ഹെലന് പിന്നാലെ ‘അലി’ കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; 17 കൗണ്ടികളില്‍ ഓറഞ്ച് വാണിങ്

ഡബ്ലിന്‍: അയര്‍ലണ്ട് തീരത്ത് ‘അലി’ കൊടുങ്കാറ്റ് ഇന്ന് പകല്‍ ആഞ്ഞടിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ഐറിഷ് ജനത ആശങ്കയില്‍. ഹെലന്‍ കൊടുങ്കാറ്റിന് പിന്നാലെ വന്‍നാശം വിതയ്ക്കാന്‍ പര്യാപ്തമായ ‘അലി’ കൊടുങ്കാറ്റ് അയര്‍ലണ്ട് തീരത്തേക്ക് അടുക്കുന്നതായി മെറ്റ് ഐറാനാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ പതിനേഴ് കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് നല്‍കിക്കഴിഞ്ഞു. കാവന്‍, മൊണഗന്‍, ഡൊണഗല്‍, ഡബ്ലിന്‍, കില്‍ഡയര്‍, ലോങ്ങ് ഫോര്‍ഡ്, ഒഫാലി, ലോത്ത്, വെസ്റ്റ് മീത്ത്, മീത്ത്, ഗാള്‍വേ, ലെയ്ട്രിം, മായോ, സ്ലിഗൊ, ക്ലയര്‍, കെറി, റോസ്‌കോമണ്‍ എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റ് പ്രദേശങ്ങള്‍ യെല്ലോ വാണിങ്ങില്‍ തുടരും. ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വൈകുന്നേരം വരെ ഈ മുന്നറിയിപ്പ് തുടരും.

അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്ത അലി കൊടുങ്കാറ്റ് രാജ്യത്തിന്റെ തെക്കന്‍ തീരപ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമായാണ് ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. 130 കിലോ മീറ്റര്‍ വേഗതയിലെത്തുന്ന അലി കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന ഭീതിയുമുണ്ട്. ക്ലയര്‍, ഡോണഗല്‍, കോനാക്ട് തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്ത രണ്ട് വ്യത്യസ്ത ന്യൂനമര്‍ദങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അയര്‍ലന്‍ഡ് തീരങ്ങളില്‍ എത്തുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ സഞ്ചാര പാത അയര്‍ലണ്ടിലുടെ യുകെയിലേക്കാണ്.

പലയിടങ്ങളിലും പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേമാരിയില്‍ റോഡ് ഗതാഗതം താറുമാറാകുമെന്ന ആശങ്കയിലാണ് അധികൃതര്‍. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. കനത്ത മഴ, വെള്ളപൊക്കം, മരങ്ങള്‍ ഒടിഞ്ഞുവീഴുക, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം, വൈദ്യുതി തടസ്സം, തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. പല ഓഫീസുകളും ഇന്ന് അടച്ചിട്ടും. വിമാന യാത്രക്കാരും യാത്ര വിവരങ്ങള്‍ ശരിയായി ഉറപ്പുവരുത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: