ബ്രെക്‌സിറ്റ് അവസാന ഘട്ടത്തിലേക്ക്; വിഷമവൃത്തത്തില്‍ തെരേസ മേയ്

യൂറോപ്യന്‍ യൂണിയനില്‍നിന്നു പിരിഞ്ഞുപോകുന്നതിനെ പിന്തുണച്ച് ബ്രിട്ടീഷ് ജനത വോട്ടുചെയ്ത് രണ്ടുവര്‍ഷവും നാലുമാസവും 20 ദിവസവും തികഞ്ഞപ്പോഴാണ് ഇതിനുള്ള കരടുകരാര്‍ പ്രധാനമന്ത്രി തെരേസ മേയ് മന്ത്രിസഭയ്ക്കു മുന്നില്‍വെച്ചത്. അതിനു തൊട്ടടുത്ത ദിവസം, നവംബര്‍ 15-ന്, ബ്രെക്സിറ്റ് നടത്തിപ്പിനു നിയുക്തനായ മന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു. പിന്നാലെ അഞ്ചു മന്ത്രിമാരും. അഞ്ചുമണിക്കൂര്‍ നീണ്ട മന്ത്രിസഭായോഗത്തില്‍, മേയ് യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ ബ്രെക്സിറ്റ് കരാറില്‍ എതിര്‍പ്പുയര്‍ത്തിയ മന്ത്രിമാര്‍ ഇനിയുമുണ്ട്. ഡിസംബര്‍ പകുതിയോടെ ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിങ്ങിനെത്തുമ്പോള്‍ മേയ്ക്കൊപ്പം എത്ര മന്ത്രിമാര്‍ കാണും? അന്നത്തെ ചര്‍ച്ചകള്‍ക്ക് നടുനായകത്വം വഹിക്കാന്‍ പ്രധാനമന്ത്രിപദത്തില്‍ മേയ് തന്നെ കാണുമോ? ബ്രെക്സിറ്റിന് തീരുമാനിച്ച അന്നുമുതല്‍ അക്കാര്യത്തില്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം തുടരുകയാണ്.

ബ്രിട്ടനിലെ രാഷ്ട്രീയസാഹചര്യമൊന്നും യൂറോപ്യന്‍ യൂണിയനെ ബാധിച്ചിട്ടില്ല. 27 അംഗരാജ്യങ്ങളുടെ അടിയന്തരയോഗം ഈ മാസം 25-ന് വിളിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍; കരട് ബ്രെക്സിറ്റ് കരാറിന് അവയുടെ അനുമതി തേടാന്‍. യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധി മിഷേല്‍ ബാര്‍ണിയറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെ ഉണ്ടാക്കിയ കരാറാണെങ്കിലും യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അന്തിമാനുമതിയുണ്ടെങ്കിലേ അതു സാധുവാകൂ. ഇപ്പോഴത്തെ കരാറനുസരിച്ച്, 40 വര്‍ഷത്തിലേറെ നീണ്ട ബന്ധം പിരിയുമ്പോള്‍ നഷ്ടമേറെയും ബ്രിട്ടനാണ്. വടക്കന്‍ അയര്‍ലന്‍ഡിനെ സംബന്ധിക്കുന്ന ചട്ടങ്ങളുള്‍പ്പെടെ 585 പുറമുള്ളതാണ് കരടുകരാര്‍. ബ്രെക്സിറ്റ് നടപ്പായശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാവും എന്നതു സംബന്ധിച്ച രാഷ്ട്രീയപ്രഖ്യാപനമുള്‍ക്കൊള്ളുന്ന ഏഴു പുറമുള്ള അനുബന്ധരേഖയുമുണ്ട്.

യൂറോപ്യന്‍ യൂണിയനോടുള്ള ബ്രിട്ടന്റെ സാമ്പത്തികബാധ്യത, ബ്രെക്സിറ്റിനുശേഷം ഇരുപ്രദേശത്തുമുള്ള രണ്ടുകൂട്ടരുടെയും പൗരരുടെ അവകാശങ്ങള്‍, ഉത്തര അയര്‍ലന്‍ഡിനും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനുമിടയിലുള്ള അതിര്‍ത്തി ഭാവിയില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അതിര്‍ത്തിയാവുമ്പോള്‍ എടുക്കേണ്ട കരുതലുകള്‍ എന്നിവയെക്കുറിച്ചാണ് കരാറില്‍ മുഖ്യമായും പറയുന്നത്. തെരേസ മേയ് മുന്നോട്ടുവെച്ച നിബന്ധനകള്‍ അതേപോലെ നിവൃത്തിയാക്കുന്നതല്ല കരാറെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 4000 കോടി പൗണ്ട് യൂറോപ്യന്‍ യൂണിയന് കൊടുത്തുതീര്‍ത്താലേ വിടുതല്‍ സാധ്യമാകൂ. ഇത്ര വലിയ ബാധ്യതയേല്‍ക്കാന്‍ പ്രയാസമുണ്ടെന്ന ബ്രിട്ടന്റെ വാദത്തിന് അംഗീകാരം ലഭിച്ചില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരര്‍ക്ക് ബ്രിട്ടനില്‍ സ്വതന്ത്രസഞ്ചാരം അനുവദിക്കില്ലെന്നാണ് മേയുടെ നിലപാട്. അതിനു സമ്മതമറിയിച്ച യൂറോപ്യന്‍ യൂണിയന്‍, തങ്ങളുടെ പൗരര്‍ക്ക് പ്രത്യേകപദവി എന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ്.

ഇക്കാര്യത്തിലൊക്കെ നേരത്തേ ധാരണയായെങ്കിലും വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകളാണ് കരാര്‍ വൈകിച്ചത്. ഐറിഷ് അതിര്‍ത്തി ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും അതിര്‍ത്തിയാവുമ്പോള്‍ അവിടത്തെയും ഐറിഷ് കടലിലെയും കസ്റ്റംസ് പരിശോധന ഒഴിവാക്കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം. യൂറോപ്യന്‍ യൂണിയനെന്ന ഏക വിപണിയില്‍നിന്നും കസ്റ്റംസ് യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോയാല്‍ സംഭവിക്കുന്ന സാഹചര്യമാണിത്. വടക്കന്‍ അയര്‍ലന്‍ഡിന്റെ രക്തരൂഷിതമായ ഭൂതകാലം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിര്‍ദേശം മേയ് മുന്നോട്ടുവെച്ചത്. എന്നാല്‍, ബ്രെക്സിറ്റ് പൂര്‍ണമായി നടപ്പാവുന്ന 2020 ഡിസംബര്‍വരെ ബ്രിട്ടന്‍ കസ്റ്റംസ് യൂണിയനില്‍ നില്‍ക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ വെച്ച നിര്‍ദേശം. ബദല്‍മാര്‍ഗം കണ്ടെത്തുവോളമാണ് ഈ നടപടി.
ഇത് മേയ് അംഗീകരിച്ച മട്ടാണ്. ബ്രെക്സിറ്റ് അനുകൂലികള്‍ക്ക് ഇതു ദഹിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ചിലതാകട്ടെ, ഏകവിപണിയുടെ ബാധ്യതകളായ നികുതി നല്‍കലും മറ്റും പാലിക്കാതെ അതിന്റെ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ ബ്രിട്ടനെ അനുവദിക്കാന്‍ തയ്യാറല്ല. ഈ വിഷയത്തെച്ചൊല്ലിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കലാപം നടക്കുന്നത്.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അംഗീകരിച്ച ബ്രക്സിറ്റ് കരാറില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനുമിടെ അതിര്‍ത്തി പരിശോധനയില്ലെന്ന വ്യവസ്ഥ വന്നതോടെ, യുകെയിലേക്ക് ഭാവിയിലും നിര്‍ബാധം ആര്‍ക്കും പ്രവേശിക്കാനാകും. ബ്രക്സിറ്റിനുശേഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് മറ്റു വിദേശപൗരന്മാരെപ്പോലെ പരിശോധനകള്‍ക്ക് വിധേയരാകേണ്ടിവരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അയര്‍ലന്‍ഡ് വഴി വരികയാണെങ്കില്‍ പാസ്പോര്‍ട്ട് പരിശോധനപോലും കൂടാതെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ആര്‍ക്കുമാകുമെന്നതാകും സ്ഥിതി. ഐറിഷ് അതിര്‍ത്തിയില്‍ വിമാനത്താവളങ്ങളിലോ ഫെറികളിലോ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് പരിശോധനയ്ക്ക് വിധേയരാകേണ്ടിവരില്ല. ബെല്‍ഫാസ്റ്റിലോ ഡബ്ലിനിലോ എത്തിയശേഷം അവിടെനിന്ന് വിമാനത്തിലോ ഫെറിയിലോ കയറി ബ്രിട്ടനിലേക്ക് വരുന്നതിന് തടസ്സം നേരിടുകയുമില്ല. ഫലത്തില്‍ ബ്രെക്സിറ്റ് എന്ന ആശയത്തെത്തന്നെ തകര്‍ക്കുന്നതാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള കുടിയേറ്റം ശക്തമായതോടെയാണ് ബ്രിട്ടീഷ് ജനത ബ്രക്സിറ്റ് എന്ന ആശയത്തിലേക്ക് നീങ്ങിയത്.

യൂറോപ്യന്‍ യൂണിയനിലെ അയര്‍ലന്‍ഡിന്റെ അംഗത്വം ബ്രിട്ടന്‍ മാനിക്കണമെന്നതാണ് യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ ഒപ്പുവെച്ച പിന്മാറ്റക്കരാറിലെ പ്രധാന വ്യവസ്ഥ. ഐറിഷ് ജനതയ്ക്ക് നിലവിലുള്ള സഞ്ചാരസ്വാതന്ത്ര്യം തുടര്‍ന്നും അനുവദിക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. 1922 മുതല്‍ക്ക് നിലവിലുള്ള യാത്രാമേഖലകള്‍ തുടരണമെന്നതാണ് വ്യവസ്ഥ. ഇതനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും ഐറിഷ് റിപ്പബ്ലിക്കിനുമിടയിലുള്ള അതിര്‍ത്തികളിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാതെ നിവൃത്തിയില്ല.

അയര്‍ലന്‍ഡിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കുമുള്ള സഞ്ചാരസ്വാതന്ത്ര്യം ദേശീയത പരിഗണിക്കാതെ അംഗീകരികണമെന്ന് കരാര്‍ നിര്‍ദേശിക്കുന്നു. അതിര്‍ത്തി സുരക്ഷ സംബന്ധിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും കനത്ത ജാഗ്രത പുലര്‍ത്തുമെന്ന് ഹോം ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബ്രിട്ടനില്‍ ജോലി ചെയ്യുന്ന അയര്‍ലന്‍ഡുകാരുടെയും അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരുടെയും കാര്യത്തില്‍ അതെങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. അക്കാര്യത്തിലാണ് പിന്മാറ്റക്കരാറില്‍ വ്യക്തമായ നിര്‍ദേശമുള്ളത്.

അയര്‍ലന്‍ഡുകള്‍ക്കിടയില്‍ അതിര്‍ത്തി പരിശോധനയില്ലെന്നത് ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതുന്നവരുമുണ്ട്. ഐറിഷ് ഏകീകരണത്തിനുവേണ്ടി വാദിക്കുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാകും ഈ തീരുമാനമെന്നാണ് ഡിയുപി എംപി സമി വില്‍സണെപ്പോലുള്ളവരുടെ അഭിപ്രായം. ഐറിഷ് ഏകീകരണത്തിനുള്ള വാദം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ശക്തമാകുകയും ബ്രിട്ടനില്‍നിന്ന് വിട്ടുപോകുന്ന നിലയിലേക്ക് ഈ ചര്‍ച്ച വളരുകയും ചെയ്തേക്കാമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്.

ബ്രെക്സിറ്റ് മന്ത്രി ഡൊമിനിക് റാബ് തന്റെ രാജിക്കത്തില്‍ ആരോപിച്ചത് ഈ വിട്ടുവീഴ്ച ബ്രിട്ടനെ എക്കാലവും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് സംഹിതകളില്‍ കുരുക്കിയിടും എന്നാണ്. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യവുമായി ബ്രിട്ടന് വാണിജ്യക്കരാറുണ്ടാക്കാനാവില്ല. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് അതോടെ ഇല്ലാതാവുന്നത്. അതുകൊണ്ടുതന്നെ കസ്റ്റംസ് യൂണിയന്‍ വിടാന്‍ സമയപരിധി നിശ്ചയിക്കുകയോ ബ്രിട്ടന് ഏകപക്ഷീയമായി വിട്ടുപോകാനുള്ള സാധ്യത തേടുകയോ വേണമെന്നാണ് അവരുടെ ആവശ്യം.

ബ്രെക്സിറ്റ് അനുകൂലികളുടെ കണ്ണില്‍ മേയ് ചര്‍ച്ചയില്‍ തോറ്റിരിക്കുകയാണ്. അവര്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബ്രെക്സിറ്റ് പക്ഷപാതികളുടെ കൂട്ടായ്മയായ യൂറോപ്യന്‍ റിസേര്‍ച്ച് ഗ്രൂപ്പിന്റെ അധ്യക്ഷനും എം.പി.യുമായ ജേക്കബ് റീസ് മോഗിന്റെ അഭിപ്രായത്തില്‍ ബ്രിട്ടനെ ‘അടിമരാജ്യ’മാക്കുന്ന കരാറാണിത്. മേയ്ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് അദ്ദേഹം. ‘എന്റെ കരാര്‍ അംഗീകരിക്കൂ. അല്ലെങ്കില്‍ കരാറില്ലാതെ പിരിയാം. അതുമല്ലെങ്കില്‍ ബ്രെക്സിറ്റേ വേണ്ട’ എന്നതാണ് ഇപ്പോള്‍ മേയുടെ നിലപാട്. കരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ടാല്‍ പരാജയപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബ്രെക്സിറ്റ് അനുകൂലികളായ അമ്പതിലേറെ കണ്‍സര്‍വേറ്റീവ് എം.പി.മാരെങ്കിലും എതിര്‍ക്കുമെന്നാണ് കരുതുന്നത്.

ഒപ്പമുള്ളവര്‍ കൈവിടുമ്പോള്‍ പ്രതിപക്ഷം രക്ഷയ്ക്കെത്തിയേക്കുമെന്ന നേരിയ പ്രതീക്ഷയാണ് മേയ്ക്കുള്ളത്. കസ്റ്റംസ് യൂണിയന്‍ വിടാതെയുള്ള കരാറിനോട് ലേബര്‍ പാര്‍ട്ടിക്ക് താത്പര്യമുണ്ട് എന്നതുതന്നെ കാരണം. പക്ഷേ, അതിനു സാധ്യത കുറവാണ്. മേയ് പുറത്തായാല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറാന്‍ അവസരം ലഭിച്ചാല്‍ പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്‍ അതു കളഞ്ഞുകുളിക്കുമോ എന്നതാണ് ചോദ്യം.

അതേസമയം രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ബ്രിട്ടനില്‍ എതിരാളികള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി. താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ ബ്രെക്സിറ്റ് നടപടികള്‍ സങ്കീര്‍ണമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മാത്രം പിന്തുണ എതിരാളികള്‍ക്കില്ലെന്നും തേരേസ മേ ഉറപ്പിച്ചു പറഞ്ഞു. തെരേസ മേയുടെ രാജിക്ക് വേണ്ടി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മേയുടെ മറുപടി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടുതല്‍ എളുപ്പമാക്കുകയാണ് എതിര്‍ക്കുന്നരുടെ ലക്ഷ്യം എങ്കില്‍ അത് തന്റെ രാജികൊണ്ട് നടക്കില്ലെന്ന് മേ വ്യക്തമാക്കി. അങ്ങനെ ചിന്തിക്കുന്നവര്‍ ഒന്നു കൂടി ആലോചിക്കുന്നത് നല്ലതാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം മേയുടെ പ്രസ്താവന.

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: