പ്രാര്‍ഥന ചൊല്ലാന്‍ ആകസ്മികമായി അവസരം ലഭിച്ചത് ജിജി വര്‍ഗീസിനാണ്. ഓഗസ്റ്റ് 26 ഉച്ചതിരിഞ്ഞ് 3.00ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ രണ്ട് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

വേള്‍ഡ് മീറ്റിംഗിന്റെ വെബ് സൈറ്റില്‍ വോളന്റീയരായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് ആഗോള കുടുംബസംഗമത്തിന്റെ സംഘാടകരില്‍ നിന്ന് ജിജിക്ക് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഫോണിക്‌സ് പാര്‍ക്കില്‍ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ മലയാളത്തില്‍ പ്രാര്‍ത്ഥന വാചകം ചൊല്ലാന്‍ കഴിയുമോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ വേദിയില്‍ നില്‍ക്കുവാന്‍ കഴിയുകയെന്ന അസുലഭ ഭാഗ്യം ജിജി സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. സംഘാടകര്‍ തന്നെ തയ്യാറാക്കിയ പ്രാര്‍ത്ഥന വാചകങ്ങള്‍ ആയിരുന്നു ജിജി വേദിയില്‍ ഉരുവിട്ടത്.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ജിജി വര്‍ഗീസ് ഭാര്യ സിജി, മക്കള്‍ ആരോണ്‍ വര്‍ഗീസ്, ജോഹന്ന മേരി, സാമുവല്‍ ജോസഫ്(late), പോള്‍ ജോസഫ് കഴിഞ്ഞ പത്ത് വര്‍ഷമായി അയര്‍ലണ്ടിലെ സ്ലിഗൊയിലാണ് താമസിച്ചുവരുന്നത്. ആഗസ്റ്റ് 21മുതല്‍ 26വരെയുള്ള എല്ലാ ദിവസങ്ങളില്‍ പല ഷിഫ്റ്റുകളിലായി മലയാളികളുള്‍പ്പെടെ നൂറുകണക്കിനു വോളന്റീയര്‍മാരാണ് ആഗോള കുടുംബ സംഗമത്തിനായി സന്നദ്ധ സേവനങ്ങള്‍ ചെയ്തുവന്നത്.

ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ചിരുന്നു. ദുരിതബാധിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പറഞ്ഞ പാപ്പ കേരളത്തെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: