മോട്ടോര്‍ റിക്ഷകള്‍ക്ക് ഐറിഷ് നഗരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം

ഡബ്ലിന്‍: മോട്ടോര്‍ റിക്ഷകള്‍ക്ക് ഐറിഷ് നഗരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമത്തിന് ക്യാബിനെറ്റിന്റെ അംഗീകാരം.നിലവിലെ നിയമം അനുസരിച്ച് ഇവ ഗതാഗത നിയമത്തിന്റെ പരിധിയില്‍ പെട്ടിരുന്നില്ല. 2013 -ലെ ടാക്‌സി റെഗുലേഷന്‍ ആക്ട് ഭേദഗതി ചെയ്തുകൊണ്ട് പുതിയ റിക്ഷ നിയമം പാസ്സാക്കുകയായിരുന്നു.

എന്നാല്‍ മോട്ടോര്‍ രഹിത റിക്ഷകള്‍ക്ക് വിലക്ക് ബാധകമാകില്ല. ദേശീയ ഗതാഗത വകുപ്പിന്റെ കീഴില്‍ മോട്ടോര്‍ രഹിത റിക്ഷകള്‍ക്ക് റെജിസ്‌ട്രേഷന്‍ നടത്തി ഓട്ടം തുടരാം. മോട്ടോര്‍ റിക്ഷകള്‍ പലപ്പോഴും അതിവേഗതയില്‍ കുതിച്ചു പായുന്നത് യാത്രക്കാരുടെ സുരക്ഷ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

പുതിയ റിക്ഷ നിയമം മോട്ടോര്‍ രഹിത റിക്ഷകള്‍ അനുവദിക്കാനും, നിയന്ത്രിക്കാനും ഗതാഗത വകുപ്പിന് അധികാരം നല്‍കുന്നു. ഇവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടക്കിടെ എന്‍ .ടി. എ പരിശോധന നടത്തും. ഡബ്ലിന്‍ നഗരത്തില്‍ ഉള്‍പ്പെടെ അയര്‍ലണ്ടിലെ പ്രധാന നഗര വീഥികളില്‍ റിക്ഷകള്‍ ഒരു വേറിട്ട കാഴ്ച തന്നെയാണ്. അയര്‍ലണ്ടിലെത്തുന്ന നല്ലൊരു ശതമാനം വിനോദസഞ്ചാരികളും ഇവിടുത്തെ റിക്ഷ യാത്രകള്‍ ഇഷ്ടപെടുന്നവരുമാണ്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മോട്ടോര്‍ രഹിത റിക്ഷകള്‍ക്ക് നഗരത്തില്‍ അനുമതി ഉണ്ടാകുമെന്നു മന്ത്രി ഷെയിന്‍ റോസ് വ്യക്തമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: