ഐറിഷ് പ്രസിഡന്റ് പദവിയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണിമുതല്‍ ആരംഭിച്ചു; ഫലപ്രഖ്യാപനം നാളെ ഉച്ചയോടെ

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് ആരായിരിക്കുമെന്നുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമാവുകയാണ്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ 7 മണി മുതല്‍ ആരംഭിക്കും. രാത്രി 10 മണി വരെയാണ് വോട്ടെടുപ്പ് അരങ്ങേറുന്നത്. നാളെ രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.  നിലവിലെ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. ഹിഗ്ഗിന്‍സിന് ലഭിക്കുന്ന ഭൂരിപക്ഷം എത്ര, മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക തിരിച്ചു പിടിക്കാന്‍ ആവശ്യമായ 12.5 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുമോ എന്നീ ചോദ്യങ്ങള്‍ക്കാണ് നാളെ ഉത്തരം ലഭിക്കുന്നത്. നവംബര്‍ 11 ന് ഡബ്ലിന്‍ കാസ്റ്റിലില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റ് പദവി ഏറ്റെടുക്കും. ദൈവനിന്ദ കുറ്റകരമല്ലാതാക്കുന്ന നിയമനിര്‍മ്മാണം നടത്താന്‍ പൊതുജനാഭിപ്രായംതേടിയുള്ള റഫറണ്ടവും ഇന്ന് നടക്കും.

സ്ഥാനാര്‍ത്ഥികള്‍

മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്

ഫൈന്‍ ഗെയ്ല്‍, ഫിയാന ഫെയ്ല്‍, ലേബര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെ മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് തന്നെ പ്രസിഡന്റ് പദവിയിലെത്തുമെന്ന സൂചന നല്‍കുന്നതായിരുന്നു സര്‍വേ ഫലങ്ങളെലാം. എത്ര ഭൂരിപക്ഷത്തോടെയാണ് ഇദ്ദേഹം ഈ പദവിയിലേക്ക് എത്തുക എന്നുകൂടി മാത്രമേ അറിയാനുള്ളൂ. അടുത്ത ഏഴ് വര്‍ഷത്തേക്ക് കൂടി പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ഹിഗ്ഗിന്‍സ് സ്വയം നോമിനേറ്റ് ചെയ്താണ് മത്സര രംഗത്തേക്കെത്തിയത്. ഐറിഷ് പ്രസിഡന്റുമാരില്‍ വച്ച് വ്യത്യസ്തത പുലര്‍ത്തുന്ന ഹിഗ്ഗിന്‍സ് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തികൂടിയാണ്. പ്രസിഡന്റ് പദവിയില്‍ ധൂര്‍ത്ത് അധികമാകുന്നുവെന്നുള്ള ആരോപണങ്ങള്‍ പ്രചാരണ സമയത്ത് അദ്ദേഹം നേരിട്ടിരുന്നു. തന്റെ പ്രൈവറ്റ് ജെറ്റ് ഉപയോഗത്തെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ചിലവുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കാവുന്നതുമാണെന്ന് അദ്ദേഹം തിരിച്ചടിച്ചു.

ലിയാദ് നി റിയാദ


പാര്‍ലമെന്റ് അംഗമായ ലിയാദ് നി റിയാദയാണ് സിന്‍ ഫെയ്ന്‍ ന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. 2014 മുതല്‍ ഇവര്‍ യുറോപ്യന്‍ പാര്‍ലമെന്റ് അംഗമാണ്. ടെലിവിഷന്‍ രംഗത്ത് നിന്നാണ് ലിയാദ് നി റിയാദയുടെ വരവ്. ഐറിഷ് ചാനലായ TG4 ന്റെ പ്രൊഡ്യൂസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ ഒന്നും അലട്ടാത്ത പുതുമുഖം എന്ന നിലയ്ക്കാണ് സിന്‍ ഫെയ്ന്‍ പാര്‍ട്ടി ലിയാദ് നി റിയാദയെ മത്സര രംഗത്തേക്കിറക്കിയത്.
ഐറിഷ് ഐക്യത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന യുവജനങ്ങളുടെ വോട്ടാണ് ഇവരുടെ പ്രതീക്ഷ. തന്റെ ശമ്പളം സംബന്ധിച്ചും HPV വാക്‌സിനെക്കുറിച്ച് താന്‍ നടത്തിയ അഭിപായങ്ങളും വിമര്‍ശനങ്ങളും ചര്‍ച്ചയ്ക്കും ഇടയാക്കിയിരുന്നു.

സീന്‍ ഗാലെര്‍ 


റോസ്‌കോമ്മണ്‍, ലെയ്ട്രിം, മായോ, വെക്സ്‌ഫോര്‍ഡ് കൗണ്‍സിലുകളുടെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സീന്‍ ഗാലെര്‍ക്കുണ്ട്. ബിസിനസ്സ്മാനായ ഇദ്ദേഹം ഡ്രാഗന്‍സ് ഡെന്‍ എന്ന റിയാലിറ്റി ടെലിവിഷന്‍ പരമ്പരയിലും പങ്കെടുത്തിട്ടുണ്ട്. 2011 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇദ്ദേഹം വ്യക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. ഹിഗ്ഗിന്‍സിന് പിന്നാലെ രണ്ടാം സ്ഥാനത്തെത്താന്‍ അന്ന് അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ തവണ അഭിപ്രായ വോട്ടെടുപ്പുകളില്‍ വ്യക്തമായ ആധിപത്യം നേടിയ ഇദ്ദേഹത്തിനെതിരെ അവസാന നിമിഷം ഉയര്‍ന്നു വന്ന ചില ആരോപണങ്ങള്‍ വിനയായി മാറുകയായിരുന്നു. ഇത്തവണ വീണ്ടും ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരരംഗത്തേക്ക് എത്തിയപ്പോള്‍ പലര്‍ക്കും അത്ഭുതമാണ് ഉണ്ടായത്. കാരണം കഴിഞ്ഞ ഏഴ് വര്‍ഷമായി ഇദ്ദേഹം ഐറിഷ് രാഷ്ട്രീയത്തില്‍ നിന്നെ വിട്ടുനില്‍ക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗികളുടെ വിവാഹം, ഗര്‍ഭഛിദ്രം എന്നിവയില്‍ നടന്ന റഫറണ്ടങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങാത്തത്തില്‍ അദ്ദേഹം വിമര്‍ശനം നേരിട്ടിരുന്നു. ദേശീയ താത്പര്യങ്ങളെക്കാള്‍ സ്വന്തം നേട്ടങ്ങളിലാണ് ഇദ്ദേഹത്തിന് താത്പര്യമെന്നത്  പ്രചാരണ സമയത്ത് പ്രധാനമായും ഇദ്ദേഹത്തിന് നേരിടേണ്ടി വന്ന ആരോപണം.

ജൊവാന്‍ ഫ്രീമാന്‍


സ്വതന്ത്ര സ്ഥാനാര്‍ഥിയായ സെനറ്റര്‍ ജൊവാന്‍ ഫ്രീമാന് കോര്‍ക്ക് സിറ്റി, ഗാല്‍വേ കൗണ്ടി, ഫിനഗല്‍, ഗാല്‍വേ സിറ്റി എന്നിങ്ങനെ നാലിടങ്ങളാണ് പിന്തുണ നല്‍കിയിരിക്കുന്നത്. ഒരു സൈക്കോളജിസ്റ്റ് കൂടിയായ ഇവര്‍ 2016 മുതല്‍ സെനറ്റ് അംഗമാണ്. ആത്മഹത്യാ പ്രേരണയുള്ളവരെ സംരക്ഷിക്കുന്നതിനായുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മാനസീക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരമായാണ് ഈ പദവിയെ കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഡിബേറ്റുകളില്‍ അടുത്ത ഏഴ് വര്‍ഷം പ്രസിഡന്റ് പദവിയില്‍ എന്തെല്ലാം ചെയ്യാം എന്ന് ആലോചിക്കുന്നതിനു പകരം മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ആക്രമിക്കാന്‍ പ്രതിപക്ഷ മത്സരാര്‍ത്ഥികള്‍ മുതിര്‍ന്നതിനെ ഇവര്‍ എതിര്‍ത്തിരുന്നു.

ഡെന്‍ ഗവിന്‍ ഡഫി


വാട്ടര്‍ഫോര്‍ഡ്, മീത്ത്, കാര്‍ലോ വിക്കലോ കൗണ്ടി കൗണ്‍സിലുകളുടെ പിന്തുണയോടെയാണ് ഡെന്‍ ഗവിന്‍ ഡഫി മത്സരരംഗത്തുള്ളത്. മുന്‍പ് ഫൈന്‍ ഗെയ്ലിനും, ഫിയാന ഫെയ്ലിനും ഉപദേശകനായി പ്രവര്‍ത്തിച്ചുവന്ന ഇദ്ദേഹം ആദ്യമായാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. താന്‍ പ്രസിഡന്റായാല്‍ ഡിജിറ്റല്‍ വത്കരണത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അയര്‍ലണ്ട് ഹണ്ടിങ് അസോസിയേഷന്‍ പ്രസിഡന്റ് ആയ ഇദ്ദേഹത്തിനെതിരെ മൃഗ സംരക്ഷണ വാദികള്‍ രംഗത്തെത്തിയിരിന്നു. യുഎസ് മാതൃകയില്‍ പീസ് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പീറ്റര്‍ കാസിയും


കെറി, ക്ലയര്‍, ലിമെറിക്ക്, ടിപ്പററി കൌണ്‍സിലുകളുടെ പിന്തുണയോടെ ബിസിനസ്സ്മാനായ പീറ്റര്‍ കാസിയും മത്സരിക്കാനുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഡെറിയിലാണ് ഇദ്ദേഹത്തിന്റെ സ്വന്ത ദേശം. എന്നാല്‍ വര്‍ഷങ്ങളായി യുഎസില്‍ താമസമാക്കിയിരിക്കുകയാണ്. ഐറിഷ് പ്രവാസികളുടെ വോട്ടിങ് അവകാശത്തിനായി വാദിക്കുന്ന ഇദ്ദേഹം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൂടുതല്‍ അവകാശങ്ങള്‍ നേടിയെടുക്കണമെന്നും അല്ലെങ്കില്‍ ഇയുവില്‍ നിന്ന് പിരിയണമെന്ന അഭിപ്രായക്കാരനും കൂടിയാണ്. പ്രചാരണ സമയത്ത് ഹിഗ്ഗിന്‍സിനെതിരെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും പീറ്റര്‍ കാസിയാണ്.

 

 

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: