റഡാര്‍ സംവിധാനത്തില്‍ ഗുരുതര തകരാര്‍; അയര്‍ലണ്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോര്‍ക്ക്: അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ റഡാര്‍ സംവിധാനം തകരാറിലായത് വ്യോമഗതാഗതത്തെ ഗുരുതരമായി ബാധിച്ചു. നിരവധി വിമാനങ്ങള്‍ വൈകാന്‍ കാരണമായി. കോര്‍ക്ക്, ഷാനോന്‍ വിമാനത്താവളങ്ങളിലെ എല്ലാ വിമാന സര്‍വീസുകളും ഇന്നലെ രാത്രി മുഴുവനും റദ്ദാക്കിയിരുന്നു. റഡാര്‍ തകരാറിലയതോടെ വ്യോമസുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചയോടെ കോര്‍ക്കില്‍ ഏതാണ്ട് പ്രശ്‌നം പരിഹരിച്ചതായും വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുകയോ സമയമാറ്റം വരുത്തുകയോ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കുന്നു.

ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ഇപ്പോഴും സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സാങ്കേതിക തകരാര്‍ മൂലമാണ് റഡാര്‍ പ്രവര്‍ത്തനം മുടക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതുമൂലം അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ വ്യോമപാതയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധത്തിന് തടസ്സമുണ്ടാകുകയും വിമാനങ്ങള്‍ക്ക് വ്യോമപരിധിയില്‍ പ്രവേശിക്കാന്‍ കഴിയാതെയും വന്നു.

അതേസമയം ഡബ്ലിന്‍ രാജ്യാന്തര വിമാനത്താവളത്തെ ഈ പ്രശ്‌നം ബാധിച്ചിട്ടില്ല. യുകെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധമുള്ളതാണ് ഡബ്ലിന്‍ വിമാനത്താവളത്തിന് തുണയായത്. നിലവില്‍ അയലന്റിന്റെ വ്യോമപരിധിയില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ എല്ലാം ലാന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനി പ്രശ്‌നം പരിഹരിക്കുന്നതുവരെ അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ വ്യോമപരിധിയില്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുള്ളതായി ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

യാത്രാതടസ്സം നേരിടുന്നതായി കോര്‍ക്ക്, ഷാനോന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്. പല വിമാനങ്ങളും ഡബ്ലിനിലേക്കും തിരിച്ചുവിട്ടിട്ടുണ്ട്. ഈ എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്നവര്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യണമെന്നും അധികുതര്‍ അറിയിച്ചു. റഡാര്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചത് കണ്ടെത്താന്‍ ഐറിഷ് ഏവിയേഷന്‍ അതോറിറ്റി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: