എച്ച്.പി.വി വാക്സിന്‍ ആണ്‍കുട്ടികള്‍ക്കും; അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

ഡബ്ലിന്‍: ദേശീയ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായ എച്ച്.പി.വി വാക്സിനേഷന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ക്കും നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ഐറിഷ് ഹെല്‍ത്ത് ഇമ്പ്രൂവ്മെന്റ് ആന്‍ഡ് ക്വളിറ്റി അതോറിറ്റി (Hiqa) ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്. 2010 -ല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്‍ബന്ധമാക്കിയ പദ്ധതിയിലൂടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗബാധ തടയുകയാണ് പ്രാധാനമായി ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ സെക്കന്ററി സ്‌കൂള്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കാണ് 4-വാലെന്റ് എച്ച്.പി.വി പ്രതിരോധ വാക്‌സിന്‍ നല്‍കിവരുന്നത്.

അയര്‍ലന്‍ഡില്‍ പ്രതിവര്‍ഷം 100 ലേറെ സ്ത്രീകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ മൂലം മരിക്കുന്ന സാഹചര്യത്തില്‍ 2010 മുതല്‍ 1,70,000 പെണ്‍കുട്ടികള്‍ക്ക് ഈ പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ജനനേന്ദ്രിയം, തൊണ്ട തുടങ്ങിയ ശരീരഭാഗങ്ങളില്‍ അര്‍ബുദ ബാധയുണ്ടാകാനും എച്ച്.പി.വി വൈറസിന് കഴിയും. ലൈംഗിക അവയവങ്ങളില്‍ അണുബാധ ഉണ്ടാക്കി മാറ്റ് രോഗങ്ങള്‍ വരുത്തിവെയ്ക്കുന്നതിനും എച്ച്.പി വൈറസ്സുകള്‍ക്ക് പങ്കുണ്ട്. എച്ച്.പി വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ ക്യാന്‍സറില്‍ നിന്നും മോചിപ്പിക്കപ്പെടാനുള്ള സാധ്യത 90 ശതമാനമാണെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളില്‍ 90 ശതമാനത്തിനും കാരണം ഈ വൈറസുകള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഹ്യുമന്‍ പാപ്പിലോമാ വൈറസ് ടെസ്റ്റ് പോസിറ്റിവായ രോഗികളില്‍ പിന്നീട് ക്യാന്‍സര്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളില്‍ മാത്രമല്ല ആണ്‍കുട്ടികളിലും വാക്സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ ഹിക്ക തീരുമാനിച്ചത്. ഹിക്കയുടെ ഈ നിര്‍ദ്ദേശത്തെ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പിന്തുണയ്ക്കുകയായിരുന്നു. ഇതിനായുള്ള ഫണ്ട് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഏകദേശം 11.7 മില്യണ്‍ യൂറോ അധികമായി വകയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ രാജ്യത്ത് പുരുഷന്മാരിലും ക്യാന്‍സര്‍ ബാധ തടയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: