നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ പത്തു വര്‍ഷം പിന്നോട്ടടിക്കുമോ? ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു

നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ പത്തു വര്‍ഷം പിന്നോട്ടടിക്കുമോ? ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്നത് ഡീലുകള്‍ ഇല്ലാതെയാണെങ്കില്‍ ബ്രിട്ടന്റെ സമ്പദ്ഘടനയ്ക്ക് കാര്യമായ ക്ഷതം സംഭവിക്കുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

നോ ഡീല്‍ ബ്രിട്ടനെ പത്ത് വര്‍ഷം പിന്നോട്ടടിക്കുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ അയല്‍രാജ്യങ്ങളുമായി വളരെ അടുപ്പവും ശാശ്വതവുമായ ഒരു പങ്കാളിത്തം ഉറപ്പാക്കണം. അത് അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നല്‍കിയ മുന്നറിയിപ്പ് അവഗണിക്കാനാവില്ലെന്ന് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടന്റെ സാമ്പത്തിക രംഗം തകിടം മറിക്കുമെന്ന് നേരത്തേ ഐ എം എഫ് മേധാവിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രെക്സിറ്റ്‌ ഡീലുകളെ സംബന്ധിച്ച് ഭരണകക്ഷി എം പിമാർ തന്നെ രണ്ടു തട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ഫിലിപ്പ് ഹാമണ്ടിന്റെ പ്രസ്താവന കൂടുതൽ തർക്കങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. മുൻ ബ്രെക്സിറ്റ്‌ മിനിസ്റ്റർ ഡേവിഡ് ജോൺസ് പ്രധാനമന്ത്രി തെരേസാ മേയ് ഫിലിപ്പ് ഹാമണ്ടിന്റെ രാജി ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.

ബ്രെക്‌സിറ്റിന് നേരിടുന്നതിന് വേണ്ടി ബ്രിട്ടന്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും ഒരു ഡീല്‍ ഉറപ്പാക്കാതെ വിടുന്നത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നേടിയതെല്ലാം കളയുന്ന അവസ്ഥയുണ്ടാകും. അതേസമയം ഹാമാന്‍ഡിന്റെ പ്രസ്താവന പ്രധാനമന്ത്രി തെരേസാ മേയ്ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കവെ ഇത്തരം വിമര്‍ശനങ്ങള്‍ തിരിച്ചടിയാകുമെന്ന നിലപാടിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ബ്രെക്സിറ്റിനായി തെരേസ നിലവില്‍ സജ്ജമാക്കിയിരിക്കുന്ന ചെക്കേര്‍സ് പ്ലാന്‍ അഴിച്ച്‌ പണിയണമെന്ന നിര്‍ണായകമായ നിര്‍ദ്ദേശം യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് മുന്നോട്ട് വച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്ന അതിര്‍ത്തി നിര്‍ദേശങ്ങള്‍ താന്‍ ഇനിയും മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കല്‍ ബാര്‍ണിയര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിനും യുകെയ്ക്കുമിടയില്‍ കടുത്ത അതിര്‍ത്തി വേണമെന്ന് തന്നെയാണ് യൂണിയന്‍ ഇപ്പോഴും ശക്തമായി ആവശ്യപ്പെടുന്നത്.

ബ്രെക്സിറ്റ് ചര്‍ച്ചകളെ വഴിമുട്ടിച്ച ഏറ്റവും വലിയൊരു പ്രശ്നമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തിയെ സംബന്ധിച്ചുള്ളത്. ഇതിനായി യൂണിയന്‍ ഏറ്റവും ഒടുവില്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം തെരേസ തള്ളിക്കളഞ്ഞിരുന്നു. ഇതിലൂടെ യൂണിയന്‍ യുകെയ്ക്കിടയില്‍ വിള്ളലുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് തെരേസ ആരോപിക്കുകയും ചെയ്തിരുന്നു. യുകെ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രൊസസ് ചെയ്യുന്നത് ഒരു വര്‍ഷം വരെ ഇനിയും നീട്ടി വയ്ക്കുകയും അതിലൂടെ ചര്‍ച്ചയുടെ വഴി മാറ്റുകയുമെന്ന ഒരു ആശയത്തെ ഇക്കഴിഞ്ഞ ആഴ്ചകളിലായി ബ്രസല്‍സിലെ ചില ഉന്നത നേതാക്കള്‍ പിന്തുണയ്ക്കുന്നത് കാണാമായിരുന്നു.

അടുത്ത മാസം മുപ്പതിന് നടക്കുന്ന കൺസർവേറ്റിവ് പാർട്ടി കോൺഫറൻസിൽ മേയ്‌ക്കെതിരെ ശക്തമായ നീക്കങ്ങളുമായാണ് വിമത വിഭാഗം അണിയറയിൽ ഒരുങ്ങുന്നത്. മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വത്തിലാണ് അണിയറയിലെ നീക്കങ്ങൾ. എന്ത് തന്നെ സംഭവിച്ചാലും 2019 മാര്‍ച്ചില്‍ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോവുമെന്നാണ് സംശയങ്ങള്‍ക്കിടയില്ലാത്ത വിധത്തില്‍ തെരേസ സ്ഥിരീകരിച്ചിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: