ബ്രെക്‌സിറ്റ് കരാറിന് യൂറോപ്യന്‍ കൗണ്‍സില്‍ ഇന്ന് അംഗീകാരം നല്‍കിയേക്കും; ജനപിന്തുണ തേടി തെരേസാ മെയ്

ഏറെനാളുകളായി വിവാദച്ചുഴികളില്‍ അകപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചേക്കും. കരാര്‍ അംഗീകരിക്കണമെന്ന അഭ്യര്‍ത്ഥന അംഗരാജ്യങ്ങളോട് ഇയു കൗണ്‍സില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ടസ്‌ക് നടത്തി. അതോടെ ബ്രിട്ടീഷ് ജനതയ്ക്ക് ഒരുതുറന്ന കത്തുമായി പ്രധാനമന്ത്രി തെരേസ മെയും രംഗത്തെത്തി. എല്ലാ ഭിന്നതകളും മറന്ന്, ബ്രിട്ടീഷ് ജനത ഒറ്റക്കെട്ടായി ബ്രെക്‌സിറ്റ് കരാറിനെ അംഗീകരിക്കണമെന്ന് തെരേസ മെയ് ആവശ്യപ്പെടുന്നു.

ജിബ്രാള്‍ട്ടര്‍ ദ്വീപ് പരാമര്‍ശം സംബന്ധിച്ച വിഷയത്തില്‍, സ്‌പെയിനിന് ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നും ഉറപ്പ് ലഭിച്ചതിനെതുടര്‍ന്നാണ് ഒത്തുതീര്‍പ്പായത്. അല്ലാത്തപക്ഷം കൂടിക്കാഴ്ച ബഹിഷ്‌കരിക്കുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി ഭീഷണി മുഴക്കിയിരുന്നു. അയര്‍ലണ്ടും കരാറിനെ അനുകൂലിച്ചിട്ടുണ്ട്. ബ്രസല്‍സില്‍ ഞായറാഴ്ചത്തെ സമ്മേളനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, യൂറോപ്യന്‍ യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഭാവികാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തി. ടസ്‌കിന്റെ അഭ്യര്‍ഥനയോടെ മെയുമായി ഉണ്ടാക്കിയ കരാറിന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രത്യേകിച്ച് തടസ്സവാദങ്ങളൊന്നും ഉന്നയിക്കാതെ അംഗീകരിക്കുമെന്നാണ് ഏകദേശം ഉറപ്പായി.

അതിനിടെ മുന്‍ യുകെ വിദേശകാര്യ മന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ്‍ കരാറിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍, ബ്രിട്ടന്‍ യൂറോപ്പ് യൂണിയന്റെ ഒരു സാറ്റലൈറ്റ് ടൗണായി മാറുമെന്നും ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ചത്തെ സമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രെക്‌സിറ്റ് കരാര്‍ അംഗീകരിച്ചാല്‍, 2 ഭാഗങ്ങളിലായിട്ടാകും കരാര്‍ പ്രാവര്‍ത്തികമാക്കുക രാഷ്ട്രീയപരമായ കരാര്‍ പ്രഖ്യാപനമാകും ആദ്യത്തേത്. ഇതില്‍ ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനും ഇയുവുമായുള്ള ബന്ധം ആകും പ്രധാനമായും പ്രതിപാദിക്കുക. വ്യാപാര ബന്ധവും സുരക്ഷയുമെല്ലാം ഈ വിഭാഗത്തില്‍ വരും.

യൂറോപ്യന്‍ യൂണിയനുമായുള്ള വിടവാങ്ങല്‍ കരാറാണ് രണ്ടാമത്തേത്. യുകെയുടെ വേര്‍പിരിയലിന് നിയമവശങ്ങള്‍ എല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. യുകെയുടെ 39 ബില്യണ്‍ പൗണ്ടിന്റെ ഇയു പിന്മാറ്റ ബില്ല്, പൗരന്മാരും അവരുടെ അവകാശങ്ങളും, അയര്‍ലന്‍ഡിന്റെ ബോര്‍ഡര്‍ സംബന്ധിച്ച വിഷയം എന്നിവയെല്ലാം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ബ്രെക്‌സിറ്റ് കരാര്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് കൂടി അംഗീകരിക്കുകയാണെങ്കില്‍, തെരേസാ മെയ് പ്രഖ്യാപിച്ചതുപോലെ 2019 മാര്‍ച്ച് 29ന് തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വേര്‍പിരിയല്‍ സാധ്യമാകും. തെരേസ മെയിനാണെങ്കില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുന്നെ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വെല്ലുവിളികളെയെല്ലാം കരാറിന്റെ ബലത്തില്‍ നിഷ്‌ക്രിയമാക്കാനുള്ള അവസരവും ലഭിക്കും. അതോടെ 2016 ജൂണില്‍ ബ്രിട്ടീഷ് ജനത ജനഹിത പരിശോധനയിലൂടെ പ്രകടിപ്പിച്ച തീരുമാനമാകും നടപ്പിലാകുക. ബ്രെക്‌സിറ്റ് നടപടിയെ ആദ്യഘട്ടത്തില്‍ യുകെയിലെ ഏറ്റവും വലിയ കുടിയേറ്റ വിഭാഗമായ ഇന്‍ഡ്യന്‍ വംശജരില്‍ ഭൂരിഭാഗംപേരും അംഗീകരിച്ചിരുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനി നിന്നും വേര്‍പിരിഞ്ഞാല്‍, വിദഗ്ദ്ധ – അവിദഗ്ദ്ധ തൊഴിലാളികളുള്‍പ്പടെ എല്ലാ മേഖലകളിലും ഏറ്റവും കൂടുതല്‍ ആശ്രയിക്കേണ്ടി വരിക ഇന്‍ഡ്യയെ ആയിരിക്കും എന്നതായിരുന്നു അതിനുള്ള പ്രധാന കാരണം. ബോറിസ് ജോണ്‍സനൊപ്പം ബ്രെക്‌സിറ്റ് വിഭാഗത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്ന മുന്‍ തൊഴില്‍ മന്ത്രി കൂടിയായ ഇന്‍ഡ്യന്‍ വംശജ പ്രീതി പട്ടേലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ആദ്യകാലങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തിയിരുതാണ്.

എന്നാല്‍ പിന്നീട് ബ്രെക്‌സിറ്റിനെ എതിര്‍ത്ത തെരേസ മെയ് പ്രധാനമന്ത്രിയാകുകയും മെയ് മന്ത്രിസഭ തന്റെ ബ്രെക്‌സിറ്റ് കരാറിന്റെ പ്രശ്‌നത്തില്‍ പലതവണ ആടിയുലയുകയും രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തന്നെ നിലനില്‍ക്കുന്ന അവസ്ഥയിലുമെത്തിയപ്പോള്‍ മുമ്പ് അനുകൂലിച്ചിരുന്ന ഇന്‍ഡ്യന്‍ വംശജരില്‍ ഭൂരിഭാഗംപേരും ഇപ്പോഴും ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല.

അതുപോലെ, യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചാലും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മെയിന് അന്തിമ ബ്രെക്‌സിറ്റ് കരാര്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അത് മെയ് മന്ത്രിസഭയുടെകൂടി അവസാനം കുറിച്ചേക്കും. അങ്ങനെവന്നാല്‍ പിന്നെ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാരിന്റെ കാലംവരെ ബ്രെക്‌സിറ്റ് കരാര്‍ നടപ്പിലാക്കാന്‍ കാത്തിരിക്കേണ്ടിയും വന്നേക്കും. എന്തായാലും ബ്രിട്ടനെ സംബന്ധിച്ച് അതിനിര്‍ണ്ണായകമായ ചില രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ദിവസങ്ങളാണ് ഇനി കടന്നുവരിക. അയര്‍ലന്റിലെയും യുകെയിലെയും ഇന്‍ഡ്യക്കാരും ആകാംക്ഷയോടെ തന്നെ അന്തിമവിധിയറിയാന്‍ കാത്തിരിക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: