ഹാലോവീന്‍ ആഘോഷരാവില്‍ മതിമറന്ന് ഐറിഷ് നഗരങ്ങള്‍; അഗ്‌നിശമന സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രിയായി

ഡബ്ലിന്‍: ഹാലോവീന്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കിയ അയര്‍ലണ്ടിലെ നഗരങ്ങള്‍ക്ക് ഇന്നലെ ഉറക്കമില്ലായിരുന്നു. പ്രേത ഭൂതങ്ങളെ ഓടിയ്ക്കാന്‍ വിചിത്ര വേഷങ്ങളും, ബോണ്‍ ഫയറും ഒരുക്കി കുട്ടികളും യുവജനങ്ങളും വീഥികള്‍ തോറും അലഞ്ഞു.ഡബ്ലിന്‍ നഗരത്തില്‍ രാത്രി വൈകും വരെ ഹാലോവിന്‍ വേഷങ്ങളുടെ തിരക്കായിരുന്നു. പബ്ബുകളിലും, സിനിമാശാലകളിലും അടക്കം നഗരത്തിലെങ്ങും തദ്ധേശിയരും,വിദേശികളും ആഹ്ലാദതിമിര്‍പ്പില്‍ ആറാടി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഹാലോവീന്‍ ദിനത്തില്‍ വര്‍ധിച്ചതായും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊട്ടിത്തെറിയും, തീപിടിത്തവവുമായി എഴുനൂറ്റമ്പതോളം സംഭവങ്ങളാണ് ഡബ്ലിന്‍ സിറ്റി ഏരിയയില്‍ മാത്രം അധികൃതര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്.

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ. എഴുന്നൂറ്റി അന്‍പതില്‍ അധികം കോളുകളാണ് അഗ്‌നിശമന സേനയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇന്നലെ വന്നത്. ചെറുതും വലുതുമായ നിരവധി സ്‌ഫോടനങ്ങള്‍ക്കും അഗ്‌നിബാധയ്ക്കും നഗരങ്ങള്‍ സാക്ഷിയായി. 350 ത്തോളം കോളുകള്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന പൊട്ടിത്തെറികള്‍ സംബന്ധിച്ചാണെങ്കില്‍ 200 റോളം കോളുകള്‍ ബോണ്‍ഫയറിനിടയില്‍ സംഭവിച്ച അപകടങ്ങള്‍ അറിയിച്ചായിരുന്നു. പുലര്‍ച്ചെ വരെ ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ നഗരത്തില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. നാഷണല്‍ ആംബുലന്‍സ് സര്‍വീസുകളും വിശ്രമമില്ലാതെ ഓടി.

ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ലക്ഷണക്കണക്കിന് യൂറോയുടെ പടക്കങ്ങളാണ് ഇത്തവണയും ബ്ലാക്ക് മാര്‍ക്കറ്റുകളിലൂടെ വിറ്റഴിച്ചത്. വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് നടത്തുന്ന ഈപ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിയോരുക്കുന്നത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതോടെ അഗ്നിശമന സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ആഘോഷരാവുകള്‍ സമ്മാനിച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ലൈവ് ഗൂഗിള്‍ മാപ്പ് സംവിധാനവും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ഒരുക്കിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: