ബ്രെക്‌സിറ്റ് ഇങ്ങെത്തി; ബ്രിട്ടീഷ് പൗരന്മാര്‍ ഐറിഷ് പാസ്‌പോര്‍ട്ടിനായുള്ള ഓട്ടത്തില്‍

ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ അന്ത്യത്തോട് അടുക്കുന്നതോടെ ഐറിഷ് പാസ്പോര്‍ട്ടുകള്‍ക്ക് പ്രിയമേറുന്നു. അതോടൊപ്പം ഐറിഷ് പാസ്‌പോര്‍ട്ടിനായി നല്‍കിയ അപേക്ഷകള്‍ നിരാകരിക്കുന്ന പ്രവണതയും കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 യുകെയില്‍ നിന്നുള്ള ഒരാളുടെ അപേക്ഷ മാത്രമാണ് നിരസിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 15,074 യുകെ പൗരന്മാരുടെ അപേക്ഷകളാണ് വിവിധ കാരണങ്ങളാല്‍ നിരസിച്ചത്. ആഗോളതലത്തില്‍ ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണം 2016 ലെ 190,905 ല്‍ നിന്ന് 2017 ല്‍ 227,223 ആയി ഉയര്‍ന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ളവരാണ് കൂടുതലും ഐറിഷ് പാസ്‌പോര്‍ട്ടിനായി ശ്രമിക്കുന്നത്.

ബ്രക്‌സിറ്റ് വന്നതോടെ യു.കെ യില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ഐറിഷ് പാസ്പോര്‍ട്ട് ആവശ്യപെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുകയായിരുന്നു. 2015 ല്‍ അപേക്ഷകരുടെ എണ്ണം 99,944 ആയിരുന്നെങ്കില്‍ 2017 ല്‍ ഇത് 163,026 ആയി വര്‍ധിച്ചു. ഇവര്‍ക്ക് ഐറിഷ് പാസ്പോര്‍ട്ട് ലഭിക്കുന്നതോടെ യൂണിയനിലെ ഏതു രാജ്യത്തേക്കും സഞ്ചരിക്കാന്‍ കഴിയുമെന്ന ആനുകൂല്യമാണ് ലഭിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും അകലുന്നതോടെ ബ്രിട്ടന്‍ ഒറ്റപ്പെട്ട യൂറോപ്യന്‍ രാജ്യമായി മാറിയിരുന്നു. തൊട്ടടുത്ത രാജ്യങ്ങളില്‍ വിദ്യാഭ്യാസം-തൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടാനുള്ള വാതില്‍ അടയുകയും ചെയ്തു. ബ്രക്‌സിറ്റ് പൂര്‍ണ്ണമാകുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് തൊഴില്‍-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കടന്നുവരാന്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വെല്ലുവിളി വര്‍ധിക്കും. യൂണിയന്‍ അംഗമല്ലാത്തതിനാല്‍ വിദ്യാഭ്യാസ ഫീസ് ഇനത്തിലും ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കും. ഇതുപോലെ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ബ്രിട്ടനില്‍ പഠനം നടത്തുന്നതും സാമ്പത്തികമായി വെല്ലുവിളിയാകും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് അയര്‍ലന്‍ഡില്‍ വേരുകളുള്ള യു.കെ പൗരന്മാര്‍ ഇവിടുത്തെ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

അച്ഛന്‍, ‘അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ ഇവരില്‍ ആരെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാര്‍ ആണെങ്കില്‍ ഈ കുടുംബ പാരമ്പരയില്‍പെട്ടവര്‍ക്ക് ഐറിഷ് പാസ്പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇത്തരം ബന്ധങ്ങള്‍ ഉള്ള വടക്കന്‍ അയര്‍ലണ്ടുകാരും, ബ്രിട്ടീഷുകാരും ധാരാളമുണ്ട്. അപേക്ഷകരുടെ എണ്ണം കൂടിയതനുസരിച്ച് പാസ്പോര്‍ട്ട് ഓഫീസുകളില്‍ അധിക ജീവനക്കാരെ നിയോഗിച്ചിരുന്നു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സൗകര്യമൊരുങ്ങിയതോടെ പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയ അപേക്ഷകര്‍ എന്നിവര്‍ക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞ് മിനിമം 5 ദിവസത്തിനുള്ളിലും പരമാവധി 15 ദിവസത്തിനകത്തും പാസ്പോര്‍ട്ട് നല്‍കി വരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: