അസംസ്‌കൃത മാലിന്യങ്ങള്‍ ഐറിഷ് ജലാശയങ്ങളെ വിഷലിപ്തമാക്കുന്നു: മുന്നറിയിപ്പ് നല്‍കി പരിസ്ഥിതി സംരക്ഷണ സമിതി

ഡബ്ലിന്‍: അയര്‍ലണ്ടിലെ മുപ്പത്തിയെട്ടോളം സ്ഥലങ്ങളില്‍ നിന്ന് അസംസ്‌കൃത മാലിന്യങ്ങള്‍ ഐറിഷ് ജലാശയങ്ങളില്‍ എത്തിക്കുന്നത് വന്‍തോതിലുള്ള വിഷവസ്തുക്കള്‍. മലിനജലം വിഷാംശങ്ങള്‍ ഒഴിവാക്കി ജലാശയങ്ങളില്‍ ഒഴുക്കി വിടുന്നതിന് പകരം ഇവ നേരിട്ട് കടലിലും നദികളിലും നിക്ഷേപിക്കുന്നത് അയര്‍ലണ്ടിലെ ജലവിതരണത്തെ തന്നെ വിഷമയമാക്കുന്നുവെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സി (EPA) മുന്നറിയിപ്പ് നല്‍കുന്നു.

മലിനജല ശുദ്ധീകരണം കാര്യക്ഷമമല്ലാത്തതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ അയര്‍ലന്റിന് അന്ത്യശാസനം നല്‍കിയിരുന്നു. യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ജല ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി യൂറോപ്യന്‍ കോടതിയില്‍ അയര്‍ലന്‍ഡിന് മേല്‍ നിയമ നടപടി തുടരുന്നതിനിടയിലാണ് പരിസ്ഥിതി വകുപ്പ് മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം മാലിന്യങ്ങള്‍ കടല്‍-നദീ ജലാശയങ്ങളില്‍ മത്സ്യങ്ങളിലും മറ്റു ജല ജീവികളിലും എത്തിച്ചേരുന്നത് മനുഷ്യരില്‍ വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജലജീവികളുടെ ആവാസവ്യവസ്ഥയും തകരാറിലാകും.

2017-ലെ അര്‍ബന്‍ വെയ്സ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 28-ല്‍ പരം നഗരങ്ങളില്‍ ജലാശയങ്ങളില്‍ ഗുണനിലവാരം കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. കുടിവെള്ള സ്രോതസ്സുകളിലും ഈ മാലിന്യം വന്നെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിഷ മാലിന്യങ്ങള്‍ ഉപ-ഉത്പന്നമായി ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ക്ക് സമീപത്തായി നിര്‍ബന്ധമായും മലിനജല സംസ്‌കരണ പ്ലാന്റുകള്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്നു. ഈ നിയമം പാലിക്കപ്പെടാത്തത് പരിസ്ഥിതിയെ ദോഷമായി ബാധിക്കുമെന്നും ഇ.പി.എ മുന്നറിയിപ്പ് നല്‍കുന്നു.

ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ്, ഡോനിഗല്‍, കോര്‍ക്ക് തുടങ്ങിയ കൗണ്ടികളില്‍ നിയന്ത്രങ്ങള്‍ പാലിക്കാതെ വന്‍ തോതില്‍ മലിനജലം കടലിലും നദികളിലും നിക്ഷേപിക്കുന്നുണ്ടെന്ന് ഇ.പി.എ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജപ്പാനില്‍ കടല്‍ മത്സ്യങ്ങളിലേറ്റ മെര്‍ക്കുറി ബാധ മനുഷ്യരിലെത്തിയത് ഗുരുതര രോഗത്തിന് കാരണമായിരുന്നു. ഇത്തരം ഗൗരവമേറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അയര്‍ലണ്ടിലും സംഭവിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ദ്ധര്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: