പാരീസിലെ മഞ്ഞക്കോട്ട് പ്രക്ഷോഭം: ഈഫല്‍ ടവറും ലൂവ്റെ മ്യൂസിയവും അടച്ചിടുമെന്ന് ഫ്രാന്‍സ്

പാരീസില്‍ ഇന്ധന നികുതിയടക്കം, ഇമ്മാനുവല്‍ മക്രോണ്‍ ഗവണ്‍മെന്റിന്റെ നയമങ്ങളില്‍ പ്രതിഷേധിച്ചുള്ള പ്രതിഷേധവും കലാപവും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഈഫല്‍ ടവറും ലൂവ്റെ മ്യൂസിയവും മറ്റും അടച്ചിടാന്‍ ഫ്രഞ്ച് അധികൃതരുടെ തീരുമാനം. ശനിയാഴ്ച പുതിയ പ്രക്ഷോഭത്തിന് തുടക്കമിടാനാണ് മഞ്ഞക്കോട്ടുകാരുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ട്. വിവിധയിടങ്ങളിലായി 89,000 സുരക്ഷാസൈനികരെ നിയോഗിക്കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.

പാരീസിലെ ഗ്രാന്‍ഡ് പാലായ്സ്, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഓപ്പറ ഹൗസുകള്‍ തുടങ്ങിയവയെല്ലാം ശനിയാഴ്ച അടച്ചിടും. ഷാംപ്സ് എലിസസ് ആണ് പാരീസിലെ പ്രധാന പ്രക്ഷോഭ കേന്ദ്രം. ഇത്തരമൊരു കലുഷിത സാഹചര്യത്തില്‍ ഒരു പരീക്ഷണത്തിന് വയ്യെന്ന് സാംസ്‌കാരിക മന്ത്രി ഫ്രാങ്ക് റീസ്റ്റര്‍ ആര്‍ടിഎല്‍ റേഡിയോയോട് പറഞ്ഞു. നിരവധി പ്രമുഖ ഫുട്ബോള്‍ ലീഗ് മത്സരങ്ങളും മാറ്റി വച്ചു. 2019ലേയ്ക്ക് ഉദ്ദേശിച്ചിരുന്ന ഇന്ധന നികുതി വര്‍ദ്ധന ഒഴിവാക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ പാര്‍ലമെന്റില്‍ പറഞ്ഞു.

അതേസമയം മന്ത്രിമാര്‍ ഇന്ധന നികുതി പ്രശ്നത്തില്‍ ജനങ്ങളെ അനുനയിപ്പിക്കാനായി ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി പ്രസിഡന്റ് മക്രോണിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ കൊല്ലാനും നശിപ്പിക്കാനുമായാണ് പാരീസിലേയ്ക്ക് വരുന്നത് എന്നായിരുന്നു പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം പ്രക്ഷോഭത്തില്‍ സജീവമാണ്. ഇന്നലെ 200ലധികം ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തനം, ഇവിടേയ്ക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ തടഞ്ഞിരുന്നു. കാര്‍ഷികമേഖലയെ തകര്‍ക്കുന്നതാണ് മക്രോണിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ എന്നാരോപിച്ച് കര്‍ഷകരും പ്രതിഷേധവുമായി രംഗത്തുണ്ട്.

Share this news

Leave a Reply

%d bloggers like this: