സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഡബ്ലിന്‍ സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം തുടരുന്നു; മൃദദേഹം ഡബ്ലിനില്‍ എത്തിക്കും

നിക്കോസിയ (സൈപ്രസ്): ഡബ്ലിനില്‍ താമസക്കാരിയായ മലയാളി പെണ്‍കുട്ടി കിഴക്കന്‍ മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതില്‍ പോലീസ് വിദഗ്ധ അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയും ഡബ്ലിനില്‍ സ്ഥിരതാമസക്കാരനുമായ ജോയി തോമസിന്റെ മകള്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ജെറില്‍ ജോയിയാണ് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും  താഴേക്ക് വീണ് മരിച്ചത്. അബദ്ധത്തില്‍ താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആരെങ്കിലും തള്ളിയിട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

നോര്‍ത്ത് സൈപ്രസിലെ ഏറ്റവും വലിയ നഗരമായ നിക്കോസിയയിലുള്ള നിയര്‍ ഈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ വെറ്റിനറി മെഡിസിനിലെ മൂന്നാം
വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ജെറില്‍ ജോയി. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.15 മണിയോടെയാണ് അപകടം സംഭവിച്ചത്. കോറിഡോര്‍ ജനാല വഴിയാണ് ജെറില്‍ 23 മീറ്ററോളം ഉയരത്തില്‍ നിന്ന് താഴേക്ക് പതിച്ചത്. യൂണിവേഴ്സിറ്റി കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെറിലിനെ അടുത്തുള്ള നിയര്‍ ഈസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പ്രാദേശിക സമയം 5.20 തോടെ മരണം  സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആത്മഹത്യയാണോ, ആരെങ്കിലും താഴേക്ക് തള്ളിയിട്ടതാണോ, അതോ അബദ്ധത്തില്‍ വീണതാണോ എന്ന കാര്യത്തില്‍ സംശയം തുടരുന്നതായി സംഭവ സ്ഥലം പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ നടുക്കത്തിലാണ് യൂണിവേഴ്സിറ്റിയിലെ മറ്റ് വിദ്യാര്‍ഥികള്‍.

പാലാ കൊഴുവനാല്‍ മലയിരുത്തി സ്വദേശി ജോയി തോമസിന്റെയും എല്‍സമ്മയുടെയും മകളാണ് ജെറില്‍ ജോയി. സഹോദരന്‍ ഡോ. ജോയല്‍. സംഭവമറിഞ്ഞ് മാതാപിതാക്കള്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഡബ്ലിനിലെത്തിച്ച് സംസ്‌കാര ശുശ്രൂഷകള്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

 

കടപ്പാട്: https://www.kibrisgazetesi.com/kibris/23-metreden-aracin-uzerine-dustu/49956

 

Share this news

Leave a Reply

%d bloggers like this: