പ്രളയത്തെ അതിജീവിക്കാന്‍ ആഹ്വാനം ചെയ്ത് അയര്‍ലണ്ട് മലയാളി യുവാക്കള്‍ ഒരുക്കിയ റാപ്പ് ഗാനം ശ്രദ്ധിക്കപ്പെടുന്നു

അതിജീവനത്തിന്റെ പാതയിലുള്ള മലയാളികളെ പ്രചോദിപ്പിച്ച് അയര്‍ലണ്ടിലെ ഒട്ടുകൂട്ടം മലയാളി യുവാക്കള്‍ പുറത്തിറക്കിയ ‘കേരള 01’ എന്ന പുതിയറാപ്പ് ഗാനം ശ്രദ്ധിക്കപ്പെടുന്നു. പ്രളയക്കെടുതി മനുഷ്യരില്‍ വരുത്തിയ മാറ്റങ്ങളും പുതിയ വെല്ലുവിളികളുമെല്ലാം ഏറ്റെടുത്ത് നാം മുന്നോട്ട് പോകാന്‍ ആഹ്വാനം ചെയ്യുന്ന വരികളാണ് ഗാനത്തിനുള്ളത്. സാന്ത്വനവും പ്രചോദനവും നല്‍കുന്ന തരത്തിലാണ് ഗാനത്തിന്റെ നിര്‍മിതി.

സാമൂഹിക പ്രസക്തിയുള്ള മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ നൊമഡിക് വോയ്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന് പിന്നണിയിലുള ശരത്ത് ശശിധരന്‍ ഡബ്ലിനിലെ ബ്ലൂംഫീല്‍ഡ് ഹെല്‍ത്ത് സെന്ററിലെ നേഴ്‌സാണ്. പ്രളയ ദുരിതത്തില്‍പ്പെട്ട തന്റെ സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ശരത്ത് ഈ ഗാനത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. ഗാനം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.

പ്രളയം നമുക്ക് നഷ്ടങ്ങള്‍ അല്ലാതെ എന്താണ് നല്‍കിയത്? പരസ്പര സ്‌നേഹത്തിന്റെ കാഴ്ചകള്‍, കണ്ണ് നനയിച്ച നിമിഷങ്ങള്‍, ഊര്‍ജം നല്‍കിയ അനുഭവങ്ങള്‍, ഒരുമയില്‍ വിശ്വസിക്കുന്ന ഒരു ജനതയുടെ പ്രാര്‍ത്ഥനകള്‍, മഹാ പ്രളയമെന്ന നരകയാതനക്കിടയിലും മലയാളക്കര ഒരു ചെറു സ്വര്‍ഗം തന്നെ എന്നുള്ള തിരിച്ചറിവ്. പലരും എഴുതിയത്തള്ളിയ യുവജനങ്ങള്‍ കൈമെയ്യ് മറന്നാണ് രക്ഷ ദൗത്യത്തിന് മുന്‍കൈ എടുത്തത്. ഈ യുവാക്കള്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ചും, പ്രളയത്തില്‍ സാന്ത്വനം ഏകിയ പട്ടാളത്തിനും, പോലീസിനും, മാധ്യമങ്ങള്‍ക്കും, മുക്കുവര്‍ക്കും, അങ്ങനെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുമാണ് ഈ റാപ്പ് ഗാനം ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ ശരത്ത് ശശിധരനും സംഘവുമാണ് ഈ ഗാനങ്ങളുടെ പിന്നണിയിലുള്ളത്. ആശയം, ഗാന രചന, റാപ്പ് തുടങ്ങിയവ ശരത്ത് ശശിധരനും പാടിയിരിക്കുന്നത് കോഴിക്കോട്ടുകാരനായ ഗോപകിഷോറുമാണ്, ഇവരുടെ ‘കേള്‍ക്കാമോ,’ ‘തേപ്പ് ഗേള്‍’, ‘രാഗം നീ എന്‍’ തുടങ്ങിയ റാപ്പ് ഗാനങ്ങളൊക്കെ യൂ ടൂബില്‍ മികച്ച അഭിപ്രായമാണ് നേടിയിട്ടുള്ളത്. വരും മാസങ്ങളില്‍ വ്യത്യസ്ത ആശയങ്ങളില്‍ പുതിയ ഗാനങ്ങള്‍ ഇറക്കുമെന്നും ഇവര്‍ പറയുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: