റിസര്‍വ്വ് ബാങ്ക് വിവാദം: ഊര്‍ജിത് പട്ടേല്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനൊരുങ്ങുന്നു. നവംബര്‍ 19ന് നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് പട്ടേലുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തികകാര്യ പ്രസിദ്ധീകരണമായ മണികണ്‍ട്രോളാണ് ഈ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. നവംബര്‍ 19ന് നടക്കുന്ന ബോര്‍ഡ് മീറ്റിങ്ങിനു ശേഷം ഊര്‍ജിത് പട്ടേല്‍ രാജി വെക്കുമെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും രാജിയെന്നും അറിയുന്നു.

കേന്ദ്ര സര്‍ക്കാരുമായി നയപരമായ വിഷയങ്ങളില്‍ കടുത്ത വിയോജിപ്പുകള്‍ രൂപപ്പെടുകയും അത് പൊതുജനമധ്യത്തിലേക്ക് ഇറങ്ങിവരികയും ചെയ്ത സാഹചര്യത്തിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍, ഇത്തരമൊന്ന് സംഭവിക്കാനിടയില്ലെന്നും മണികണ്‍ട്രോള്‍ ഒരു സോഴ്‌സിനെ ഉദ്ധരിച്ച് പറയുന്നുണ്ട്. ഇത്തരമൊരു നിര്‍ണായക തീരുമാനമെടുക്കാന്‍ ഇനി സാധ്യതയില്ലെന്നാണ് ആര്‍ബിഐയില്‍ നിന്നുള്ള മണികണ്‍ട്രോളിന്റെ സോഴ്‌സ് സൂചിപ്പിക്കുന്നത്. പത്തൊമ്പതാം തിയ്യതിയിലേക്ക് അധിക ദിവസങ്ങളില്ല എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ സംഭവം പൊതുജനമധ്യത്തില്‍ ബോര്‍ഡ് യോഗത്തില്‍ ഇത് എന്തായാലും സംഭവിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു.

സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഊര്‍ജിത് പട്ടേല്‍ ഏറെ തളര്‍ന്നു കഴിഞ്ഞെന്നും ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നതായും നേരത്തെ വന്ന ചില റിപ്പോര്‍ട്ടുകള്‍ ഊര്‍ജിതുമായി ബന്ധമുള്ളവരുടെ വാക്കുകളെ ആധാരമാക്കി സൂചിപ്പിച്ചിരുന്നു.

കേന്ദ്രബാങ്കിന്റെ മൊത്തം റിസര്‍വ്വിന്റെ മൂന്നിലൊന്ന് ഭാഗം തങ്ങള്‍ക്ക് കൈമാറണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. നോട്ടുനിരോധനത്തിനു ശേഷം സാമ്പത്തിക മാന്ദ്യത്തില്‍ കുടുങ്ങിയിട്ടുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തിനോട് മോദിയുടെ സ്വന്തം ആള്‍ എന്ന ആരോപണം നേരിട്ടിരുന്ന ഊര്‍ജിത് പട്ടേല്‍ തയ്യാറാകുകയുണ്ടായില്ല. ആര്‍ബിഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ വാദങ്ങളുമായി പരസ്യമായി രംഗത്തെത്തി. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ, കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പരസ്യമായി പ്രസ്താവിച്ചു. ധനകമ്മി കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുള്ള കേന്ദ്രത്തിന്റെ നീക്കം ആര്‍ബിഐയെ തകര്‍ക്കുമെന്നാണ് ആര്‍ബിഐ പറയുന്നത്. എന്നാല്‍ പിന്നാക്കം പോകാന്‍ കേന്ദ്രം തയ്യാറല്ല. ആര്‍ബിഐക്ക് ഉത്തരവുകള്‍ നല്‍കാനുള്ള, ഇതുവരെ പ്രയോഗിച്ചിട്ടില്ലത്താ നിയമം കേന്ദ്രം പ്രയോഗിക്കുമെന്ന നിലയാണ് നിലനില്‍ക്കുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ധനകാര്യമന്ത്രാലയം ശ്രമിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: