ട്രമ്പിന് വീണ്ടും വിജയ സാധ്യത കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് രണ്ടാമത് തവണയും വിജയിച്ചേക്കുമെന്ന ചിന്ത അമേരിക്കക്കാരില്‍ ശക്തിപ്പെടുകയാണ്. അതേ സമയം ട്രമ്പിനെ പരാജയപ്പെടുത്തുന്നതിനായി ഡെമോക്രാറ്റിക് പക്ഷത്ത് അണിനിരക്കുന്ന ഒട്ടേറെ സ്ഥാനാര്‍ത്ഥികളില്‍ ജോ ബൈഡനാണ് മുന്നില്‍. എസ്എസ്ആര്‍എസ് നടത്തിയ സിഎന്‍എന്‍ അഭിപ്രായ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. പ്രസിഡന്റ് ട്രമ്പ് രണ്ടാമതൊരുവട്ടം വിജയിക്കുമോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ശക്തമാണ്. വിജയിക്കുമെന്ന് 46% പറയുന്നു. വിജയിക്കില്ലെന്ന് 47%വും. എന്നാല്‍ ട്രമ്പിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു മുന്നേറ്റമാണ്. മാര്‍ച്ചില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 54% പേരും പറഞ്ഞത് വീണ്ടും മത്സരിച്ചാല്‍ ട്രമ്പ് പരാജയപ്പെടുമെന്നാണ്. ഇതില്‍ വന്‍ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ട്രമ്പിന് വിജയസാധ്യത കല്‍പ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് കക്ഷിരാഷ്ട്രീയ വ്യത്യാസത്തിന് അതീതമായിട്ടാണ്. പുരുഷന്മാര്‍ക്കിടയില്‍ ട്രമ്പിന് വിജയസാധ്യത കല്‍പ്പിക്കുന്നവര്‍ 8% വര്‍ദ്ധിച്ചപ്പോള്‍ സ്വതന്ത്ര നിലപാടുകാര്‍ക്കിടയില്‍ മാര്‍ച്ചിലെ 39% ഇപ്പോള്‍ 47%മായി ഉയര്‍ന്നു. നവംബറില്‍ നടക്കുന്ന ഇടക്കാല തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള ആവേശവും വര്‍ദ്ധിച്ചിട്ടുണ്ട്. വോട്ടു ചെയ്യുമെന്ന് മാര്‍ച്ചില്‍ പറഞ്ഞവര്‍ 37%മായിരുന്നു. ഇപ്പോള്‍ 46% മായി. 2020ലും ട്രമ്പ് തന്നെയായിരിക്കണം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പബ്ലിക്കന്മാരും റിപ്പബ്ലിക്കന്‍ അനുഭാവികളുമായ 74% പേരും പറയുന്നത്. 21% റിപ്പബ്ലിക്കന്മാര്‍ മാത്രമേ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിയെ അനുകൂലിക്കുന്നുള്ളു.

ട്രമ്പിനെ നേരിടുന്നതിനുള്ള ഡെമോക്രാറ്റിക് നോമിനേഷനായി രംഗത്തുള്ളവരില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍തന്നെയാണ് ശക്തന്‍. സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ള 16 പേരില്‍ ആരെയാണ് അനുകൂലിക്കുന്നതെന്ന് ഡെമോക്രാറ്റിക് അംഗങ്ങളോടും അനുഭാവികളോടും ചോദിച്ചപ്പോള്‍ 33% പിന്തുണയുമായി ബൈഡന്‍ മുന്നിലാണ്. 2016ലെ റണ്ണറപ്പും വെര്‍മോണ്ടിലെ സെനറ്ററുമായ ബേര്‍ണി സാന്‍ഡേഴ്സ് 13%വുമായി രണ്ടാം സ്ഥാനത്താണ്. കാലിഫോര്‍ണിയയിലെ സെനറ്റര്‍ കമലാ ഹാരിസിന് 9% ത്തിന്റെയും മസാച്യുസെറ്റ്സ് സെനറ്റര്‍ എലിസബത്ത് വാറന് 8% ത്തിന്റെയും പിന്തുണയുണ്ട്. ന്യൂ ജേഴ്സിയില്‍ സെനറ്റര്‍ കോറി ബുക്കര്‍ 2004ലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോണ്‍ കെറി എന്നിവര്‍ 5% വീതവും പിന്തുണ നേടി.

അടുത്തിടെ രജിസ്റ്റേഡ് ഡെമോക്രാറ്റ് ആയി മാറിയ ന്യൂയോര്‍ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് 4% പിന്തുണ നേടിയപ്പോള്‍ അത്രയുംതന്നെ പിന്തുണ ടെക്സാസിലെ ഹൗസ് പ്രതിനിധി ബെറ്റോ ഒ റൂര്‍ക്കുമുണ്ട്. ഇതിനകം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തുവന്ന ഏക ആളായ മരിലാന്‍ഡിലെ ഹൗസ് പ്രതിനിധി ജോണ്‍ ഡൊയ്നിക്ക് ഒരു ശതമാനം പിന്തുണയാണ് ലഭിച്ചത്. 2016ലെ അതേ നിലപാടുകളുമായാണ് സാന്‍ഡേഴ്സ് രംഗത്തുവരുന്നത്. എന്നാല്‍ അതിനു പ്രഖ്യാപിത ഡെമോക്രറ്റുകള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ പിന്തുണ കുറവാണ്.

പ്രഖ്യാപിത ഡെമോക്രറ്റുകള്‍ 34% ബൈഡനെ പിന്തുണയ്ക്കുന്നു. 11% ഹാരിസിനെയും 9% സാന്‍ഡേഴ്സിനെയും 8% വാറനെയും പിന്തുണക്കുന്നു. എന്നാല്‍ ഡെമോക്രാറ്റിക് ചായ്വുള്ള സ്വതന്ത്രര്‍ക്കിടയില്‍ 21% പിന്തുണയുമായി സാന്‍ഡേഴ്സ് 31% പിന്തുണയുള്ള ബൈഡണ് പിന്നിലുണ്ട്. വാറന്‍ 8%, ഹാരിസ്7% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥിതി. ഡെമോക്രാറ്റിക് കക്ഷിക്കാര്‍ക്കിടയില്‍ സാന്‍ഡേഴ്സ് നേരിടുന്ന വെല്ലുവിളിയുടെ വലിയ ഗുണഭോക്താവ് ഹാരിസാണ്. ലിബറുകളായി കരുതുന്ന പ്രഖ്യാപിത ഡെമോക്രറ്റുകള്‍ക്കിടയില്‍ ഹാരിസിന്റെ പിന്തുണ 19%മായി ഉയര്‍ന്നു. 27%മുള്ള ബൈഡണ് പിന്നിലാണെങ്കിലും സാന്‍ഡേഴ്സിനേക്കാള്‍ മുന്നിലാണ്. അവിടെ 7% മാത്രമേ സാണ്ടേഴ്സിനെ പിന്തുണയ്ക്കുന്നുള്ളു. ഒക്ടോബര്‍ 4 നും 7 നും മദ്ധ്യേയായിരുന്നു സര്‍വേ.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: