നോമിനേഷന്‍ പത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചു; അയര്‍ലണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറ് പേര്‍

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിക്കുമ്പോള്‍ നിലവിലെ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ഡബ്ലിനിലെ കസ്റ്റം ഹൌസില്‍ ഈ ആറ് പേരും തങ്ങളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

പാര്‍ലമെന്റ് അംഗമായ ലിയാദ് നി റിയാദയാണ് സിന്‍ ഫെയ്ന്‍ ന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. വാട്ടര്‍ഫോര്‍ഡ്, മീത്ത്, കാര്‍ലോ വിക്കലോ കൗണ്ടി കൗണ്‍സിലുകളുടെ പിന്തുണയോടെയാണ് ഡെന്‍ ഗവിന്‍ ഡഫി മത്സരരംഗത്തുള്ളത്. റോസ്‌കോമ്മണ്‍, ലെയ്ട്രിം, മായോ, വെക്‌സ്ഫോര്‍ഡ് കൗണ്‍സിലുകളുടെ പിന്തുണ സീന്‍ ഗലഹേര്‍ക്കുണ്ട്. സെനറ്റര്‍ ജോണ്‍ ഫ്രീമാന് കോര്‍ക്ക് സിറ്റി, ഗാല്‍വേ കൗണ്ടി, ഫിന്‍ഗല്‍ ഗാല്‍വേ സിറ്റി എന്നിങ്ങനെ നാലിടങ്ങളാണ് പിന്തുണ നല്‍കിയിരിക്കുന്നത്. കെറി, ക്ലയര്‍, ലിമെറിക്ക്, ടിപ്പററി കൌണ്‍സിലുകളുടെ പിന്തുണയോടെ ബിസിനസ്സ്മാനായ പീറ്റര്‍ കാസിയും മത്സരിക്കാനുണ്ട്.

അടുത്ത ഏഴ് വര്‍ഷത്തേക്ക് കൂടി പ്രസിഡന്റ് പദവിയില്‍ തുടരാന്‍ സ്വന്തമായി നോമിനേറ്റ് ചെയ്താണ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് മത്സരരംഗത്തെത്തുന്നത്. ഇന്ന് മുതല്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അദ്ദേഹം ആരംഭിക്കും. ഭരണ പക്ഷമായ ഫൈന്‍ഗെയ്ലും പ്രധാന പ്രതിപക്ഷമായ ഫിയാന ഫാളും, സര്‍ക്കാര്‍ പക്ഷത്തോടൊപ്പം ഹിഗ്ഗിന്‍സിന് പിന്തുണ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം പ്രധാനമന്ത്രി ലിയോ വരദ്കര്‍ തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എങ്കിലും സ്വന്തം പാര്‍ട്ടിയ്‌ക്കൊപ്പം നിലവിലുള്ള പ്രസിഡണ്ടിന് പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. ഒക്ടോബര്‍ 26 വെള്ളിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 11 ന് പുതിയ പ്രസിഡന്റ് പദവി ഏറ്റെടുക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: