കേരളത്തിന് കൈതാങ്ങായി മലയാളീസ് ഓഫ് മെല്‍ബണ്‍: ഒക്ടോബര്‍ 5 ന് ‘ദി എവൈകനിംഗ്’ മെഗാ ഷോ

മെല്‍ബണ്‍ :കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളം കണ്ടിട്ടില്ലാത്ത ഭീകരമായ പ്രളയക്കെടുതിയില്‍ പെട്ടു പോയവരെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഒഴുകി പോയ അവരുടെ ജീവിതങ്ങള്‍ തിരികെയെത്തിക്കാന്‍ മെല്‍ബണിലെ എല്ലാ മലയാളി സംഘടനകളും കൈകോര്‍ക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ, മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍, കെ എച്ച് എസ് എം, എസ് എന്‍ എന്‍ എം, തൂലിക, വിപഞ്ചിക, ഡാന്റിനോംഗ് ആര്‍ട്‌സ് ക്ലബ്, ഗ്രാന്മ, നവോദയ, ഓ ഐ സി സി, കേസി മലയാളി, ബെറിക്ക് അയല്‍ക്കൂട്ടം, നാദം, എന്റെ കേരളം, പാന്‍ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ ‘മലയാളീസ് ഓഫ് മെല്‍ബണ്‍ (എം. ഓ. എം)’ എന്ന പേരില്‍ ഒരു കുടക്കീഴിലാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. ആഗസ്ത് 25 ന് ബഹു. ഫെഡറല്‍ എം.പി ആന്റണി ബെയ്നിന്റെ സാന്നിധ്യത്തില്‍ മലയാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത പ്രഥമ ആലോചനാ യോഗത്തില്‍ വെച്ച് ദുരിതാശ്വാസഫണ്ട് പിരിവിനായി ഒരു മെഗാ ഷോ, ‘ദി എവൈകനിംഗ്’ ആസൂത്രണം ചെയ്യുകയായിരുന്നു.

മലയാള സിനിമാസംഗീത രംഗത്തെ മാസ്മരിക സാന്നിധ്യം ശ്രീ. ഔസേപ്പച്ചന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. അതോടൊപ്പം മെല്‍ബണിലെ പ്രഗത്ഭരായ കലാകാരന്മാരുടെ നൃത്ത സംഗീത കലാപരിപാടികളും ഉണ്ടായിരിക്കും. പിരിച്ചു കിട്ടുന്ന തുകയില്‍ ഒരു ചെറിയ ഭാഗം കനത്ത വരള്‍ച്ചയില്‍ പെട്ട ഓസ്ട്രേലിയന്‍ കര്‍ഷകര്‍ക്കും ബാക്കി മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുമെന്ന് സംഘാടകര്‍ക്ക് വേണ്ടി ഡോ. ആഷാ മുഹമ്മദ് അറിയിച്ചു. കൂടാതെ, ഉദാരമതികള്‍ക്കു എം. ഓ. എമ്മിന്റെ അക്കൗണ്ടിലേക്ക് ഒക്ടോബര്‍ 7 വരെ സംഭാവനയായും പണമയക്കാവുന്നതാണ് (BSB: 033341, Acc: 711792).

ഓസ്ട്രേലിയയിലെ മികച്ച തിയേറ്ററുകളോട് കിടപിടിക്കുന്ന അത്യാധുനിക അക്കൂസ്റ്റിക് സംവിധാനങ്ങളുള്ള ‘ബഞ്ചില്‍ പ്ലേയ്‌സ്’ ആണ് വേദി. ടിക്കറ്റുകള്‍ എല്ലാ സംഘടനാ ഭാരവാഹികളില്‍ നിന്നും ലഭ്യമാണ്. ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വിക്ടോറിയന്‍ സ്റ്റേറ്റ്, ഫെഡറല്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ അടക്കം പല പ്രമുഖരും സംബന്ധിക്കും.

 

 

 

 

വാര്‍ത്ത: നിഭാഷ് ശ്രീധരന്‍
Share this news

Leave a Reply

%d bloggers like this: