ശൈത്യകാലം അടുക്കുന്നു; പകര്‍ച്ച പനിക്കെതിരെ വാക്‌സിനെടുക്കാന്‍ മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ദര്‍

ഡബ്ലിന്‍: ഒരു മാസം കൂടി കഴിയുന്നതോടെ വിന്റര്‍ സീസണ് ആരംഭമാവുകയാണ്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കടുത്ത ശൈത്യമായിരിക്കും ഉണ്ടാവുകയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ശൈത്യകാലം വന്നെത്തുന്നതോടെ പകര്‍ച്ച പനിയുടെയും ആരംഭമാകും. പനി പിടിപെടാതെ അകന്ന് നില്‍ക്കേണ്ടത് ആവശ്യമാണ്. ശൈത്യകാലത്ത് ഇത് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മാത്രം. ജലദോഷ പനിയും പകര്‍ച്ച പനിയും തമ്മില്‍ വേര്‍തിരിച്ചറിയുക ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പനിയുടെ ലക്ഷണങ്ങള്‍ വേഗത്തില്‍ തന്നെ പ്രകടമാകുമന്നതാണ് ഒരു പ്രത്യേകത. പേശികളിലെ ശക്തമായ വേദനയും അതിയായ ക്ഷീണവും ആണ് ശൈത്യകാല പനിയുടെ സൂചന. ശൈത്യകാലത്ത് പടര്‍ന്നുപിടിക്കുന്ന ഫ്ളൂവിനെതിരെ വാക്‌സിനെടുക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.

വൈറസ് ബാധിച്ച വ്യക്തിക്ക് പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് തന്നെ അസുഖം മറ്റൊരാളിലേക്ക് പടര്‍ത്താന്‍ സാധിക്കുന്നതാണ്. പനിക്കെതിരെ വാക്‌സിന്‍ എടുക്കുക എന്നത് മാത്രമാണ് പനി പിടിപെടാതിരിക്കാനുള്ള ഏക പോം വഴി. കഴിഞ്ഞ വിന്റര്‍ സീസണില്‍ 4,500 റോളം രോഗികളാണ് ഫ്‌ലൂ ബാധിച്ച് ആശുപത്രികളില്‍ അഭയം തേടിയത്. ഇതില്‍ 200 രോഗികള്‍ മരണമടയുകയും ചെയ്തു. ഈ സീസണില്‍ 60 ശതമാനം എങ്കിലും ഫലപ്രദമായ രീതിയില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിന്റര്‍ ഫ്ളൂവിനെ പ്രധിരോധിക്കനുള്ള വാക്‌സിനെടുക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 115,000 ത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം ഫാര്‍മസി മുഖാന്തിരം വാക്‌സിന്‍ സ്വീകരിച്ചത്. 65 വയസ്സിന് മുകളിലുള്ള വര്‍ധക്യത്തിലുള്ളവര്‍, പ്രമേഹ രോഗികള്‍, കാന്‍സര്‍ രോഗികള്‍, ഡൌണ്‍ സിന്‍ഡ്രോം ഉള്ളവര്‍, അമിതവണ്ണം ഉള്ളവര്‍, ഗര്‍ഭിണികള്‍, നേഴ്സുമാര്‍, കെയറര്‍മാര്‍ തുടങ്ങി ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരാണ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കേണ്ടതെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്‍ പ്രസിഡന്റ് ഡാറ കോണലി വ്യക്തമാക്കി.

ഒരാഴ്ച്ചയ്ക്കുള്ളില്‍ പനിയില്‍ നിന്ന് ആരോഗ്യമുള്ള ഒരാള്‍ക്ക് പുറത്ത് കടക്കാനാകും. ചിലപ്പോള്‍ ഇതിലും കുറഞ്ഞ സമയം കൊണ്ടും ആരോഗ്യം വീണ്ടെടുക്കാം. എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞവരുടെ കാര്യത്തില്‍ പനി സങ്കീര്‍ണമായി മാറാം. ഓരോ ശൈത്യകാലത്തും അയര്‍ലന്‍ഡില്‍ പകര്‍ച്ച പനി മൂലം 200-500 ഇടയില്‍ ആളുകള്‍ മരണപ്പെടുന്നുണ്ട്. പനി വേഗത്തില്‍ പിടിപെടാന് സാധ്യതയുള്ള ഗ്രൂപ്പിലുള്ളവര്‍ ജിപിമാരുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. നേരിയ തോതില്‍ പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ജോലിക്ക് പോകാതെ വിശ്രമിക്കുന്നതാണ് ഏറ്റവും ഉചിതം. വെള്ളം ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കേണ്ടതാണ്. കൈകള്‍ എപ്പോഴും കഴുകി ശുചിയുള്ളതാക്കി വെയ്ക്കുന്നത് പനി പകരാതിരിക്കാന്‍സഹായിക്കും.

പ്രതിരോധ ശേഷി കുറഞ്ഞവരും ചികിത്സയില്‍ ഉള്ളവരും ഗര്‍ഭിണികളും കുട്ടികളും വാക്‌സിന്‍ എടുക്കുന്നതാണ് അഭികാമ്യം. ദീര്‍ഘ കാലമായി രോഗങ്ങള്‍ അലട്ടുന്നവര്‍, ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവര്‍ കരള്‍ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവരെല്ലാം മുന്‍ കരുതലെടുക്കേണ്ടതാണ്. പ്രത്യേക പരിഗണ നല്‍കേണ്ട കുട്ടികളുടെ കാര്യത്തിലും മുന്‍കൂര്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് ഉചിതം. ആരോഗ്യമേഖലയില്‍ തൊഴിലെടുക്കുന്നവരും പന്നികള്‍, കോഴികള്‍ തുടങ്ങി മൃഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സൂക്ഷിക്കേണ്ടതുണ്ട്. വാക്‌സിനെടുക്കുന്നതോടെ വൈറസിന് എതിരായ ആന്‌റി ബോഡി ഉത്പാദിപ്പിക്കപ്പെടുന്നതായിരിക്കും. വൈറസ് ശരീരത്തിലെത്തുന്നതോടെ അതിനെ ആന്റി ബോഡികള്‍ ആക്രമിച്ച് ഇല്ലായ്മ ചെയ്യും.

മൂന്ന് തരം വൈറസ് വകഭേദങ്ങള്‍ എതിരെയാണ് ഇക്കുറി വാക്‌സിന്‍ ഫലപ്രദമാകുന്നത്. 60 വര്‍ഷമായി വാക്‌സിന്‍ രംഗത്തുണ്ട്. കാര്യമായ പാര്‍ശ്വഫലങ്ങള്‍ പൊതുവെ പ്രകടമാകാറുമില്ല. പ്രവര്‍ത്തന ശേഷി ഇല്ലാത്ത വൈറസ് ആണ് വാക്‌സിനില്‍ ഉണ്ടാവുക. അത് കൊണ്ട് തന്നെ വാക്‌സിനില്‍ നിന്ന് പനി പിടിപെടാനുള്ള സാധ്യത ഇല്ലെന്ന് തന്നെ പറയാം. 10-14 ദിവസത്തിനുള്ളില്‍ ശരീരം രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി നേടും. 18 വയസായിട്ടുള്ളവര്‍ക്ക് ജിപിമാരെയോ ഫാര്‍മസിസ്റ്റിനെയോ വാക്‌സിന് വേണ്ടി സമീപിക്കാം. 18വയസിന് താഴെയാണെങ്കില്‍ ജിപിമാരെ തന്നെ സമീപിക്കണം. വാക്‌സിന്‍ രോഗ സാധ്യതയുള്ളവര്‍ക്ക് സൗജന്യമായി കുത്തിവെച്ച് നല്‍കും. മെഡിക്കല്‍ കാര്‍ഡോ ജിപി വിസിറ്റ് കാര്‍ഡോ ഇല്ലാത്തവര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസ് നല്‍കേണ്ടി വരും. വാക്‌സിന്‍ കുത്തിവെയ്ക്കുന്നതിനുള്ള ചെലവാണിത്. 65 വയസിന് മുകളിലുള്ളവര്‍, രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ദീര്‍ഘകാലമായി രോഗമുള്ളവര്‍ തുടങ്ങിയവര്‍ ആരോഗ്യ വിവരങ്ങള്‍ ജിപിമാരെ അറിയിക്കേണ്ടതാണ് .

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: