ഷെറിന്‍ മാത്യൂസ് കൊലക്കേസ്: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസ റദ്ദാക്കും

ലോക മലയാളികള്‍ക്ക് തന്നെ ഏറെ മാനോവ്യഥയുണ്ടാക്കിയ സംഭവമാണ് ടെക്‌സസിലെ റിച്ചാര്‍ഡ്‌സണില്‍ താമസക്കാരായ വെസ്ലി-സിനി ദമ്പതികളുടെ മകള്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം. വളര്‍ത്തുമകളെ കൊലപ്പെടുത്തിയതിന് യു.എസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസ റദ്ദാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമായ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡ് റദ്ദാക്കുന്നതിനു പുറമേ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്താനുമാണു വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ക്കു പുറമേ കേസിന്റെ അനന്തരഫലത്തെച്ചൊല്ലി വിദേശരാജ്യവുമായുള്ള ബന്ധം വഷളാക്കാനുള്ള താല്‍പര്യക്കുറവുമാണു നടപടിക്കു പ്രേരകമായതെന്നാണു വിശദീകരണം.

ബിഹാറിലെ ഗയയില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസെന്ന മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയതിന് ജയിലിലായ വെസ്ലി-സിനി മാത്യൂസ് ദമ്പതികള്‍ക്കും ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരേയാണു കേന്ദ്രനീക്കം. മാത്യൂസ് ദമ്പതികളുടെ സുഹൃത്തുക്കളും മലയാളികളുമായ മനോജ് എന്‍. ഏബ്രഹാം, നിസി ടി. ഏബ്രഹാം എന്നിവര്‍ക്കാണ് ഒ.സി.ഐ. റദ്ദാക്കല്‍ നോട്ടീസ് ആദ്യം ലഭിച്ചത്. ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഇവര്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഷെറിനെ ദത്തെടുത്ത വെസ്ലി മാത്യൂസ്, സിനി മാത്യൂസ്, വെസ്ലിയുടെ മാതാപിതാക്കള്‍ എന്നിവരും ഒ.സി.ഐ. റദ്ദാക്കല്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൂസ്റ്റണിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഖാന്തിരമാണ് വിദേശകാര്യമന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: