രാജ്യത്ത് ഭവനപ്രതിസന്ധി രൂക്ഷം; ശൈത്യകാലത്തെ മുന്നില്‍കണ്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍: ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഭവന പ്രതിസന്ധി വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതിരുന്നത് മൂലം രൂക്ഷമായി കൊണ്ടിരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷം കൂടുതന്തോറും ഭവനപ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനായി കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹാരിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഭവന രഹിതരായവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. മെയ് 2015 ല്‍ 4,350 ഭവനരഹിതര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഇത് 9,900 ആയി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ എണ്ണം 1,211 ല്‍ നിന്ന് 3,824 ആയി വര്‍ധിച്ചത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.

മൈ ഹോം നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പേരും ഭവന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അഭിപ്രായപ്പെട്ടു. പ്രോപ്പര്‍ട്ടി വില അടുത്ത 12 മാസത്തിനുള്ളില്‍ 5 മുതല്‍ 10 ശതമാനം വരെ ഇനിയും വര്‍ധിക്കുമെന്നും ജനങ്ങള്‍ കരുതുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഐറിഷ് സര്‍ക്കാര്‍ ഭവന പ്രതിസന്ധിയില്‍ നോക്കുകുത്തിയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഭവന പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇയാന്‍ മോര്‍ഫി പരാജയമാണെന്ന് പ്രതിപക്ഷ കക്ഷികളായ സിന്‍ ഫെയിനും ലേബര്‍ പാര്‍ട്ടിയും ആരോപിക്കുന്നു. സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളും മറ്റു ഭവന പദ്ധതികളും പ്രഖ്യാപിക്കപ്പെടുമ്പോഴും ഫലത്തില്‍ താഴെത്തട്ടിലേക്കു ഇതൊന്നും തന്നെ ഇറങ്ങിച്ചെല്ലുന്നില്ലെന്ന ആരോപണം ശക്തമാണ്. അര്‍ഹിക്കുന്നവര്‍ ഇപ്പോഴും പെരുവഴിയിലാണെന്നും, ഇവരുടെ എണ്ണം കൂടിവരികയാണെന്നുമാണ് ഇവരുടെ വാദം.

2018-ല്‍ നിരവധി ആക്ഷന്‍ പ്ലാനുകള്‍ ഭവനരഹിതര്‍ക്കായി ഒരുക്കിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്നു ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ശരിവയ്ക്കുന്നു. കണക്കുകള്‍ 10,000 ത്തിലേക്ക് അടുക്കാന്‍ അധികം താമസം വരില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും വ്യക്തമാകുന്നു. ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് ഡബ്ലിന്‍ മേഖലയിലുള്ളവരാണ്. കൂടുതല്‍ സോഷ്യല്‍ ഹൗസിംഗ് ഭവന യൂണീറ്റുകളാണ് ഇവിടെ ആവശ്യമായുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ സോഷ്യല്‍ ഹൗസിംഗ് വീടുകള്‍ നിര്‍മ്മിച്ചിരുന്നില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കി.

ഫോക്കസ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പ്രകാരം തലസ്ഥാന നഗരിയായ ഡബ്ലിനില്‍ കഴിഞ്ഞ മാസം ഓരോ ദിവസവും നാല് കുടുംബങ്ങള്‍ വീതം ഭവനരഹിതരായതായാണ് കണക്കുകള്‍. വരും ദിവസങ്ങളില്‍ അയര്‍ലണ്ട് കൊടും ശൈത്യത്തിലൂടെ കടന്നുപോകേണ്ടിയിരിക്കെ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈകിയാല്‍ വന്‍ ദുരന്തത്തിന് വഴിവെക്കുമെന്ന അഭിപ്രായമാണ് എല്ലാ കോണില്‍ നിന്നുമുയരുന്നത്.
എമര്‍ജന്‍സി അക്കോമഡേഷനുകളില്‍ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ഗവണ്മെന്റ് അടിയന്തിര ചുവട് വെയ്പ്പുകള്‍ നടത്തിയേ മതിയാകു എന്നാണ് ജനങ്ങളുടെ ആവശ്യം. കൃത്യമായ ഫണ്ട് വിനിയോഗത്തിലൂടെ മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ആക്ഷന്‍ പ്ലാനുകള്‍ നടപ്പാക്കപ്പെട്ടാല്‍ ഈ ശൈത്യകാലത്ത് ഭവനരഹിതരായവരെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനാകും. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ കനത്ത ശൈത്യത്തിന്റെ കടന്നുവരവില്‍ ഭവന രഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തെരുവില്‍ അഭയം പ്രാപിച്ചവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സമയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിനേക്കാള്‍ കൂടുതല്‍ സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ക്ക് താങ്ങായത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: