നോട്ടുനിരോധനം ലക്ഷ്യം കാണില്ലെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു; മോദിയുടെ പ്രഖ്യാപനത്തിന് 4 മണിക്കൂര്‍ മുമ്പ്

2016 നവംബര്‍ എട്ടാംതിയ്യതി രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധന പ്രഖ്യാപനം നടത്തുന്നതിനു നാല് മണിക്കൂര്‍ മുമ്പ് ചേര്‍ന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് നിര്‍ണായകമായ ചില താക്കീതുകള്‍ നല്‍കിയിരുന്നതായി വിവരം. നോട്ടുനിരോധനം വഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെച്ച കള്ളപ്പണം ഇല്ലാതാക്കല്‍, വ്യാജനോട്ടുകള്‍ ഇല്ലാതാക്കല്‍ തുടങ്ങിയവ നടക്കില്ലെന്ന് ആര്‍ബിഐ യോഗം വിലയിരുത്തി. യോഗത്തിലെ ഈ അഭിപ്രായങ്ങള്‍ മിനിറ്റ്‌സില്‍ ചേര്‍ത്തിട്ടുമുണ്ട്. അതെസമയം ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നത് അടക്കമുള്ള പ്രതീക്ഷകളില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അടക്കമുള്ളവര്‍ നോട്ടുനിരോധനത്തെ പിന്തുണയ്ക്കുകയായിരുന്നു.

ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ 561മത് യോഗത്തിന്റെ മിനിറ്റ്‌സിലാണ് നോട്ടുനിരോധനം പ്രധാനമന്ത്രിയും ധനകാര്യമന്ത്രാലയവും കരുതുന്നതു പോലെയുള്ള ഫലമുണ്ടാക്കില്ലെന്ന അഭിപ്രായം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ന്യൂ ഡല്‍ഹിയില്‍ നവംബര്‍ എട്ടാംതിയ്യതി വൈകീട്ട് 5.30നാണ് ധൃതിപിടിച്ച് സെന്‍ട്രല്‍ ബോര്‍ഡ് യോഗം നടന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തെയും നോട്ടുനിരോധനം മോശമായി ബാധിക്കുമെന്ന് ഈ യോഗം വിലയിരുത്തുകയുണ്ടായി.

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഈ മിനുട്‌സില്‍ ഒപ്പുവെച്ചിട്ടുണ്ട്. ആറ് എതിര്‍ നിലപാടുകളാണ് നോട്ടുനിരോധനത്തെ സംബന്ധിച്ച് യോഗത്തില്‍ ഉയര്‍ന്നു വന്നത്. ഇവയെയെല്ലാം ‘ഗൗരവമേറിയ നിരീക്ഷണം’ എന്നാണ് മിനുട്‌സില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ധനകാര്യമന്ത്രാലയത്തില്‍ നിന്നും നോട്ടുനിരോധന പരിപാടിയുടെം കരട് നിര്‍ദ്ദേശം റിസര്‍വ്വ് ബാങ്കിന് ലഭിക്കുന്നത് നവംബര്‍ ഏഴാംതിയ്യതിയാണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ പറയുന്നകാരണങ്ങള്‍ അബദ്ധമാണെന്ന് ആര്‍ബിഐ ഡയറക്ടര്‍മാര്‍ യോഗത്തില്‍ സൂചിപ്പിച്ചു.

കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടുനിരോധനം സഹായിക്കുമെന്ന ധനകാര്യമന്ത്രാലയത്തിന്റെ വാദത്തെ യോഗത്തില്‍ ഡയറക്ടര്‍മാര്‍ തള്ളി. കള്ളപ്പണത്തിന്റെ ഭൂരിഭാഗവും പണത്തിന്റെ രൂപത്തിലല്ല എന്നതാണ് ഈ വാദത്തിന്റെ യുക്തി. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികളിന്മേലാണ് കള്ളപ്പണം നിക്ഷേപമായി കിടക്കുന്നത്. ഇവയെ നോട്ട് നിരോധിച്ചതു കൊണ്ട് ഇല്ലാതാക്കാനാകില്ല.

വ്യാജ കറന്‍സികള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിന് ഇത്രയും വലിയ വ്യായാമം എന്തിനാണെന്ന പ്രശ്‌നവും ആര്‍ബിഐ ഉന്നയിച്ചു. 400 കോടിയുടെ വ്യാജ നോട്ടുകളെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് ധനകാര്യമന്ത്രാലയം ആര്‍ബിഐയെ അറിയിച്ചത്. ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ ചിന്തിക്കുമ്പോള്‍ 400 കോടി രൂപ ചെറിയൊരു തുക മാത്രമാണെന്ന് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗം പറഞ്ഞു. മെഡിക്കല്‍ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും നോട്ടു നിരോധനം തിരിച്ചടിയാകുമെന്നും ആര്‍ബിഐ യോഗം പ്രത്യേകമായി മിനുട്‌സില്‍ പ്രസ്താവിച്ചിരുന്നു. ടൂറിസ്റ്റുകളുടെ വരവിനെ ഇത് ദോഷകരമായി ബാധിക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: