കഞ്ചാവ് ചേര്‍ന്ന പാനീയവുമായി കൊക്കകോള

ലോകത്തിലെ ഏറ്റവും വലിയ പാനീയ ഉത്പാദന കമ്പനിയായ കൊക്കകോള പുതിയ പാനീയം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കഞ്ചാവ് ചേരുവയായ പാനീയമായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.

ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തി. ഔഷധ നിര്‍മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്. അറോറയുമായി കൈകോര്‍ത്ത് പാനീയ വിപണിയില്‍ തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിക്കാനൊരുങ്ങുകയാണ് കൊക്കകോള.

മാനസികോത്തേജനം നല്‍കുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പാനീയത്തിലുപയോഗപ്പെടുത്തുക. കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങള്‍ ഇവയുടെ ചികിത്സക്കായി കഞ്ചാവ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ പലയിടത്തും അനുമതിയുണ്ട്. ഇക്കാര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനാണ് കൊക്കകോളയുടെ നീക്കം.

നിലവില്‍ കോളയുടെ അനാരോഗ്യപരമായ ഘടകങ്ങള്‍ കൊക്കകോളയുടെ ആഗോള വില്‍പനയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉയര്‍ന്നതോതില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നത് കൊണ്ട് പലരും കോള ഒഴിവാക്കുന്നു. ഉന്മേഷം പകരാനായുള്ള ചേരുവകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയ വിശദീകരണമുള്ളതു കൊണ്ട് കോളയുടെ ഉപയോഗത്തില്‍ ഇടിവ് വന്നിട്ടുണ്ട്. പുതിയ ഉത്പന്നത്തിലൂടെ പാനീയ വിപണിയിലെ കുത്തക വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് കൊക്കകോള.

 

 

Share this news

Leave a Reply

%d bloggers like this: