ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ രേഖകള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതി

ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ രേഖകള്‍ സാധുത വിലയിരുത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും ലാമിനേറ്റ് ചെയ്യാന്‍ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. പോലീസ് സഹകരണ സൊസൈറ്റി അംഗങ്ങള്‍ക്ക് ലാമിനേറ്റ് ചെയ്തതും ബാര്‍കോഡുള്‍പ്പെടുത്തിയതുമായ കാര്‍ഡ് അനുവദനീയമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

നിയമാനുസൃതമുള്ള പുതിയ കാര്‍ഡ് വേണമെന്ന സഹകരണ സൊസൈറ്റി ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പാലിക്കാനാണ് ജസ്റ്റിസ് വി. ചിദംബരേഷും ജസ്റ്റിസ് ആര്‍. നാരായണ പിഷാരടിയുമുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം. ബാര്‍കോഡ് സ്‌കാന്‍ചെയ്ത് സാധുത ഉറപ്പാക്കാനുള്ള സംവിധാനവും സാങ്കേതിക വൈദഗ്ധ്യവുമുള്ള ഉദ്യോസ്ഥരില്ലാത്തതിനാല്‍ അത് പ്രയോജനപ്പെടില്ലെന്നും കോടതി പറയുന്നു.

ലാമിനേറ്റ് ചെയ്യുമ്പോള്‍ നനയില്ലെന്നും കേടാകില്ലെന്നതുമുള്‍പ്പെടെയുള്ള മെച്ചമുണ്ടാകാം. എന്നാല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ല. ലാമിനേഷന്‍ നിയമം അനുവദിക്കാത്തതിനാല്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് സര്‍ക്കാരും കോടതില്‍ നിലപാടെടുത്തു. ലാമിനേറ്റ് ചെയ്ത ആധാരമോ സാമ്പത്തിക പത്രങ്ങളോ രാജ്യത്ത് സ്വീകാര്യമല്ല. വിദേശ സര്‍വകലാശാലകളില്‍പ്പോലും ലാമിനേറ്റ് ചെയ്ത രേഖകള്‍ പൊതുവേ സ്വീകരിക്കുന്നില്ല. ലാമിനേറ്റ് ചെയ്യുമ്പോള്‍ പ്ലാസ്റ്റിക്ഫിലിം കാര്‍ഡുമായി ഒട്ടിച്ചേരും. അത് നീക്കാനാവില്ല. ലാമിനേഷന്‍ നീക്കാനുള്ള സംവിധാനം കണ്ടെത്തിയിട്ടുണ്ടെങ്കിലും ചെലവേറെയതാണെന്നും കോടതി വിലയിരുത്തി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: