ഡബ്ലിനിലെ 30 കിലോമീറ്റര്‍ വേഗപരിധി കൂടുതല്‍ പ്രദേശങ്ങളിലേക്ക്

ഡബ്ലിന്‍: ഡബ്ലിനില്‍ നിരത്തിലൂടെ വാഹനവുമായി ഇറങ്ങുന്നവര്‍ ഇനി അലപ്പം കരുതലെടുത്തോളൂ. വാഹനങ്ങള്‍ക്കുള്ള 30 കിലോമീറ്റര്‍ വേഗതാ പരിധി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് പുതിയ ഉപനിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഗതാഗത വകുപ്പ്. ഇതോടെ ഡബ്ലിന്‍ നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വേഗപരിധി ബാധകമാക്കും. പുതിയ നിര്‍ദേശത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയും 30 കിലോമീറ്റര്‍ വേഗപരിധിയാക്കാന്‍ കഴിയുന്ന മറ്റ് റോഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സില്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.

ഡബ്ലിന്റെ വടക്കന്‍ മേഖലകളായ കൂലോക്ക്, അര്‍ടൈന്‍, കില്ലേസ്റ്റര്‍, ക്ലോന്‍ടര്‍ഫ്, കാബ്ര, നോര്‍ത്ത് വാള്‍, ഗ്ലാസ്‌നെവിന്‍, ഫിന്‍ഗ്ലാസ് ഡ്രംകോണ്‍ട്ര തുടങ്ങി 31 പ്രദേശങ്ങളിലേക്കാണ് നിശ്ചിത വേഗപരിധി പുനര്‍നിര്‍ണയിക്കാന്‍ ഉദ്ദേശിക്കുന്നത്. ഡബ്ലിന്റെ തെക്ക് ഇഞ്ചിക്കോര്‍, കില്‍മൈന്‍ഹാം, ഡോണിബ്രുക്, ഗ്രാന്‍ഡ് കാനാലിനോട് ചേര്‍ന്ന ഹാരോള്‍ഡ്സ് ക്രോസ്സ്, രാത് മൈന്‍സ്, പോര്‍ട്ടോബെല്ലോ, ബാള്‍സ്ബ്രിഡ്ജ് തുടങ്ങിയ ഇടങ്ങളിലും വാഹന വേഗത നിയന്ത്രിക്കപ്പെടും. കൂടാതെ പ്രധാന സ്‌കൂള്‍ മേഖലകളിലും വാഹങ്ങളുടെ വേഗത കുറയ്ക്കേണ്ടി വരും.

10 വര്‍ഷം മുമ്പ് ഷോപ്പിംഗ് ഏരിയകളിലും സെന്‍ട്രല്‍ ബിസിനസ് ഏരിയകളിലും വാഹനങ്ങളുടെ വേഗപരിധി 50 കിലോമീറ്ററില്‍ നിന്ന് 30 കിലോമീറ്ററായി കുറച്ചിരുന്നു. 2011 ല്‍ 30 കിലോമീറ്റര്‍ വേഗപരിധിയുള്ള പ്രദേശങ്ങള്‍ വിപുലീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബോള്‍ട്ടന്‍ സ്ട്രീറ്റിന്റെ വടക്ക് ഭാഗം മുതല്‍ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിന്റെ തെക്ക് ഭാഗം വരെയും ചര്‍ച്ച് സ്ട്രീറ്റിന്റെ പടിഞ്ഞാറ് ഭാഗം മുതല്‍ ഗാര്‍ഡിനര്‍ സ്ട്രീറ്റിന്റെയും ഡോസണ്‍ സ്ട്രീറ്റിന്റെയും കിഴക്ക് വരെയും വേഗപരിധി നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബോള്‍സ്ബ്രിഡ്ജിന്റെ ഭാഗവും റിംഗ്‌സെന്‍ഡ് ഏരിയയും മരിനോയുമെല്ലാം 30 കിലോമീറ്റര്‍ വേഗപരിധിക്കുള്ളിലാക്കിയിരുന്നു.

നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗത സ്ഥിതിയെ കുറിച്ച് കൗണ്‍സില്‍ നീണ്ട ഒരു പരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരത്തിന്റെ ഒട്ടുമിക്ക മേഖലകളെയും 30 കിലോമീറ്റര്‍ വേഗപരിധിക്കുള്ളിലാക്കാന്‍ തീരുമാനമായത്. ഘട്ടം ഘട്ടമായി ഈ വര്‍ഷം അവസാനത്തോടെ പുതുക്കിയ വേഗപരിധി രാജ്യത്ത് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 235,000 യൂറോ ചെലവഴിച്ചാണ് പുതിയ വേഗത പരിധിക്കനുസരിച്ച് റോഡുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാന്‍ ഗാര്‍ഡയും നിരത്തുകളില്‍ ഉണ്ടാകും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: