ഇന്നത്തെ സഭയുടെ നേര്‍കാഴ്ചയുമായി പ്രസാദ് കെ ഐസക്കിന്റെ ‘പാപക്കറ’ എന്ന കവിത

സഭയ്ക്കും, കപടപുരോഹിതന്മാര്‍ക്കും നേരെയുള്ള ചാട്ടുളി ആവുകയാണ് സെല്‍ബ്രിഡ്ജ് സ്വദേശിയായ പ്രസാദ് കെ ഐസക്കിന്റെ ‘പാപക്കറ’ എന്ന കവിത.

പാപക്കറ

കുമ്പസാരക്കൂട്ടില്‍ കുടിലതന്ത്രവുമായി കള്ളനാം കത്തനാര്‍ കാത്തിരുന്നു
കുഞ്ഞാടുചൊല്ലിയ കുറ്റങ്ങള്‍ കേട്ടച്ചന്‍ ആത്മഹര്‍ഷത്താല്‍ മതിമറന്നു
ആത്മഗതംപോലെ അച്ചന്‍ പറഞ്ഞപ്പോള്‍ അല്‍മേനി എന്തൊരു പൊട്ടനാണ്
എന്തിനീ കുറ്റങ്ങള്‍ എന്നോടു ചൊല്ലുന്നു കര്‍ത്താവും ഞാനുമായ് എന്തുബന്ധം
നേരിട്ട് കര്‍ത്താവോടേറ്റുപറഞ്ഞാല്‍ പാപങ്ങളെല്ലാം പൊറുക്കുകില്ലേ
കര്‍ത്താവുപോലും പൊറുക്കാത്തതെറ്റുകള്‍ എത്രയോ ചെയ്യുന്നു പാപിയാം ഞാന്‍
കറപുരണ്ടെന്റെകൈകള്‍കൊണ്ടെത്രയോ കുര്‍ബാനനല്കിഞാന്‍കുഞ്ഞാടിന്
പള്ളിയില്‍നിന്നും പണ്ടാട്ടിപ്പുറത്താക്കി കച്ചവടക്കാരെ യേശുനാഥന്‍
വിശ്വസമെന്നത് കച്ചവടമിന്നു പള്ളികളെല്ലാം അതിന്റെ കേന്ദ്രം
കോടികള്‍ കൊണ്ടിന്നു പള്ളിപണിയുന്നു കൂരയില്ലാത്തവര്‍ ചുറ്റുമുണ്ട്
കാലിത്തൊഴുത്തില്‍ പിറന്നവനെന്തിനു കൊട്ടാരംപോലുള്ള പള്ളിമേട
കൊട്ടാരംപോലുള്ള പള്ളികാത്തീടുവാന്‍ കാവല്‍കാരുണ്ടോരോ പള്ളിയിലും
മെത്രാനുപാരിതില്‍ പാറിനടക്കുവാന്‍ കോണ്ടസ അല്ലെങ്കില്‍ ബെന്‍സുവേണം
കൂടിയകാറുകള്‍മാത്രമതുപോര ഫാന്‍സിനമ്പരും കൂടിവേണം
കോടികള്‍വേണംകൂടിയകാറിനു നമ്പറിനായി പിന്നെ ലക്ഷങ്ങളും
കോടതികേറിയിറങ്ങുന്നു കക്ഷികള്‍ കാശുള്ളപള്ളികള്‍ കൈക്കലാക്കാന്‍
കോടികള്‍ വാരിയെറിയുന്നു കക്ഷികള്‍ കോടതിക്കേസുജയിക്കുവാനായ്
വക്കീലിന്‍ഫീസിന്റെ പാതിയതുമതി പാവങ്ങള്‍ പട്ടിണിമാറ്റിടുവാന്‍
വക്കാണം മൂത്തൊരു പള്ളികളിലൊന്നും കര്‍ത്താവിന്‍സാന്നിധ്യമൊട്ടുമില്ല
കക്ഷിവഴക്കുകള്‍ കണ്ടുമടിത്തിട്ടു കര്‍ത്താവ് പണ്ടേ പടികടന്നു
കുര്‍ബാന ചൊല്ലുവാന്‍ കാവലിനായിട്ട് കാക്കിയുടുപ്പിട്ടോര്‍ ചുറ്റുംവേണം
ആപ്പിള്‍ അണ്ടിപ്പരിപ്പ് ആട്ടിന്‍സ്റ്റ്യു ഇല്ലാതെ മെത്രാനും ബാവയും തിന്നുകില്ല
മുന്തിയ ഭക്ഷണം മേശമേലില്ലെങ്കില്‍ മെത്രാന്റെമോറു തെളിയുകില്ല
അന്നമില്ലാതെ അലയുന്നോര്‍ ചുറ്റിലും ഉണ്ടെന്ന കാര്യം മറന്നിടുന്നു
ബന്തുജനങ്ങളും വീടുമുപേക്ഷിച്ചു തിരുവസ്ത്രമിട്ടവള്‍ കന്യാസ്ത്രിയായി
കാമവെറിപൂണ്ട അച്ഛനും മെത്രാനും അവളുടെ കന്ന്യാത്വം കട്ടെടുത്തു
സങ്കടം ചൊല്ലുവാന്‍ അരുമവള്‍ക്കില്ല മഠം എന്നമതിലാല്‍ മറച്ചവളെ
അവളുടെ ദുഃഖത്തില്‍ മനസ്സലിവുള്ളവര്‍ നീതിതേടി ഇന്നുതെരുവിലാണ്
ഗോഗുല്‍ത്തായിലെ ക്രൂശില്‍ പിടഞ്ഞു പാപികള്‍ക്കായി പണ്ട് യേശുനാഥന്‍
അധികാരവര്‍ഗങ്ങള്‍ ക്രൂശിലേറ്റിടുന്നു ഓരോദിനവും ഇന്നേശുവിനെ
വെള്ളതേച്ച ശവക്കല്ലറ എന്നേശു പണ്ടുപറഞ്ഞതിവരെയല്ലേ
ഈലോകത്തിലെ വിധികളെയെല്ലാം വിരുതാല്‍ വരുതിയില്‍ആക്കുമിവര്‍
ഏവര്‍ക്കും കൃത്യമായ് നീതിലഭിക്കുന്ന അന്ത്യവിധിക്കായി കാത്തിരിക്കാം

 

 

പ്രസാദ് കെ ഐസക്ക്
സെല്‍ബ്രിഡ്ജ്

Share this news

Leave a Reply

%d bloggers like this: