നേഴ്സുമാരുടെ സമരം ഗാല്‍വേ യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആരംഭിച്ചു; നാളെ കോര്‍ക്കിലും ലീമെറിക്കിലും

ഡബ്ലിന്‍: ആശുപത്രികളില്‍ ശൈത്യകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നാരോപിച്ച് നേഴ്സുമാര്‍ നടത്തുന്ന ഭാഗിക സമരം ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ആരംഭിച്ചു. ഉച്ചനേരത്തെ ഒഴിവുസമയത്താണ് നേഴ്സുമാര്‍ പ്രധിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിഞ്ഞതോടെ നേഴ്‌സുമാരുടെ ജോലി ഇരട്ടിയായിരിക്കുകയാണ്. ശൈത്യം അടുത്ത് വരുമ്പോള്‍ ആശുപത്രികളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നും അതിനാല്‍ സ്റ്റാഫുകളുടെ കുറവ് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് മുതല്‍ നേഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നത്.

രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന തിക്കും തിരക്കും നിയന്ത്രിച്ചില്ലെങ്കില്‍ തണുപ്പ് കാലത്ത് പരിധി വിടുമെന്ന് നേഴ്‌സസ് ആന്‍ഡ് മിഡൈ്വവ്സ് സംഘടന വ്യക്തമാക്കുന്നു. വിന്റര്‍ സീസണിനെ നേരിടാന്‍ ആവശ്യമായ തയാറെടുപ്പുകള്‍ ഇതുവരെ എടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം എച്ച്.എസ്.ഇ യുമായി നടത്തിയ ചര്‍ച്ചയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യമൊട്ടാകെ നൂറ്റിഎഴുപതോളം നേഴ്സ് ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. മെറ്റേണിറ്റി ലീവിലുള്ളവര്‍ക്ക് പകരം സ്റ്റാഫുകളെയും ഇനിയും നിയമിച്ചിട്ടില്ല. ഗാല്‍വേ യുണിവേഴ്സിറ്റില്‍ ഇന്ന് ആരംഭിച്ച നേഴ്‌സുമാരുടെ സമരം നാളെ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കും ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കും വ്യാപിക്കും.

തണുപ്പുകാല രോഗങ്ങള്‍ വര്‍ധിക്കുന്നതോടെ സ്ഥലപരിമിതികളും, ബെഡ്ഡുകളും നല്‍കാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്തില്ലെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയേക്കാള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അയര്‍ലണ്ടിലെ ആശുപത്രികള്‍ നേരിടേണ്ടി വരുമെന്നാണ് INMO മുന്നറിയിപ്പ് നല്‍കുന്നത്. വേനല്‍ക്കാലത്ത് പോലും വന്‍ തിരക്കായിരുന്നു അയര്‍ലന്റിലെ വിവിധ ആശുപത്രികളില്‍ അനുഭവപ്പെട്ടത്. ഐ.എന്‍.എം.ഒ യുടെ കണക്കുകള്‍പ്രകാരം 8,000 രോഗികളാണ് വിവിധ ആശുപത്രികളിലായി കഴിഞ്ഞ മാസത്തില്‍ ട്രോളികളില്‍ ചികിത്സ കാത്ത് കിടന്നത്. തിരക്ക് അനുഭവപ്പെടുന്ന ആശുപത്രികളുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ഗാല്‍വേ ആശുപത്രിയാണ്. തുടര്‍ന്ന് ലീമെറിക്കിലെയും കോര്‍ക്കിലെയും യൂണിവേഴ്‌സിറ്റി ആശുപത്രികളും ഈ പട്ടികയില്‍ ഉണ്ട്.

Share this news

Leave a Reply

%d bloggers like this: