മലയാളികള്‍ക്ക് അഭിമാനിക്കാം; ഹൂസ്റ്റണില്‍ കെ.പി.ജോര്‍ജിനും ജൂലി മാത്യുവിനും അട്ടിമറി വിജയം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മലയാളി സമൂഹത്തിന് അഭിമാനം പകര്‍ന്നു കൊണ്ട് ഹൂസ്റ്റണില്‍ രണ്ട് മലയാളി സ്ഥാനാര്‍ഥികള്‍ക്ക് അട്ടിമറി വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച കെ.പി.ജോര്‍ജും, ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ജൂലി മാത്യുവുമാണ് മലയാളികള്‍ക്കു മാത്രമല്ല ഇന്ത്യന്‍ സമൂഹത്തിന് അഭിമാനം പകര്‍ന്നു കൊണ്ട് വിജയിച്ചത്. പോള്‍ ചെയ്ത 233,307 വോട്ടുകളില്‍ 51.37 ശതമമാനം വോട്ടുകള്‍ (119,848) നേടിയാണ് ജോര്‍ജ് ജയിച്ചത്. പോള്‍ ചെയ്ത 249,045 വോട്ടില്‍ 53.29 ശതമാനം വോട്ടുകള്‍ (132,715) നേടിയാണ് ജൂലി വിജയക്കൊടി പാറിച്ചത്.

ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടിയുടെ മുഖ്യഭരണ ചുമതല നിര്‍വഹിക്കുന്ന കൗണ്ടി ജഡ്ജി പദവിയിലക്കാണ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൗണ്ടിയിലെ ഭരണപരമായ കാര്യങ്ങളിലെല്ലാം തീര്‍പ്പു കല്‍പിക്കുന്ന ഓഫീസാണിത്. 15 വര്‍ഷമായി നിലവിലുള്ള ജഡ്ജിയും റിപ്പബ്ലിക്കനുമായ റോബര്‍ട്ട് ഹെര്‍ബര്‍ട്ടിനെയാണ് പൊതുതെരഞ്ഞെടുപ്പില്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. അതേസമയം, കൗണ്ടിയിലെ കോടതി വ്യവഹാര നിര്‍വഹണം നടത്തുന്ന ആറു ജഡ്ജിമാരിലൊരാളായാണ് ജൂലി മാത്യു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രിഷ കെനക്കിനെയെയാണ് ജൂലി തോല്‍പിച്ചത്.

മലയാളികളും ഇന്ത്യന്‍ സമൂഹവും തിങ്ങിപ്പാര്‍ക്കുന്ന ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി മേഖലയില്‍ മലയാളി സ്ഥാനാര്‍ഥികള്‍ക്ക് അഭിമാനകരമായ വിജയം നേടാനായത് ഇന്ത്യന്‍ സമൂഹത്തിനും മലയാളികള്‍ക്കും വലിയ നേട്ടം തന്നെയാണ്. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു സജീവമാകാനും വോട്ടു ചെയ്യാനും ഇന്ത്യന്‍ സമൂഹം തയാറായതിന് ഫലമുണ്ടായിരിക്കുന്നു. കൗണ്ടയിലെ വോട്ടര്‍മാര്‍ നല്‍കിയ പിന്തുണയ്ക്ക് ജോര്‍ജും ജൂലിയും അകമഴിഞ്ഞ നന്ദി അറിയിച്ചു. വോട്ടര്‍മാരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുവാന്‍ പരമാവധി പരിശ്രമിക്കുമെന്നും ഇരുവരും പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: