അയര്‍ലണ്ടില്‍ ജനിക്കുന്ന വിദേശ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്ക് ഐറിഷ് പൗരത്വത്തിന് അവകാശമുണ്ടോ ?

ഡബ്ലിന്‍: വിദേശ രക്ഷിതാക്കള്‍ക്ക് അയര്‍ലണ്ടില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ അവര്‍ ഐറിഷ് പൗരന്മാരായി കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. അടുത്തിടെ സണ്‍ഡേ ടൈമ്‌സ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പത്തില്‍ ഏഴുപേര്‍ വീതം 2004 ലെ ഐറിഷ് പൗരത്വ നിയമത്തെപ്പറ്റി അറിവുള്ളവരല്ല എന്ന് ചൂണ്ടിക്കാട്ടുന്നു. 2004 ല്‍ നടന്ന ഹിതപരിശോധനയെ തുടര്‍ന്ന് വിദേശ രക്ഷിതാക്കള്‍ക്ക് അയര്‍ലണ്ടില്‍ ജനിച്ച കുട്ടിക്ക് സ്വമേധയാ ഐറിഷ് പൗരത്വം ലഭിക്കില്ലെന്നും അതിന് രക്ഷിതാക്കളില്‍ ഒരാള്‍ ഐറിഷ് പൗരനായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. അന്ന് നടന്ന ഹിതപരിശോധനയില്‍ 79 ശതമാനം പിന്തുണയോടെയാണ് ഈ നിയമം നടപ്പില്‍ വരുത്തിയത്. എന്നാല്‍ ഈ നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

സണ്‍ഡേ ടൈമ്‌സ് അഭിപ്രായ സര്‍വേയില്‍ 71 ശതമാനം പേര്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി അയര്‍ലണ്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വമേധയാ ഐറിഷ് പൗരനാകാനുള്ള അവസരം നല്‍കണമെന്ന് അഭിപ്രായപ്പെടുന്നു. 19 ശതമാനം പേര്‍ 2004 ലെ നിയമത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും 10 ശതമാനം പേര്‍ക്ക് ഇതിനെപ്പറ്റി അറിയില്ലെന്നും അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

അയര്‍ലണ്ടില്‍ ജനിച്ച ഒമ്പതുവയസ്സുകാരനായ ചൈനീസ് ബാലന്റെ നാടുകടത്തലുമായി ബന്ധപ്പെട്ടാണ് ഈ നിയമം അയര്‍ലണ്ടില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. വിക്കലോയില്‍ നിന്നുള്ള എറിക് ജി യാങ് ക്യു ജനിച്ചതും വളര്‍ന്നതും അയര്‍ലണ്ടിലാണ്. ഈ ബാലന്റെ ഐറിഷ് പൗരത്വവുമായി ബന്ധപ്പെട്ട് മാതാവ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇത് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. അതേസമയം വിദേശ രക്ഷിതാക്കള്‍ക്ക് അയര്‍ലണ്ടില്‍ ജനിച്ച കുട്ടികളുടെ പൗരത്വം സംബന്ധിച്ച നിയമത്തില്‍ യാതൊരു മാറ്റത്തിനും ഉദ്ദേശിക്കുന്നില്ലെന്ന് നീതിന്യായ വകുപ്പ് മന്ത്രി ചാര്‍ളി ഫ്‌ളാനഗന്‍ വ്യക്തമാക്കി.

ലോകത്തുള്ള മിക്ക രാജ്യങ്ങളും അതാത് രാജ്യങ്ങളില്‍ വിദേശ രക്ഷിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വമേധയായുള്ള പൗരത്വത്തിന് അവകാശമുണ്ടെങ്കിലും അയര്‍ലണ്ടില്‍ ഇതിന് സാധ്യമല്ല. ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശരാജ്യത്തു ജനിച്ച മാതാപിതാക്കളുടെ മക്കള്‍ ഐറിഷ് പൗരത്വത്തിനായി അപേക്ഷകള്‍ നല്‍കുക തന്നെ വേണം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: